പച്ചക്കറി വരവു കുറഞ്ഞു; വില കുതിക്കുന്നു

Mail This Article
എടത്വ ∙ മഴ കനത്തതോടെ പച്ചക്കറിക്കൃഷിയ്ക്കും കനത്ത നാശം. വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ) വിപണിയിൽ ലേലം കുറഞ്ഞു. പച്ചക്കറിയുടെ ഉൽപാദനം കുറഞ്ഞതോടെ വിപണിയിൽ എത്തുന്ന പച്ചക്കറിക്ക് വലിയ ഡിമാൻഡും നല്ല വിലയുമാണ്. ചൊവ്വാഴ്ച വിപണിയിൽ നടന്ന ലേലത്തിൽ ഒരു കിലോ ഏത്തക്കായയ്ക്കു വില ഒരാഴ്ച മുൻപുണ്ടായിരുന്ന 60 രൂപയിൽ നിന്നും 75 ആയി. പടവലം 45, പയർ 90, പാവൽ 100, പച്ചമുളക് 135, വഴുതന 40, കുക്കുംബർ 50, വെണ്ട 50, ചേന 85, നെയ് കുമ്പളം 70, സാധാരണ കുമ്പളം 40, വെള്ളരി 25, പച്ചമുളക് 135 എന്നിങ്ങനെ ആയിരുന്നു വില. ഇതു പുറത്ത് സാധാരണ ജനങ്ങളിലേക്ക് എത്തുമ്പോൾ 40 ശതമാനം മുതൽ 50 ശതമാനം വരെ കൂടും.
നാടൻ പച്ചക്കറികളുടെ വരവ് കുറഞ്ഞതോടെ തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും എത്തുന്ന പച്ചക്കറികൾക്കും വില വൻതോതിൽ വർധിച്ചു. തമിഴ്നാട്ടിൽ നിന്നും എത്തുന്ന ഏത്തയ്ക്കയുടെ വില 50ൽ നിന്നും 70 ആയി ഉയർന്നു. പുറത്തുനിന്നും എത്തുന്ന പച്ചക്കറികൾക്കും വില വൻതോതിൽ വർധിച്ചു. ഇന്നലത്തെ വില പാവൽ 120, ചെറിയ പയർ 80, വെണ്ട 70, പടവലം 70, മുരിങ്ങക്കായ 90, ചേന 40, തക്കാളി 80 എന്നിങ്ങനെയാണ്. വിഎഫ്പിസികെ വിപണികളിൽ ഈ സമയത്ത് ഏറ്റവും കൂടുതൽ എത്തേണ്ടത് ഏത്തയ്ക്ക ആയിരുന്നു.
എന്നാൽ വേനൽ കാരണം കൃഷി താമസിച്ചതിനാൽ ഇപ്പോഴാണു കുലച്ചു കൂമ്പ് ഒടിക്കുന്ന സമയം ആയതു തന്നെ. അപ്പോഴേക്കും വാഴയുടെ ചുവട്ടിൽ വെള്ളം കയറുകയും ചെയ്തു. വേനലിനെയും, വെള്ളത്തെയും അതിജീവിച്ച് എത്തുന്ന ഏത്തയ്ക്കയ്ക്കു വില വർധിച്ചെങ്കിലും ഏത്തയ്ക്ക വരവില്ലാതായതു വിപണിയെ ബാധിച്ചു. പച്ചക്കറികളുടെ വരവ് ജില്ലയിലെ 12 വിപണികളിലും നാലിലൊന്നായി കുറഞ്ഞതായി വിഎഫ്പിസികെ ജില്ലാ മാനേജർ പറഞ്ഞു. കർഷകർക്കുണ്ടായ നഷ്ടത്തിന്റെ കണക്കു വിലയിരുത്തി വരുന്നതായും മാനേജർ പറഞ്ഞു. ഓണ വിപണി ലക്ഷ്യമിട്ടു വിത്ത് ഇടാൻ തയാറായിരുന്നെങ്കിലും മഴയും വെള്ളവും കാരണം വിത്ത്ു നടാൻ പോലും കഴിയുന്നില്ലെന്നു കർഷകരും പറയുന്നു.