ADVERTISEMENT

ആലപ്പുഴ∙ ഒറ്റ ദിവസത്തെ മഴയിൽ ‘കുള’മായി ദേശീയപാത. ഇന്നലെ പുലർച്ചെയോടെ പെയ്തു തുടങ്ങിയ മഴ നീണ്ടു നിന്നതോടെ റോഡരികിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ദേശീയപാതയിൽ ചിലേടത്ത്  ഗതാഗതക്കുരുക്കുമുണ്ടായി. മഴക്കാല മുന്നൊരുക്കങ്ങൾ പൂർണതോതിൽ നടത്താതിരുന്നതാണു പലയിടത്തും മണിക്കൂറുകൾ നീണ്ടുനിന്ന വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. മഴക്കാലത്തിനു മുൻപ് ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പണി  വേഗം തീർക്കാൻ നിർമാണക്കരാർ കമ്പനികൾ ശ്രമിക്കുന്നതിനിടെയാണു മഴയെത്തിയത്..

പൈപ്പ് പൊട്ടി; റോഡ് താഴ്ന്നു
ദേശീയപാത നവീകരണത്തിന് യന്ത്രങ്ങൾ ഉപയോഗിച്ച് താൽക്കാലിക പാത നിരപ്പാക്കുന്നതിനിടെ തോട്ടപ്പള്ളി ഒറ്റപ്പനയിൽ  ജല അതോറിറ്റി പൈപ്പ് പൊട്ടി വെള്ളം ഒഴുകി റോഡ് താഴ്ന്നു. ഒറ്റപ്പനയിൽ അടിപ്പാത നിർമിക്കുന്നതിനു കിഴക്കുള്ള താൽക്കാലിക പാതയാണു താഴ്ന്നത്. മഴവെള്ളം കെട്ടിനിന്നു താൽക്കാലിക പാത താഴ്ന്നതും പാതയ്ക്കു മുകളിലൂടെ ഭാരവാഹനങ്ങൾ കയറിയതുമാണു പൈപ്പ് പൊട്ടാൻ കാരണം.

തെക്കോട്ട് പോകേണ്ട വാഹനങ്ങൾ ഇതുവഴിയാണു കടത്തി വിട്ടിരുന്നത്. ഗതാഗതക്കുരുക്ക് കൂടിയപ്പോൾ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങളും അടിപ്പാതയ്ക്കു പടിഞ്ഞാറു ഭാഗത്തു കൂടി കടത്തി വിടേണ്ടി വന്നു. വടക്കോട്ട് പോകേണ്ട വാഹനങ്ങൾ കരുവാറ്റ വരെയും തെക്കോട്ട് പോകേണ്ട വാഹനങ്ങൾ പുറക്കാട് വരെയും നിരയായി കിടന്നു. പുന്തല ജലസംഭരണിയിൽ നിന്നുള്ള 150 മില്ലീമീറ്റർ വ്യാസമുള്ള പ്രധാന പൈപ്പാണു പൊട്ടിയത്. തകരാർ പരിഹരിക്കുന്നതു വരെ പ്രദേശത്തു ശുദ്ധജല വിതരണം ഭാഗികമായി തടസ്സപ്പെട്ടു. വൈകിട്ടോടെ പ്രശ്നം പരിഹരിച്ചു.

പുതിയ റോഡിലും കുഴി
പുതുതായി ടാർ ചെയ്ത റോഡിൽ കുഴിയായി. കരൂരിനു സമീപത്താണു ദേശീയപാതയുടെ കിഴക്കു വശത്തു മണ്ണിട്ട് ഉയർത്തി ടാർ ചെയ്ത റോഡിൽ കുഴിയായത്. ഇത് ഉടൻ ടാർ ചെയ്തു പരിഹരിക്കുമെന്നു ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെ റോഡിനു പടിഞ്ഞാറു വശത്തു പഴയ റോഡിൽ വെള്ളക്കെട്ടായി. പുതുതായി നിർമിച്ച ഓട പഴയ റോഡിനെക്കാൾ ഉയരത്തിലായതാണു കാരണം. മണ്ണുമാന്തി ഉപയോഗിച്ച് ഓടയുടെ ഭിത്തി പൊട്ടിച്ചാണു വെള്ളം ഒഴുക്കിവിട്ടത്.

