‘മഹേഷ് ഇവിടെയുണ്ട്’ ഉടൻ പ്രദർശനത്തിന്; ബോബൻ പടിയിറങ്ങുന്നു അതിനുമുൻപ്

Mail This Article
ആലപ്പുഴ∙ വിദ്യാർഥികൾക്ക് സിനിമയെന്ന പാഠം പകർന്നു നൽകിയതിന്റെ ചാരിതാർഥ്യത്തോടെ ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകൻ ബോബൻ ലാരിയസ് വെള്ളിയാഴ്ച സർവീസിൽ നിന്നും വിരമിക്കുന്നു. അക്കാദമിക് തലത്തിൽ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിദ്യാർഥികള്‍ പഠിക്കുന്നുണ്ടെങ്കിലും അതെങ്ങനെയാണ് പ്രാവർത്തികമാക്കുകയെന്നത് ഫീച്ചർ ഫിലിം നിർമിച്ച് പഠിപ്പിച്ചതിന്റെ ആത്മസംതൃപ്തിയോടെയാണ് അദ്ദേഹത്തിന്റെ പടിയിറങ്ങൽ.

1888ൽ സ്ഥാപിതമായ സ്കൂളിൽ, പൂർവവിദ്യാർഥികൂടിയായ ബോബൻ, 2006 ലാണ് ചിത്രകലാ അധ്യാപകനായി സേവനം തുടങ്ങുന്നത്. 2018 ലെ പ്രളയകാലത്താണ് സുഹൃത്തുക്കളുടെ സഹായത്തോടെ അദ്ദേഹം സ്കൂളിൽ ചിൽഡ്രൻസ് തിയറ്റർ ആരംഭിക്കുന്നത്. അതിലൂടെയാണ് ഫീച്ചർ ഫിലിം എന്ന ആശയത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് പൂർവ വിദ്യാർഥികളുടെയും പൂർവ അധ്യാപകരുടെ സഹായത്തോടെയാണ് സിനിമ നിർമിച്ചത്.

നേപ്പാളില്‍ നിന്ന് സ്കൂളിലെത്തിയ മഹേഷ് എന്ന വിദ്യാർഥിയുടെ ജീവിതകഥയാണ് ‘മഹേഷ് ഇവിടെയുണ്ട്’ എന്ന സിനിമ പറയുന്നത്. ഹാമർ ത്രോയിലും ഡിസ്കസ് ത്രോയിലും ദേശീയ തലത്തിലെത്തിയ മഹേഷ് എന്ന വിദ്യാര്‍ഥിയായി മഹേഷ് തന്നെ അഭിനയിച്ചു. സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും പൂർവ വിദ്യാര്‍ഥികളുമായിരുന്നു മറ്റു അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും. രചനയും കലാസംവിധാനവും സംവിധാനവുമെല്ലാം ബോബനായിരുന്നു.
സ്കൂളിൽ തന്നെയായിരുന്നു ചിത്രീകരണം. കുട്ടികളുടെ ക്ലാസിന് മുടക്കം വരാത്ത രീതിയില്‍ ഓരോ ഘട്ടമായി ആയിരുന്നു ചിത്രീകരിച്ചത്. സിനിമയ്ക്കു വേണ്ടി ബുദ്ധ വിഗ്രഹം ഉൾപ്പെടെ നിർമിച്ചിരുന്നു. ഒരു മണിക്കൂർ 40 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മാർച്ചിലായിരുന്നു പ്രിവ്യൂ ഷോ. പിന്നീട് വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചു. സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചശേഷം ചിത്രം റീലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധികൃതർ.
ഒരു സ്കൂളിൽ നിന്ന് സെൻസർ ചെയ്ത് പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ ഫീച്ചർ ഫിലിം ആകും ഇതെന്ന് ബോബൻ പറയുന്നു. സിനിമയെ കുറിച്ച് കുട്ടികള്‍ക്ക് അറിവ് നൽകാൻ കഴിഞ്ഞു എന്നതാണ് തനിക്ക് ആത്മസംതൃപ്തി നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.