കണ്ണമംഗലം വില്ലേജ് ഓഫിസിനു മുന്നിലെ അപകടക്കെണി; 2 മാസം, 3 അപകടങ്ങൾ, 5 പേർക്ക് പരുക്ക്

Mail This Article
തട്ടാരമ്പലം ∙ കണ്ണമംഗലം വില്ലേജ് ഓഫിസിനു മുന്നിലെ അപകടക്കെണി ഒഴിവാക്കാൻ നടപടിയില്ല, 2 മാസത്തിനുള്ളിൽ 3 അപകടങ്ങളിൽ 5 പേർക്കു പരുക്കേറ്റു.ഇന്നലെ ഉച്ചയ്ക്കു വില്ലേജ് ഓഫിസിലെത്തി മടങ്ങിയ പ്രായിക്കര ലേഖ ഭവനം ഭാസ്കരൻ, ഭാര്യ ഓമന ഭാസ്കരൻ എന്നിവർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിലേക്കു വീണു ഇരുവരുടെയും കാലിനു ഗുരുതരമായി പരുക്കേറ്റു.ഓമനയുടെ കാൽ ഒടിഞ്ഞു. കണ്ണമംഗലത്ത് ഇവർക്കുള്ള വസ്തുവിന്റെ കാര്യത്തിനാണു വില്ലേജ് ഓഫിസിലെത്തിയത്.
തട്ടാരമ്പലം–കരിപ്പുഴ റോഡരികിൽ പടുകാൽ പാലത്തിനു മുൻപായാണു കണ്ണമംഗലം വില്ലേജ് ഓഫിസ് സ്ഥിതി ചെയ്യുന്നത്. തട്ടാരമ്പലം–കവല റോഡ് നവീകരിച്ച് ഓട നിർമിച്ചപ്പോൾ വില്ലേജ് ഓഫിസിന്റെ പ്രവേശന കവാടത്തിന് ഇരുവശവും ഓടയ്ക്കു മുകളിൽ സ്ലാബ് ഇടാഞ്ഞതാണ് അപകടക്കെണിയാകുന്നത്.
സ്വകാര്യ വ്യക്തികളുടെ വസ്തുവിന്റെ മതിലിന്റെ ഭാഗത്തു പോലും സ്ലാബിട്ട് ഓട മൂടിയപ്പോൾ വില്ലേജ് ഓഫിസിന്റെ മുൻവശം അധികൃതർ അവഗണിച്ചതായാണു നാട്ടുകാരുടെ ആക്ഷേപം.പ്രധാന റോഡരികിൽ സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ സ്കൂട്ടർ ഓടിച്ചു റോഡിലേക്കു കയറുമ്പോൾ അശ്രദ്ധ ഉണ്ടായാൽ ഓടയിലേക്ക് വീഴുന്ന സാഹചര്യമാണ്.
വലിയ വാഹനങ്ങൾ വേഗത്തിൽ വരുന്നതു കണ്ടു വശത്തേക്ക് ഒതുക്കുന്ന ഇരുചക്രവാഹനങ്ങളും ഓടയിൽ വീണ് അപകടം പതിവാണ്. സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലത്തു ഓടയ്ക്കു മുകളിൽ സ്ലാബ് സ്ഥാപിക്കണമെന്നു പലതവണ ചൂണ്ടിക്കാട്ടിയിട്ടും നടപടി മാത്രം വൈകുകയാണ്. തട്ടാരമ്പലം മുതൽ പടുകാൽ പാലം വരെയുള്ള സ്ഥലത്തു പലതവണ രാത്രിയിലും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.