ADVERTISEMENT

ചെങ്ങന്നൂർ∙ എംസി റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട ചെങ്ങന്നൂർ റിങ് റോഡിനായുള്ള ജനങ്ങളുടെ കാത്തിരിപ്പും നീളുകയാണ്.2017 ലെ ബജറ്റിലാണ് ചെങ്ങന്നൂരിൽ റിങ് റോഡ് എന്ന പ്രഖ്യാപനം വന്നത്. 2020ൽ സ്ഥലമേറ്റെടുക്കാനായി 65 കോടി രൂപ വകയിരുത്തി. സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം പൂർത്തിയായിട്ടുണ്ട്.2017 ൽ 150 കോടിയുടെ പദ്ധതിയാണു പ്രഖ്യാപിച്ചതെങ്കിലും വർഷങ്ങൾ കഴിഞ്ഞതിനാൽ പദ്ധതിത്തുക വർധിപ്പിക്കേണ്ടിവരും. നേരത്തെയുണ്ടായിരുന്ന രൂപരേഖയിലും മാറ്റങ്ങളുണ്ട്. 3 മേൽപാലങ്ങൾ ഉൾപ്പെടുന്ന പുതിയ പദ്ധതിരേഖ കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) വിഭാഗം സമർപ്പിച്ചിട്ടുണ്ട്.

നിർമാണത്തിന് 3ഘട്ടം
കല്ലിശേരി മുതൽ മംഗലം മിത്രപ്പുഴക്കടവ് പാലം വരെയുള്ള 1.8 കിലോമീറ്റർ ബൈപാസ് നിലവിലുണ്ട്. ഇതിനോട് ചേർത്ത് മൂന്നു ഘട്ടമായി 6.7 കിലോമീറ്റർ റിങ് റോഡ് കൂടി നിർമിക്കാനാണു പദ്ധതി. ഐടിഐ ജംക്‌ഷൻ നിന്നാരംഭിച്ച് കോഴഞ്ചേരി റോഡിൽ കെഎസ്ഇബി സബ് സ്റ്റേഷൻ കടന്ന് അങ്ങാടിക്കൽ പുത്തൻകാവ് ക്ഷേത്രത്തിനരികിലെ പാടത്തിലൂടെ നിലവിലുള്ള പൊതുമരാമത്ത് റോഡിൽ എത്തുന്നതാണ് ആദ്യഘട്ടം. (1.19 കിലോമീറ്റർ).ഹാച്ചറി ജംക്‌ഷനിൽ നിന്നാരംഭിച്ച് ആലാ റോഡിൽ പേരിശ്ശേരി മഠത്തുംപടി ലവൽ ക്രോസ് വരെയാണ് രണ്ടാം ഘട്ടം (2.5 കിലോമീറ്റർ) പേരിശേരി മുതൽ മുണ്ടൻകാവ് വരെയാണ് മൂന്നാം ഘട്ടം (3 കിലോമീറ്റർ).

ഏറ്റെടുക്കേണ്ടത് 9.68 ഹെക്ടർ
പുതിയ റിങ് റോഡിനായി 9.86 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഇതിലേറെയും പാടശേഖരങ്ങളാണ്. എന്നാൽ ചിലരുടെ വീടും പുരയിടവും നഷ്ടമാകും. മൂന്നു വീടുകൾ പൂർണമായും പൊളിക്കേണ്ടിവരും. സ്ഥലമേറ്റെടുപ്പ് പൂർത്തിയാകാൻ ഇനിയും സമയമെടുക്കും. ഇതിനിടെയാണ് പദ്ധതി പുതുക്കാനുള്ള നിർദേശം കെആർഎഫ്ബി സമർപ്പിച്ചത്. കഴിഞ്ഞ 4 വർഷത്തിനിടെയുണ്ടായ വാഹനപ്പെരുക്കം ഉൾപ്പെടെ കണക്കിലെടുത്താണ് 3 മേൽപാലങ്ങൾ ഉൾപ്പെടെയുള്ള മാറ്റങ്ങൾ നിർദേശിച്ചത്.

കുരുക്കഴിക്കുമോ റിങ് റോഡ്
റിങ് റോഡ് പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാകുമെന്നാണു പ്രതീക്ഷ. എംസി റോഡിലൂടെയുള്ള ദീർഘദൂരയാത്രക്കാർക്ക് നഗരത്തിൽ പ്രവേശിക്കുന്നത് ഒഴിവാക്കി റിങ് റോഡിലൂടെ സഞ്ചരിക്കാം. ഗ്രാമപ്രദേശങ്ങളിലൂടെയാണു നിർദിഷ്ഠ റിങ് റോഡ് കടന്നുപോകുന്നത് എന്നതിനാൽ നഗരം ഇവിടേക്കു വളരുമെന്ന പ്രതീക്ഷയുമുണ്ട്. അതിനായി 7 വർഷം മുൻപാരംഭിച്ച റിങ് റോഡ് നിർമാണ നടപടികൾ വേഗത്തിലാക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com