5 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ട് ഓൺലൈൻ തട്ടിപ്പിന് ശ്രമം

Mail This Article
എടത്വ ∙ കള്ളപ്പണം വെളുപ്പിക്കലിനു മുംബൈയിൽ കേസുണ്ടെന്നും ഇ.ഡി അന്വേഷണം തുടങ്ങിയെന്നും പറഞ്ഞ് 5 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ട് ഓൺലൈൻ തട്ടിപ്പിനു ശ്രമം. സോഫ്റ്റ്‌വെയർ എൻജിനീയറായ എടത്വ ചങ്ങങ്കരി കൃഷ്ണവിലാസത്തിൽ കെ.ജി.ഹരിപ്രസാദിനെയാണു കബളിപ്പിക്കാൻ ശ്രമിച്ചത്. പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതോടെ തട്ടിപ്പുകാർ നേരത്തെ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു മുങ്ങി.വെള്ളിയാഴ്ച രാവിലെ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ (ട്രായ് ) നിന്നാണെന്നു പറഞ്ഞു ഹരിപ്രസാദിന്റെ ഫോണിലേക്കു വിളി വന്നു. ഹരിപ്രസാദിന്റെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ പരാതിയുണ്ടെന്നും 98397 68051 എന്ന ഫോൺ നമ്പറിൽ നിന്ന് അനാവശ്യ സന്ദേശങ്ങൾ അയയ്ക്കുന്നെന്ന പരാതിയിൽ ഹരിപ്രസാദിനെതിരെ മുംബൈയിൽ 17 കേസുണ്ടെന്നും പറഞ്ഞു.
പിന്നാലെ വിശ്വാസം നേടാൻ ഫോണിലേക്കു ചില രേഖകൾ അയയ്ക്കുകയും ചെയ്തു.ആ നമ്പർ തന്റേതല്ലെന്നും വ്യാജ ആധാർ ഉപയോഗിച്ചു മറ്റാരെങ്കിലും കണക്‌ഷൻ എടുത്തതാകാമെന്നും ഹരിപ്രസാദ് മറുപടി നൽകി. കുറ്റം ചെയ്തിട്ടില്ലെങ്കിൽ മുംബൈയിലെത്തി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്നു തട്ടിപ്പുകാർ ആവശ്യപ്പെട്ടു. അന്ധേരി പൊലീസ് സ്റ്റേഷനിലെ എഫ്ഐആർ പ്രകാരം ഇ.ഡിയുടെ അറസ്റ്റ് വാറന്റുണ്ടെന്നും ഹരിപ്രസാദിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും ഇ.ഡി അന്വേഷണം തുടങ്ങിയെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും പറഞ്ഞു.ഇതേപ്പറ്റി അറിയാത്തതിനാൽ മുംബൈയിൽ എത്താൻ കഴിയില്ലെന്നു ഹരിപ്രസാദ് അറിയിച്ചു. അക്കാര്യം അന്ധേരിയിലെ ഐപിഎസ് ഉദ്യോഗസ്ഥനെ വിഡിയോ കോൾ വഴി അറിയിക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. അവർ നൽകിയ നമ്പറിൽ വിളിച്ചപ്പോൾ ബാങ്ക് ബാലൻസ് വിവരങ്ങൾ, ആധാർ വിവരങ്ങൾ തുടങ്ങിയവ ആവശ്യപ്പെട്ടു.
അവ ഹരിപ്രസാദ് നൽകി.കൂടുതൽ പണമുള്ള അക്കൗണ്ടിൽനിന്ന് 5 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യണമെന്നായി അടുത്ത ആവശ്യം. ഈ തുക റിസർവ് ബാങ്കിലേക്കാണ് എത്തുന്നതെന്നും കുറ്റക്കാരനല്ലെങ്കിൽ തുക തിരികെ നൽകുമെന്നും പറഞ്ഞതോടെ ഹരിപ്രസാദിനു സംശയമായി. ലോക്കൽ പൊലീസുമായി ബന്ധപ്പെട്ട ശേഷം പണം അയയ്ക്കാമെന്നു മറുപടി നൽകി. ഉടൻ പൊലീസ് സ്റ്റേഷനിൽ എത്താമെന്നും പറഞ്ഞു. വിഡിയോ കോൾ വിഛേദിക്കാതെ തന്നെ ഹരിപ്രസാദ് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. വിഡിയോ കോളിൽ എസ്ഐയെ കണ്ടതോടെ തട്ടിപ്പുകാർ കോൾ വിഛേദിച്ചു. ഉടൻ തന്നെ നേരത്തെ അയച്ച സന്ദേശങ്ങൾ മായ്ച്ചു. പിന്നീടു പല തവണ തിരിച്ചു വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. എടത്വ പൊലീസ് കേസെടുത്തു.