ADVERTISEMENT

ആലപ്പുഴ ∙ യാത്രാവിവാദങ്ങൾക്കിടയിൽ ജില്ലാ പഞ്ചായത്തംഗങ്ങൾ രാജസ്ഥാനിലേക്കു പുറപ്പെട്ടു. ഉദ്യോഗസ്ഥർ ഉൾപ്പെടെ 17 പേരാണു രാജസ്ഥാൻ സന്ദർശിക്കുന്നത്. 7നു ട്രെയിനിൽ പുറപ്പെട്ട സംഘം 13നു വിമാനത്തിൽ തിരിച്ചെത്തുമെന്നാണു വിവരം. രാജസ്ഥാനിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധികാര വികേന്ദ്രീകരണത്തെപ്പറ്റി പഠിക്കാനാണ് ഇത്തവണ യാത്രയെന്ന് സംഘത്തിലെ ഒരംഗം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരും 2022 നവംബർ 25 മുതൽ കശ്മീരിലേക്കു പഠനയാത്ര നടത്തിയതു സർക്കാരിന്റെ അനുമതിയില്ലാതെയാണെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ പരിശോധനാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ട്രെയിനിൽ പോകാനാണ് ചട്ടപ്രകാരം അനുമതിയുള്ളത്. എന്നാൽ, അന്നു സംഘത്തിന്റെ യാത്ര വിമാനത്തിലായിരുന്നു. യാത്രയ്ക്കു സർക്കാരിന്റെ മുൻകൂർ അനുവാദം നേടണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ, യാത്ര കഴിഞ്ഞാണ് അനുമതിക്കു ശ്രമിച്ചത്. ഇക്കാര്യം ഓഡിറ്റ് വകുപ്പിന്റെ ചോദ്യത്തിനു മറുപടിയായി അധികൃതർ സമ്മതിച്ചിരുന്നു. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ മാതൃകാ പദ്ധതികൾ പഠിക്കാനാണ് അന്നു പോയത്.

അതേസമയം, ആവർത്തിച്ചുള്ള സന്ദർശനങ്ങളുടെ ഫലം ബജറ്റിലോ പദ്ധതികളിലോ പ്രതിഫലിക്കുന്നില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്. കശ്മീരിലും ലക്ഷദ്വീപിലും നടത്തിയ പഠനങ്ങൾ പ്രകാരമുള്ള പദ്ധതികളൊന്നും കഴിഞ്ഞ വർഷത്തെയും ഇക്കൊല്ലത്തെയും ബജറ്റുകളിൽ ഇല്ലെന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഏഴാം തീയതിയായിരുന്നു ഇത്തവണത്തെ ബജറ്റ് അവതരണം. തൊട്ടുപിന്നാലെ സംഘം പുറപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽ പഠനം നടത്തി പദ്ധതികൾ നടപ്പാക്കാനാണെങ്കിൽ ബജറ്റിനു മുൻപു പോകേണ്ടതല്ലേ എന്നും ബജറ്റിനു ശേഷം പഠിച്ചതുകൊണ്ട് എന്തു പ്രയോജനമെന്നും ചോദ്യം ഉയരുന്നു. ഓണത്തിനു മുൻപ് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സംഘം ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു. എന്നാൽ, അത് ഔദ്യോഗികമല്ല, വ്യക്തിപരമായ യാത്രയായിരുന്നു എന്നാണു വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com