ADVERTISEMENT

ചോദ്യം: എന്തുകൊണ്ടാണു സിപിഎമ്മിന് ഈ കനത്ത തോൽവി? 

ഉത്തരം: അടിസ്ഥാന വർഗങ്ങൾ അകന്നതുകൊണ്ട്. 
ആലപ്പുഴയിലെ തോൽവിയെപ്പറ്റി ചില മുതിർന്ന സിപിഎം നേതാക്കളുടെ ‘അനൗദ്യോഗിക’ പ്രതികരണമാണിത്. 

ഒരൊറ്റ നിയോജക മണ്ഡലത്തിൽ പോലും മുന്നിലെത്തിയില്ലെന്നു മാത്രമല്ല, രണ്ടിടത്ത് എൻഡിഎയ്ക്കും പിന്നിൽ മൂന്നാമതായതിന്റെ ആഘാതത്തിലാണ് പാർട്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ 6000 വോട്ട് വരെ മുന്നണിക്കു ഭൂരിപക്ഷം നൽകിയിട്ടുള്ള അമ്പലപ്പുഴയിലെ ചില പഞ്ചായത്തുകളിലും മൂന്നാമതായി. തദ്ദേശ സ്ഥാപനങ്ങൾ മിക്കതും എൽഡിഎഫ് ഭരണത്തിലായിട്ടും സിപിഎം സ്ഥാനാർഥി എ.എം.ആരിഫിനെ ആദ്യമായി ആലപ്പുഴയിൽ മത്സരത്തിനെത്തിയ ശോഭ സുരേന്ദ്രൻ മറികടന്നതു നേതാക്കളെ അമ്പരപ്പിച്ചിട്ടുണ്ട്. ഇഴകീറിയുള്ള പരിശോധനയും വിശകലനവും അനിവാര്യം. പിന്നെ വേണം പരിഹാര നടപടികൾ.  

കെ.ആർ.ഗൗരിയമ്മ പാർട്ടി വിട്ടപ്പോഴും വിഎസ്, പിണറായി ഗ്രൂപ്പുകളുടെ കാലത്തും പാർട്ടിയിൽ അടിയുറച്ചു നിന്ന വലിയൊരു വിഭാഗമുണ്ട്. അതേ ദൃഢതയോടെ അവരിപ്പോൾ കൂടെയില്ലെന്നു നേതാക്കൾ തിരിച്ചറിയുന്നു. ഇതു രാഷ്ട്രീയമായ പരാജയമാണെന്നു കാണാതെ വയ്യ. വലിയ പ്രതിസന്ധിയുടെ കാലങ്ങളിൽ താഴേത്തട്ടു വരെ ഇടപെട്ടും വിശദീകരണം നടത്തിയും അണികളെ ഉറപ്പിച്ചു നിർത്തിയ പാർട്ടി, ഇപ്പോൾ അതെല്ലാം കെട്ടഴിഞ്ഞു പോകുന്നതിനു സാക്ഷിയാകുന്നു.  കണക്കുകൾ ശേഖരിക്കുന്നു, ആധികാരികമായ വിലയിരുത്തലിനു സമയമായില്ല എന്നാണു ജില്ലാ നേതൃത്വം പറയുന്നത്.

ഉറപ്പുള്ള മണ്ണ് ഇളകുന്നു ?
പിന്നാക്ക, പട്ടികവിഭാഗ വോട്ട് ബാങ്കിൽ കാര്യമായ കുറവ് ഉണ്ടായതായി സിപിഎം കരുതുന്നു. ന്യൂനപക്ഷ സ്വാധീന മേഖലകളിൽത്തന്നെ സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ  ബാധിച്ചില്ലെന്നാണു നേതാക്കളുടെ വാദം. പക്ഷേ ചില മേഖലകളിൽ പ്രാദേശിക നേതാക്കളുടെ ചെയ്തികൾ, സ്ഥിരമായി പിന്തുണച്ചിരുന്ന ഒരു വിഭാഗം വോട്ടർമാരെ അകറ്റിയെന്ന യാഥാർഥ്യം മറുവശത്തുണ്ട്. ആരിഫ് മൂന്നാം സ്ഥാനത്തായ കായംകുളവും ഹരിപ്പാടും നേതൃത്വത്തെ അസ്വസ്ഥരാക്കുമെന്ന് ഉറപ്പ്. അതിൽത്തന്നെ കായംകുളത്തെ പാർട്ടി പ്രശ്നങ്ങൾ  അവഗണിക്കാനാകില്ല. പത്തിയൂർ, ചെട്ടികുളങ്ങര പഞ്ചായത്തുകളിലെ തിരിച്ചടിയും മുന്നറിയിപ്പാണ്. വോട്ടർമാരിലെ അതൃപ്തിയുടെയും നിരാശയുടെയും സൂചനയാണിത്. 

കഴിഞ്ഞ തവണ വൻ ലീഡ് നേടിയ, വയലാർ രക്തസാക്ഷികളുടെ മണ്ണായ ചേർത്തലയിൽ പോലും സ്ഥാനാർഥി പിന്നിലായതിനെ ന്യായീകരിക്കാൻ പ്രയാസമാകും. പുന്നപ്ര രക്തസാക്ഷികളുടെ മണ്ണായ അമ്പലപ്പുഴയിൽ മൂന്നാമതായില്ലെങ്കിലും എൻഡിഎയുമായി 110 വോട്ടിന്റെ മാത്രം വ്യത്യാസമേയുള്ളൂ എന്നതും പാർട്ടിക്കു തലവേദനയാണ്. പ്രത്യയശാസ്ത്ര അടിത്തറയില്ലാത്ത ചിലർ പ്രാദേശികമായെങ്കിലും നേതൃത്വത്തിൽ എത്തിയതിന്റെ ദോഷം ചില മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പരിഹാരക്രിയ ഉടൻ തുടങ്ങിയില്ലെങ്കിൽ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ കൂടുതൽ കുഴപ്പമാകും എന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂനപക്ഷ, പരമ്പരാഗത വോട്ടുകൾ കിട്ടിയില്ല: നാസർ
ആലപ്പുഴ ∙ പ്രതീക്ഷിച്ചത്ര ന്യൂനപക്ഷ വോട്ടുകൾ കിട്ടിയില്ല,  പരമ്പരാഗതമായി കിട്ടിയിരുന്ന വോട്ടുകൾ എൻഡിഎയിലേക്കു പോയി - ജില്ലയിലെ ലോക്‌സഭാ സീറ്റുകളിൽ എൽഡിഎഫിന്റെ തോൽവിക്കു കാരണം ഇതാണെന്നു സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ. മുന്നണിയെ തുണച്ചിരുന്ന പിന്നാക്ക വിഭാഗങ്ങളുടെയും പട്ടിക വിഭാഗങ്ങളുടെയും വോട്ടാണ് എൻഡിഎയ്ക്കു കിട്ടിയത്. അവർക്കു വോട്ട് കൂടാൻ അതാണു പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com