വഴിയോരത്ത് കൂട്ടിവച്ച പ്ലാസ്റ്റിക് മാലിന്യം നായ്ക്കൾ കടിച്ചുകീറി
Mail This Article
ആലപ്പുഴ ∙ വീടുകളിൽ നിന്നു ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ വഴിയോരങ്ങളിൽ കൂട്ടിവച്ചത് തെരുവുനായ്ക്കൾ കടിച്ചുകീറി. പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രദേശത്ത് നിറഞ്ഞു. നഗരസഭയിലെ 52 വാർഡുകളിൽ നിന്നായി 100 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ചു. ഈ മാലിന്യങ്ങളാണ് ചാക്കുകളിൽ കെട്ടി വഴിയോരത്തും പ്രധാനപ്പെട്ട ജംക്‌ഷനുകളിലും കൂട്ടി വച്ചിട്ടുള്ളത്.
വഴിച്ചേരി, മട്ടാഞ്ചേരി പാലം എയ്റോബിക് യൂണിറ്റിന്റെ സമീപവും ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നത് കാണാം. ഇവ ആലിശ്ശേരി, വലിയ ചുടുകാട് എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്ന മെറ്റീരിയൽ കലക്‌ഷൻ സെന്ററുകളിലേക്ക് (എംസിഎഫ്) നീക്കം ചെയ്യണമായിരുന്നു. പക്ഷേ നീക്കം ചെയ്യാതെ വന്നതോടെ തെരുവുനായ്ക്കൾ കടിച്ചുകീറാൻ തുടങ്ങി. നഗരസഭയിൽ 131 ഹരിതകർമസേനാംഗങ്ങൾ എല്ലാ മാസവും 10–15 ദിവസം പണിയെടുത്താണ് പ്ലാസ്റ്റിക് ശേഖരിക്കുന്നത്. പിന്നീട് തരംതിരിച്ച ശേഷം ക്ലീൻ കേരള കമ്പനിക്ക് വിൽക്കുകയാണ്.
ക്ലീൻ കേരള കമ്പനി നൽകുന്ന വിലയാണ് ഹരിതകർമ സേനയുടെ വരുമാനം. പക്ഷേ കരാർ അനുസരിച്ച് ക്ലീൻ കേരള കമ്പനി മാർച്ച് മാസത്തെ പ്ലാസ്റ്റിക് കൊണ്ടുപോയില്ല. മാർച്ച് മാസത്തെ 100 ടണ്ണോളം കെട്ടിക്കിടക്കുമ്പോഴാണു ഏപ്രിൽ മാസത്തെ പ്ലാസ്റ്റിക് വീടുകളിൽ നിന്നു ശേഖരിച്ച് വഴിയോരങ്ങളിൽ കൂട്ടി വച്ചിട്ടുള്ളത്. 90 % വീടുകളും യൂസർ ഫീയും പ്ലാസ്റ്റിക്കും നൽകാൻ തയാറായിട്ടുണ്ടെന്ന് നഗരസഭയുടെ ആരോഗ്യ വിഭാഗം പറഞ്ഞു.