2000ൽ അധികം ലഹരി മിഠായികളും 10 കിലോ നിരോധിത പുകയിലയും പിടികൂടി
Mail This Article
തുറവൂർ∙ അരൂരിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടായിരത്തിലധികം ലഹരി മിഠായികളും 10 കിലോ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടു ഇതര സംസ്‌ഥാനക്കാർ പിടിയിൽ. ഉത്തർപ്രദേശ് ശാന്ത് രവീന്ദ്രദാസ് നഗറിൽ സായർ വില്ലേജിൽ സരോജ് വീട്ടിൽ രാഹുൽ സരോജ് (25), സരോജിന്റെ ബന്ധുവും സുഹൃത്തുമായ സന്തോഷ് കുമാർ (37) എന്നിവരെയാണ് ചേർത്തല എക്സൈസ് സർക്കിൾ സംഘം പിടികൂടിയത്.
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയായിരുന്നു ലഹരി പിടികൂടിയത്. സ്കൂൾ കുട്ടികളെ ലക്ഷ്യം വച്ച് വിൽപനയ്ക്കായി കൊണ്ടുവന്നതാണ് ലഹരി ഉൽപന്നങ്ങളെന്ന് എക്സൈസ് സംഘം പറഞ്ഞു. ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ടി.പി.സജീവ്‌കുമാർ, പ്രിവന്റീവ് ഓഫിസർ പി.ടി.ഷാജി, പി.അനിലാൽ, സിഇഒമാരായ സാജൻ ജോസഫ്, മോബി വർഗീസ്, കെ.യു.മഹേഷ്, രജിത് കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.