ലൈഫ് വീട് കിട്ടും വരെ ലാലപ്പനു ‘ഹാപ്പി’ വീട്; സ്നേഹവീട് ഒരുക്കിയത് മുട്ടാർ പഞ്ചായത്ത്

Mail This Article
എടത്വ ∙ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞിരുന്ന മുട്ടാർ പഞ്ചായത്തു നാലാം വാർഡ് ലാലപ്പൻ ജോൺ താമരവേലിക്കും കുടുംബത്തിനും ലൈഫിൽ പെടുത്തി നിർമിക്കുന്ന വീടു പൂർത്തിയാകുന്നതു വരെ വാടകയില്ലാതെ താമസിക്കാം. മുട്ടാർ പഞ്ചായത്താണ് ഇവർക്കു വാടകരഹിതമായ വീടൊരുക്കി നൽകിയത്. ഏതു നിമിഷവും തകർന്നു വീഴാവുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ലാലപ്പനു കഴിഞ്ഞ വർഷം ലൈഫ് പദ്ധതിയിൽ പെടുത്തി വീട് അനുവദിച്ചു. പഴയ വീട് പൊളിച്ച ശേഷം പുതിയ വീടിനുള്ള നിർമാണ പ്രവർത്തനം ആരംഭിച്ചതോടെ സമീപത്ത് ഷെഡ് കെട്ടി താമസം ആരംഭിച്ചു. വെള്ളം പൊങ്ങിയപ്പോൾ അസുഖബാധിതരായ ഇവരെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.
ഇതിനിടെ കാറ്റിലും മഴയിലും ഷെഡ് നശിച്ചു. ക്യാംപ് പിരിച്ചുവിട്ടതോടെ ഇവർക്കു കയറിക്കിടക്കാൻ ഇടമില്ലാതെ ആയി. വാടക കൊടുത്തു മറ്റൊരു വീട്ടിൽ താമസിക്കാൻ സാമ്പത്തിക സ്ഥിതി ഇല്ലാത്ത ഇവരുടെ അവസ്ഥ മനസ്സിലാക്കി വാടക രഹിതമായ വീട് കണ്ടെത്താൻ പഞ്ചായത്ത് അധികൃതർ രംഗത്തിറങ്ങി. പഞ്ചായത്തിന്റെ ആവശ്യപ്രകാരം മൂന്നാം വാർഡ് നാലുപറ വീട്ടിൽ ടിജോ സേവ്യർ തന്റെ ഉടമസ്ഥതയിലുള്ള വീട് വാടക ഒഴിവാക്കി താമസസൗകര്യം ഒരുക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ സുരമ്യ, വൈസ് പ്രസിഡന്റ് ബോബൻ ജോസ്, സ്ഥിരം സമിതി അധ്യക്ഷ ഷില്ലി അലക്സ്, സെക്രട്ടറി ബിനു ഗോപാൽ എന്നിവർ നേതൃത്വം നൽകി.