ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോ: ഡ്രൈവർമാരില്ല, 7 ബസുകൾ മറ്റു ഡിപ്പോകളിലേക്ക്
Mail This Article
ചെങ്ങന്നൂർ ∙ ആവശ്യത്തിനു ഡ്രൈവർമാരില്ല, ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇതരഡിപ്പോകളിലേക്ക് കൊണ്ടുപോയത് 7 ബസുകൾ. യാത്രക്കാർ പെരുവഴിയാധാരം. ആർആർഇ 896, 505 നമ്പർ ബസുകൾ പൊൻകുന്നം ഡിപ്പോയിലേക്കും. ആർആർകെ 275 മല്ലപ്പള്ളിയിലേക്കും ആർആർകെ 839, ആർആർസി 569 എന്നിവ കുമളിയിലേക്കും ആർഎസി 481, 864 എന്നിവ കോതമംഗലം ഡിപ്പോയിലേക്കുമാണ് കൊണ്ടുപോയത്. ഡ്രൈവർമാരുടെ കുറവ് മൂലമാണ് ഈ നീക്കമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇത്തരത്തിൽ കുറെനാൾ മുൻപ് കൊല്ലത്തേക്കു കൊണ്ടുപോയ ആർപിഇ 54–ാം നമ്പർ സൂപ്പർഫാസ്റ്റ്, ഹരിപ്പാട് ഡിപ്പോയ്ക്കു നൽകിയ ആർഎസി 11 ഓർഡിനറി എന്നിവ ഇനിയും തിരികെയെത്തിയിട്ടില്ല.
43 സർവീസുകളുള്ള ചെങ്ങന്നൂർ ഡിപ്പോയിൽ 44 ബസുകളാണുള്ളത്. ഇതിനു പുറമെ മാവേലിക്കര റീജനൽ വർക്‌ഷോപ്പിൽ നിന്ന് 3 ബസുകൾ കൂടി അനുവദിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണു 7 ബസുകൾ നീക്കുന്നതെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഓർഡിനറി സർവീസുകൾ റദ്ദാക്കുന്നതു പതിവാണെന്നാണ് യാത്രക്കാരുടെ പക്ഷം. കൂടുതൽ ബസുകൾ അനുവദിക്കുകയും ഡ്രൈവർമാരെ നിയോഗിക്കുകയും ചെയ്തെങ്കിലേ കെഎസ്ആർടിസിയെ ആശ്രയിക്കുന്ന സാധാരണക്കാരായ യാത്രക്കാരുടെ യാത്രാദുരിതത്തിന് അറുതിയാകൂ.