ഇല്ലാത്ത ചോക്‌ലേറ്റ് കമ്പനിയുടെ പേരിൽ വ്യാപക തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ
Mail This Article
അമ്പലപ്പുഴ ∙ വിദേശത്തെ ചോക്‌ലേറ്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി തൃശൂർ കേച്ചേരി ചിറനല്ലൂർ പ്രദീപ് വിഹാറിൽ മുഹമ്മദ് ആഷിഖ് (51) സേലത്തു വാടകവീട്ടിൽ നിന്നു പിടിയിലായി. ഹൈപ്പർ മാർക്കറ്റിന്റെ പേരിൽ പുതിയ തട്ടിപ്പിനു ശ്രമിക്കുമ്പോഴാണ് അറസ്റ്റ്. ആലപ്പുഴ ജില്ലയിൽനിന്നു മാത്രം ഇയാൾക്കെതിരെ നൂറോളം പരാതികൾ പൊലീസിനു ലഭിച്ചിരുന്നു.
2022ൽ 4 മാസത്തിനിടയിലാണു ജില്ലയുടെ പല ഭാഗങ്ങളിലുള്ളവരിൽനിന്ന് ഇയാൾ പണം തട്ടിയത്. മൂന്നു കോടിയിലേറെ രൂപ ഇയാൾ തട്ടിയെടുത്തെന്നാണു പൊലീസിന്റെ നിഗമനം. ഏഴുപേരെ ഈ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അമീർ മുസ്തഫ എന്ന പേരിലായിരുന്നു ആഷിഖിന്റെ തട്ടിപ്പ്. വിദേശ വാട്സാപ് നമ്പർ വഴി പരിചയപ്പെടുന്ന ഉദ്യോഗാർഥികളോട് താൻ മാനേജിങ് ഡയറക്ടറായ ചോക്കോവൈറ്റ് എന്ന ചോക്‌ലേറ്റ് ഫാക്ടറിയിൽ ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് ഓഫർ ലെറ്റർ നൽകി പണം വാങ്ങി വിദേശത്ത് എത്തിച്ച ശേഷം ജോലി നൽകാതെ തിരിച്ചയയ്ക്കുകയായിരുന്നു രീതി.
ഇല്ലാത്ത ഫാക്ടറിയുടെ വ്യാജ വെബ്സൈറ്റുകൾ തയാറാക്കിയും ഫെയ്സ്ബുക് പേജുകൾ ഉണ്ടാക്കിയും ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ചേർത്തും റിവ്യൂകൾ എഴുതിയും ഉദ്യോഗാർഥികളുടെ വിശ്വാസം പിടിച്ചുപറ്റും. തെളിവുകൾ ഇല്ലാതാക്കാൻ ബാങ്ക് ഇടപാട് ഒഴിവാക്കി സഹായികൾ വഴിയാണു പണം വാങ്ങിയിരുന്നത്. ചെന്നൈ, ബെംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിൽ താമസിച്ച് ഇയാൾ സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തി. അറസ്റ്റിലായതിനു പിന്നാലെ നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞ പ്രതിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജിസ്ട്രേട്ട് ആശുപത്രിയിലെത്തി ഇയാളെ റിമാൻഡ് ചെയ്തു.
പ്രതി മുഹമ്മദ് ആഷിഖ് തട്ടിപ്പിൽ ഹൈ ക്ലാസ് പ്രഫഷനൽ
അമ്പലപ്പുഴ ∙ എട്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ എങ്കിലും ഹൈ ക്ലാസ് തട്ടിപ്പുകളാണ് ചോക്‌ലേറ്റ് കമ്പനി ജോലി തട്ടിപ്പിനു പിടിയിലായ മുഹമ്മദ് ആഷിഖ് നടത്തിയത്. അൽ മുർത്തസ ഹൈപ്പർ മാർക്കറ്റ്, പേൾസ് ഗ്രൂപ്പ് ഹോട്ടൽ, അൽ ഹദീർ ഹൈപ്പർ മാർക്കറ്റ് എന്നിവയായിരുന്നു പുതിയ തട്ടിപ്പുകൾക്കായി ‘രൂപീകരിച്ച’ കമ്പനികൾ. തട്ടിപ്പുകൾ നടത്തുന്നതിനു മുൻപേ രക്ഷപ്പെടാനുള്ള വഴികളും പഠിച്ചുവച്ചു.
പ്രഫഷനൽ കുറ്റവാളികളെ വെല്ലുന്നതായിരുന്നു ആഷിഖിന്റെ തട്ടിപ്പു രീതികളെന്നു പൊലീസ് പറഞ്ഞു. യൂട്യൂബ് വിഡിയോകളുടെ സഹായത്തോടെയാണു പൊലീസിൽനിന്നു രക്ഷപ്പെടാനുള്ള ആസൂത്രണം നടത്തിയിരുന്നത്. താമസിക്കുന്ന സ്ഥലങ്ങളിൽ അയൽവാസികളുമായി അടുക്കാറില്ല. തന്നെ തിരിച്ചറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
ഇയാളിൽ നിന്ന് 4 മൊബൈൽ ഫോണുകൾ, 53000 രൂപ, 3 സ്ത്രീകളുടെ പാസ്പോർട്ടുകൾ, 70 താക്കോലുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. ഇയാൾക്കെതിരെ പുന്നപ്ര പൊലീസിൽ 6 കേസുകളുണ്ട്.ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ രൂപീകരിച്ച പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ അമ്പലപ്പുഴ ഡിവൈഎസ്പി: കെ.ജി.അനീഷിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഓഫിസർ നിർമൽ ബോസ്, എസ്ഐ: വി.എൽ.ആനന്ദ്, എഎസ്ഐ: അനസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഹരി, അജിത്ത്, എം.കെ.വിനിൽ, സിദ്ദീഖ് എന്നിവരാണു പ്രതിയെ കുടുക്കിയത്.
നേരത്തെ അറസ്റ്റിലായ പ്രതികൾ അമ്പലപ്പുഴ, പുന്നപ്ര പ്രദേശങ്ങളിലുള്ളവരാണ്. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്. ഈ പ്രതികൾക്കാണ് ആഷിഖ് ആദ്യം ജോലി വാഗ്ദാനം ചെയ്തതെന്നും ഇവർ വഴി കൂടുതൽ ആളുകളെ ആകർഷിച്ച് പണം തട്ടിയെന്നും പൊലീസ് പറഞ്ഞു. അമ്പലപ്പുഴ, എടത്വ തുടങ്ങിയ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. മറ്റു പ്രതികൾ നൽകിയ വിവരങ്ങളിൽനിന്നാണ് ആഷിഖിനെ കണ്ടെത്തിയത്. മറ്റു പ്രതികളുമായി ആഷിഖിനു ബന്ധമുണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.