എല്ലായിടത്തും വെള്ളക്കെട്ട്
ദേശീയപാതയിൽ പണി നടക്കുന്നതിനാൽ മിക്കയിടത്തും വെള്ളക്കെട്ടായി. പുതുതായി നിർമിച്ച റോഡ് പഴയതിൽ നിന്ന് ഉയർന്നു നിൽക്കുന്നതാണു പലയിടത്തും വെള്ളക്കെട്ടിനു കാരണം. വശങ്ങളിൽ കോൺക്രീറ്റ് ചെയ്തു നിർമിച്ച ഓടയും ഉയർന്നു നിൽക്കുകയാണ്. ‌റോഡരികിൽ പുതുതായി മണ്ണിട്ട് ഉയർത്തിയ സ്ഥലങ്ങളിൽ വെള്ളം കെട്ടിനിന്നതോടെ താഴ്ച അറിയാനാവില്ല. വാഹനം വെള്ളത്തിലേക്കിറങ്ങി ചെളിയിൽ താഴ്ന്നു തുടങ്ങുമ്പോഴാണ് അപകടം മനസ്സിലാകുന്നത്. റോഡരികിലെ വെള്ളക്കെട്ടു കാരണം സമീപത്തെ വീടുകളിലേക്കു കയറാനാവുന്നില്ല. ഇടറോഡുകളിലെ വെള്ളം ഒഴുകിമാറുന്നില്ല.

പൊടി മാറി, ചെളിക്കുളം
അടിപ്പാത, മേൽപാത നിർമാണങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ താൽക്കാലിക പാതകളിൽ വേനൽക്കാലത്തു പൊടിശല്യമായിരുന്നു. മഴ പെയ്തതോടെ ഇവിടങ്ങൾ ചെളിക്കുളമായി. മിക്കയിടത്തും താൽക്കാലിക പാതകൾ ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ ഉറപ്പിച്ചിട്ടില്ല. വാഹനങ്ങൾ ഓടുമ്പോൾ മെറ്റൽ ഇളകി കുഴികളായി. മഴവെള്ളം കെട്ടി നിന്നതോടെ കുഴിയുടെ ആഴം അറിയില്ല. വാഹനങ്ങൾ കുഴികളിലൂടെ പോകാൻ സമയമെടുക്കുന്നതിനാൽ ഗതാഗതക്കുരുക്കുണ്ട്. പുതുതായി ടാർ ചെയ്ത ഭാഗങ്ങളുടെ രണ്ടു വശങ്ങളിലും പഴയ റോഡിലേക്ക് ഇറങ്ങാൻ മെറ്റൽ ഉറപ്പിച്ചിട്ടേ ഉള്ളൂ. ഇവിടെ മെറ്റൽ ഇളകിയുണ്ടായ കുഴികളിലും വെള്ളം കെട്ടി നിൽക്കുന്നുണ്ട്.

റോഡിൽ മണ്ണും മെറ്റിലും
പാത നവീകരണത്തിന്റെ ഭാഗമായി ഒരു ഭാഗം ഉയർത്തിയ ഇടങ്ങളിൽ മഴയിൽ മണ്ണും മെറ്റലും പഴയ റോഡിലേക്ക് ഒഴുകിയെത്തി. മണ്ണിട്ട് ഉയർത്തിയ ഭാഗം  വേർതിരിച്ചിട്ടുണ്ടെങ്കിലും അവയ്ക്കിടയിലെ വിടവിലൂടെ മണ്ണും മെറ്റലും ഒലിച്ചിറങ്ങുകയാണ്. ഇവയിൽ കയറുന്ന ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിടാൻ സാധ്യതയേറെയാണ്. നേരത്തെ പുറക്കാട് ജംക്‌ഷനു സമീപം റോഡിൽ പരന്നു കിടന്ന മണ്ണിൽ തെന്നിവീണു സൈക്കിൾ യാത്രികൻ മരിച്ചിരുന്നു.

റെസ്ക്യൂ ഓപ്പറേഷൻസ് ടീം
ദേശീയപാതയിൽ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ റെസ്ക്യു ഓപ്പറേഷൻസ് ടീം രൂപീകരിച്ചിട്ടുണ്ട്.  ഗതാഗതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുകയാണ് ഇവരുടെ ദൗത്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com