എൻസിസി നേവൽ വിങ് കെഡറ്റുകളുടെ കായൽ സാഹസികയാത്ര ആലപ്പുഴയിൽ

Mail This Article
ആലപ്പുഴ ∙ എൻസിസി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ നേവൽ വിങ് കെഡറ്റുകളുടെ കായൽപര്യവേഷണ സാഹസികയാത്ര ആലപ്പുഴയിലെത്തി. പായ്‌വഞ്ചികളിൽ കായൽയാത്ര നടത്തുന്ന സംഘം കഴിഞ്ഞ ദിവസം പുറക്കാട് എസ്എൻഎംഎച്ച്എസ്എസ് സ്കൂളിൽ തങ്ങിയ ശേഷം ഇന്നലെ വൈകിട്ടോടെ പുന്നമടയിലെത്തി. ഇന്നു രാവിലെ ഇവിടെ നിന്നു പാതിരാമണലിലേക്കു യാത്ര തിരിക്കും. ജലാശയ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പുന്നമടയിൽ തെരുവുനാടകം നടത്തി. നാളെ വൈകിട്ട് മുഹമ്മ ബോട്ടുജെട്ടിയിൽ സംഘം മൂകാഭിനയവും നടത്തുന്നുണ്ട്.
ഈ മാസം 17നു കൊല്ലം തേവള്ളിയിൽ നിന്നാരംഭിച്ച യാത്ര ദേശീയ ജലപാത–3 വഴി പാതിരാമണൽ പക്ഷിസങ്കേതത്തിലെത്തി തിരികെ 24നു കൊല്ലത്തു തിരിച്ചെത്തും. 220 കിലോമീറ്റർ ദൂരമാണു പിന്നിടുക. കേരളത്തിലെയും ലക്ഷദ്വീപിലെയും 35 ആൺകുട്ടികളും 30 പെൺകുട്ടികളുമടക്കം 65 കെഡറ്റുകളാണു പങ്കെടുക്കുന്നത്. അഷ്ടമുടി, വേമ്പനാട്ട് കായലുകളിലൂടെ 3 ഡികെ വേലർ ബോട്ടുകളിലായാണു യാത്ര. സഹായത്തിനായി 3 സ്പീഡ് ബോട്ടുകളും ഒപ്പമുണ്ട്. എല്ലാ കെഡറ്റുകൾക്കും തുഴച്ചിൽ പരിശീലനത്തിന് അവസരം ലഭിക്കുന്ന തരത്തിൽ വേലർ ബോട്ടുകളിലെ ക്രൂവിനെ പതിവായി മാറ്റും.
ഇന്നു രാത്രി കണ്ണങ്കര സെന്റ് മാത്യൂസ് എച്ച്എസ് സ്കൂളിൽ തങ്ങും. അടുത്ത ദിവസം കേരള, ലക്ഷദ്വീപ് എൻസിസി അഡീഷനൽ ഡയറക്ടർ ജനറൽ അധിക ചുമതലയുള്ള ബ്രിഗേഡിയർ എ.രാഗേഷ് ഇവരെ കാണാൻ പാതിരമണലിലെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ സന്ദർശനത്തിനു ശേഷം മടക്കയാത്ര ആരംഭിക്കും. കൊല്ലം 3 കേരള നേവൽ എൻസിസി യൂണിറ്റി കമാൻഡിങ് ക്യാപ്റ്റൻ എ.ഉണ്ണിക്കൃഷ്ണനാണു സാഹസിക തുഴച്ചിൽ ടീമിനെ നയിക്കുന്നത്. എല്ലാ വർഷവും യാത്ര നടത്തുന്നുണ്ടെങ്കിലും റൂട്ട് വ്യത്യസ്തമായിരിക്കും.