ADVERTISEMENT

ആലപ്പുഴ∙ നഗരത്തിൽ അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവാകുന്നു. ടൗൺ, നോർത്ത് സെക്‌ഷനുകളിലെ വിവിധ പ്രദേശങ്ങളിലാണ് മുന്നറിയിപ്പില്ലാതെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത്. കത്തുന്ന വേനലിൽ വൈദ്യുതി മുടങ്ങുന്നതു പതിവായതോടെ വ്യാപാര സ്ഥാപനങ്ങളും ഗാർഹിക ഉപഭോക്താക്കളും ദുരിതത്തിലായിരിക്കുകയാണ്. നോർത്ത് സെക്‌ഷന് കീഴിലെ ഇന്ദിര ജംക്‌ഷൻ, മന്നത്ത്, ത്രിവേണി ജംക്‌ഷൻ ഭാഗങ്ങളിൽ പെസഹ വ്യാഴം മുതൽ ഈസ്റ്റർ വരെയുള്ള അവധി ദിനങ്ങളിൽ പല തവണയാണ് പകലും രാത്രിയിലും വൈദ്യുതി മുടങ്ങിയത്. തുടർന്ന് കടകളിലെ റഫ്രിജറേറ്ററുകളിൽ സൂക്ഷിച്ചിരുന്ന പാല്, തൈര്, മുതലായവ പെട്ടെന്ന് കേടായി വലിയ നഷ്ടം സംഭവിച്ചതായി വ്യാപാരികൾ പറയുന്നു.

കടുത്ത വേനലും കൊതുകു ശല്യവും മൂലം പൊറുതി മുട്ടുന്ന നഗരവാസികൾക്കു രാത്രിയിൽ വൈദ്യുതി നിലയ്ക്കുന്നതോടെ ദുരിതം ഇരട്ടിക്കുകയാണ്.  പരാതിപ്പെടാൻ നോർത്ത് സെക്‌ഷൻ ഓഫിസിൽ വിളിച്ചാൽ ഫോണിൽ ലഭിക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.ടൗൺ സെക്‌ഷന് കീഴിൽ വരുന്ന ജനറൽ ആശുപത്രി പരിസരം, എംഒ വാർഡ്, പാലസ് വാർഡ് ഭാഗങ്ങളിൽ അർധരാത്രിയിൽ വൈദ്യുതി മുടക്കം പതിവാണ്. ഇത് ആശുപത്രിയിൽ കഴിയുന്ന രോഗികളെയടക്കം വലയ്ക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഈ പ്രദേശങ്ങളിലെ വഴി വിളക്കുകൾ കത്താത്തതിനാൽ റോഡുകൾ കൂരിരുട്ടിലാകുകയും ചെയ്തതോടെ പ്രദേശവാസികളും ഭീതിയിലാണ്. കൂടാതെ പല പ്രദേശങ്ങളിലും വോൾട്ടേജ് ക്ഷാമവും രൂക്ഷമാണ്.

അമിത വൈദ്യുതി  ഉപയോഗം പ്രതിസന്ധി: കെഎസ്ഇബി
വേനലിൽ വൈദ്യുതി ഉപഭോഗം വർധിച്ചതോടെ ട്രാൻസ്ഫോമറുകൾക്ക് അമിത ഉപയോഗം വഹിക്കാൻ സാധിക്കുന്നില്ലെന്നാണ് കെഎസ്ഇബി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇതോടൊപ്പം വൈദ്യുതി ഓഫ് ചെയ്ത് നഗരത്തിൽ ഇലക്ട്രിക് പോസ്റ്റുകളിൽ അപകടകരമാം വിധം തൂങ്ങിക്കിടക്കുന്ന വൈദ്യുതി കേബിളുകൾ നീക്കം ചെയ്യുന്ന ജോലികളും പുരോഗമിക്കുകയാണ്. അപകടകരമായ കേബിളുകൾ നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം അതതു കേബിൾ കമ്പനികൾക്കാണ്. എന്നാൽ ഇവ നീക്കം ചെയ്യാതെയാണ് കമ്പനിക്കാർ പുതിയ കേബിൾ വലിക്കുന്നത്. കെഎസ്ഇബി ജീവനക്കാർ എത്തി ഏറെ പണിപ്പെട്ടാണ് ഇവ നീക്കം ചെയ്യുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com