ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിച്ചു; ഇന്നലെ 43 പേർക്ക് ലൈസൻസ്
Mail This Article
ആലപ്പുഴ ∙ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിച്ചിരുന്നവർക്ക് ആശ്വാസം, ജില്ലയിൽ ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിച്ചു. എല്ലാ ആർടി ഓഫിസുകളുടെ കീഴിലും ഇന്നലെ ടെസ്റ്റ് നടന്നു. ജില്ലയിൽ ആകെ 79 പേർ ടെസ്റ്റിൽ പങ്കെടുത്തതിൽ 43 പേർ ടെസ്റ്റ് പാസായി ഡ്രൈവിങ് ലൈസൻസ് നേടി. മേയ് ഒന്നു മുതൽ പുതിയ രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്നു മോട്ടർ വാഹനവകുപ്പ് നിർബന്ധം പിടിച്ചതോടെ ഡ്രൈവിങ് സ്കൂളുകൾ സമരത്തിലായിരുന്നു. പ്രതിഷേധത്തെ തുടർന്നു ദിവസങ്ങളോളം ടെസ്റ്റ് നടന്നിരുന്നില്ല. പുതിയ രീതി പ്രകാരമുള്ള ടെസ്റ്റിങ് ഗ്രൗണ്ട് ഇല്ലാത്തതിനാൽ ഇന്നലെ റോഡ് ടെസ്റ്റിൽ 20 പോയിന്റുകൾ പരിശോധിച്ചു. തുടർന്നു ഗ്രൗണ്ടിൽ എച്ച് ആകൃതിയിൽ വാഹനം ഓടിച്ചതു കൂടി പരിശോധിച്ചാണു ലൈസൻസ് അനുവദിച്ചത്.
ആർടി ഓഫിസ്, ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുത്തവരുടെ എണ്ണം, പാസായവരുടെ എണ്ണം
ആലപ്പുഴ 10, 6
മാവേലിക്കര 25, 8
ചെങ്ങന്നൂർ 28, 21
കുട്ടനാട് 11, 6
ചേർത്തല 3, 1
കായംകുളം 2, 1
ഒരു ഓഫിസിന് കീഴിൽ 40 പേർ
ഒരു മോട്ടർ വാഹന ഓഫിസിനു കീഴിൽ ദിവസേന 40 പേർക്കാകും ഡ്രൈവിങ് ലൈസൻസിനു വേണ്ടിയുള്ള റോഡ്, ഗ്രൗണ്ട് ടെസ്റ്റുകൾ നടത്തുക. ജില്ലയിലെ എല്ലാ ആർടിഒകളിലും രണ്ടു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുണ്ടെങ്കിലും ആദ്യ ഘട്ടത്തിൽ ഒരു ദിവസം 40 പേർക്കു മാത്രമേ ടെസ്റ്റ് നടത്തൂ. രണ്ട് എംവിഐമാരുള്ള ആർടിഒകളിൽ 80 പേർക്കു ടെസ്റ്റ് നടത്താമെന്നാണു മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞിരുന്നത്. ഒരു എംവിഐ, വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കു പോകുന്നതിനാലാണു ഡ്രൈവിങ് ടെസ്റ്റ് 40 പേർക്ക് ആയിത്തന്നെ നിജപ്പെടുത്തിയത്.