ADVERTISEMENT

മാവേലിക്കര ∙ നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നു, കണ്ടിയൂരിൽ വീട്ടമ്മ വളർത്തിയിരുന്ന 25 കോഴികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. കണ്ടിയൂർ ചെമ്പകശേരിൽ ജയ്നമ്മ തോമസിന്റെ വീട്ടുവളപ്പിലെ കൂട് തകർത്താണു 25 കോഴികളെ നായ്ക്കൾ കടിച്ചു കൊന്നത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.

ബഹളം കേട്ട് ജയ്നമ്മ എഴുന്നേറ്റ് എത്തിയപ്പോൾ നായ്ക്കൾ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞവർഷവും ജയ്നമ്മ വളർത്തിയ കോഴികളെ നായ്ക്കൾ കൊന്നിരുന്നു.പുന്നമൂട് ഭാഗത്തു കഴിഞ്ഞ ഒരാഴ്ചയായി എട്ടോളം പേർക്കു നായയുടെ കടിയേറ്റു. ഇവിടെ ചന്ത കേന്ദ്രീകരിച്ചു നായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പുന്നമൂടിനു തെക്ക് ആനയടിക്കാവ് ചെമ്പരത്തിമുക്കിനു സമീപം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മുളളിക്കുളങ്ങര നന്ദനത്തിൽ സജീവ്കുമാർ (57), വീട്ടുമുറ്റത്തു പാത്രം കഴുകുകയായിരുന്ന പുന്നമൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയുടെ മകൾ കൽപന (11), വ്യാപാരികളായ പുന്നമൂട് മിനി കോട്ടേജിൽ കോശി (അനിയൻ-79), മേലോട്ടിൽ മനോഹരൻ (57) എന്നിവർക്കും തെരുവുനായയുടെ കടിയേറ്റിരുന്നു.

തെരുവുനായ് ശല്യം ഇരുചക്രവാഹന യാത്രക്കാർക്കു ഭീഷണിയാകുന്നുണ്ട്. 3 മാസം മുൻപു തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വ്യത്യസ്തമായ അപകടങ്ങളിൽ 2 ഇരുചക്രവാഹന യാത്രക്കാർക്കു പരുക്കേറ്റിരുന്നു. 3 മാസം മുൻപു ചെട്ടികുളങ്ങര പഞ്ചായത്ത് അതിർത്തിയിൽ പത്തോളം പേർക്കു നായയുടെ കടിയേറ്റിരുന്നു.

ജില്ലാ ആശുപത്രി, കെഎസ്ആർടിസി ബസ് സ്റ്റേഷൻ, നടയ്ക്കാവ്, മിൽക് സൊസൈറ്റിക്കു കിഴക്കും പടിഞ്ഞാറും, നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരം, ബുദ്ധ ജംക്‌ഷൻ, ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക്, നടകൾ, പുതിയകാവ്, പുന്നമൂട്, റെയിൽവേ സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ പരിസരം, പുതിയകാവ്, തട്ടാരമ്പലം ചെട്ടികുളങ്ങര, പുന്നമൂട് ളാഹ, തഴക്കര തുടങ്ങിയ സ്ഥലങ്ങളിലാണു തെരുവുനായ ശല്യം രൂക്ഷമായുള്ളത്.

ശ്രീകൃഷ്ണ ക്ഷേത്രത്തിനു ചുറ്റുമുള്ള 4 റോഡുകളിലും ഒട്ടേറെ നായ്ക്കൾ തമ്പടിക്കുന്നതിനാൽ പുലർച്ചെ ക്ഷേത്രദർശനത്തിന് എത്തുന്നവർക്ക് ഉൾപ്പെടെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഗവ.ഗേൾസ്, കൊട്ടാരം സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളുടെ പരിസരത്തും സമീപ റോഡുകളിലും നായ്ക്കൾ തമ്പടിച്ചിട്ടുണ്ട്.

പുലർച്ചെ പത്രവിതരണത്തിനു പോകുന്നവരുടെ സൈക്കിൾ, ഇരുചക്രവാഹനങ്ങൾ എന്നിവയുടെ പിറകെ കുരച്ചു കൊണ്ടു നായ്ക്കൾ ഓടിയെത്തുന്നതു പതിവാണ്. സൈക്കിൾ നിയന്ത്രണം വിട്ടു യാത്രക്കാരിൽ ചിലർ വീണു പരുക്കേറ്റ സംഭവവും ഉണ്ട്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ തിണ്ണകളിൽ തമ്പടിക്കുന്ന നായ്ക്കൾ ഇവിടം വൃത്തികേടാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com