ADVERTISEMENT

മാന്നാർ ∙ കാൽനൂറ്റാണ്ടിനു മുൻപ് അന്യം നിന്ന കരിമ്പുകൃഷിയുടെ മധുരം നുകർന്നു പരുമല പ്രദേശം. പമ്പാനദീതീരത്തുള്ള പരുമലയുടെ മണ്ണിലെ അഞ്ച് ഏക്കറിൽ പരീക്ഷണാടിസ്ഥാനത്തിൽ കരിമ്പു കൃഷി ചെയ്തു നൂറുമേനി വിളവ് ലഭിച്ചതോടെ പരുമലയ്ക്കു നഷ്ടപ്പെട്ട കാർഷിക സമൃദ്ധി തിരിച്ചു വന്നതിന്റെ ആഹ്ലാദത്തിലാണ് നാട്. ഒരു കാലത്ത് മാന്നാറിനും പരുമലയ്ക്ക് ചുറ്റുമായി 100 ഏക്കറോളം സ്ഥലത്ത് കരിമ്പിൻ കൃഷി ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ഇവിടെ വിളയുന്ന കരിമ്പ് നാലു കിലോമീറ്റർ അകലെയുള്ള പുളിക്കീഴ് ഷുഗർ ഫാക്ടറിയിലേക്കായിരുന്നു നൽകിയിരുന്നത്. എന്നാൽ ഷുഗർ ഫാക്ടറിയുടെ പ്രവർത്തനം നിലച്ചതോടെ അപ്പർകുട്ടനാട്ടിലെ ഏക കരിമ്പ് കൃഷിയിടങ്ങളെല്ലാം ഇല്ലാതായി. വർഷങ്ങളായി തരിശ് കിടന്ന സ്ഥലം ഒരുക്കി കൃഷിയിറക്കി. 

ഇവിടെ വിളഞ്ഞ കരിമ്പ് ഇത്തവണ പന്തളത്തെ സ്വകാര്യ ചക്കുകാർക്കു ശർക്കര ഉണ്ടാക്കുന്നതിനാണു കൊടുക്കുന്നത്. അടുത്ത വർഷം മുതൽ കൂടുതൽ സ്ഥലത്തേക്കു കൃഷി വ്യാപിപ്പിക്കാനാണു കർഷക കൂട്ടായ്മയുടെ തീരുമാനം. കർഷക സംഘം ഏരിയ പ്രസിഡന്റ് രഘുനാഥൻ നായർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കർഷകരായ ഒ.സി.രാജു, ജി.ശ്രീരേഖ, മേരി കുട്ടി ജോൺസൺ, ഡൊമിനിക് ജോസഫ്, അഭിലാഷ്, ജോർജ്കുട്ടി, പ്രഭാ രഘു എന്നിവർ വിളവെടുപ്പു ചടങ്ങുകളിൽ പങ്കാളിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com