മഴയിൽ കുട്ടനാട്ടിൽ പലേടത്തും വെള്ളക്കെട്ട്

Mail This Article
കുട്ടനാട് ∙ ശക്തമായ മഴയ്ക്കു നേരിയ ശമനം. കുട്ടനാട്ടിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ട്. ശക്തമായ മഴ മൂലം പൊതു ജലാശയങ്ങളിൽ കാര്യമായി ജലനിരപ്പ് ഉയർന്നില്ലെങ്കിലും കൃഷി കഴിഞ്ഞു വെള്ളം കയറ്റിയിട്ടിരിക്കുന്ന പാടശേഖരങ്ങളിൽ മഴവെള്ളം കെട്ടി നിൽക്കുന്നതു ജനങ്ങളെ ദുരിതത്തിലാക്കി. പാടശേഖരങ്ങളുടെ പൊതുമടകൾ തുറക്കാത്തതാണു മഴ വെള്ളം കെട്ടി നിൽക്കാൻ ഇടയാക്കിയത്. പുഞ്ചക്കൃഷിക്കുശേഷം പുറംതൂമ്പുകൾ തുറന്നാണു ഒട്ടുമിക്ക പാടശേഖരങ്ങളിലും വെള്ളം കയറ്റിയത്.
മഴ പെയ്ത വെള്ളം പുറംതൂമ്പുകളിലൂടെ പുറത്തേക്ക് ഇറങ്ങാൻ സമയമെടുക്കുന്നതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ അയ്യനാട് പാടശേഖരത്തിൽ മഴവെള്ളം കെട്ടി നിൽക്കുന്നതിനാൽ പുരയിടങ്ങളിൽ വെള്ളം കയറി. പാടശേഖരത്തിന് ഉള്ളിലൂടെ കടന്നു പോകുന്ന ചതുർഥ്യാകരി–പുളിങ്കുന്ന് റോഡിൽ വെള്ളം കയറിയതു വാഹന യാത്രികരെ ദുരിതത്തിലാക്കി.മഴ വെള്ളം കെട്ടി നിന്നതോടെ എസി റോഡിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ടായി. റോഡ് നവീകരണത്തോട് അനുബന്ധിച്ചു നിർമിച്ച ഓടയിലൂടെ വെള്ളം സുഗമമായി ഒഴുകി മാറാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഓട ഇല്ലാതിരുന്ന സമയത്ത് എസി കനാലിലേക്ക് അടക്കം ഇരുവശങ്ങളിലേക്കും വെള്ളം ഒഴുകി മാറിയിരുന്നു. ഓട നിർമിച്ചതോടെ ഇരുവശങ്ങളിലേക്കും വെള്ളം ഒഴുകി മാറാതായി. ഓടയിലൂടെ സമയ ബന്ധിതമായി വെള്ളം ഒഴിഞ്ഞു മാറാതിരുന്നതിനാൽ റോഡിന്റെ ഇരുവശങ്ങളിലും വെള്ളം കെട്ടി നിന്നു. വാഹനങ്ങൾ പോകുമ്പോൾ വെള്ളം നടവഴിയിലേക്ക് അടക്കം തെറിച്ചു വീണതു വഴിയാത്രികരെയും ദുരിതത്തിലാക്കി.