ADVERTISEMENT

ആലപ്പുഴ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ അമ്പരപ്പിലാണ് ഇരു മുന്നണികളും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 17.22% ആയിരുന്ന എൻഡിഎയുടെ വോട്ടുവിഹിതം ശോഭ 28.3% ആക്കി. അതോടെ, സംസ്ഥാനത്ത് എൻഡിഎ വോട്ട് വിഹിതം ഏറ്റവും കൂട്ടിയ മണ്ഡലമായി ആലപ്പുഴ. എൻഡിഎയുടെ മുന്നേറ്റത്തിൽ ഏറ്റവും ആഘാതമേറ്റത് എൽഡിഎഫിനാണ് – കുറഞ്ഞത് 8.7% വോട്ടുകൾ. വിജയിച്ചെങ്കിലും യുഡിഎഫിന്റെ വോട്ടു വിഹിതത്തിലും 1.74 ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ ധ്രുവീകരണത്തിൽ ബിജെപി വോട്ടുകൾ കുത്തനെ ഉയർന്നിരുന്നു. 

2014 ലെ തിരഞ്ഞെടുപ്പിൽ 4.31% ആയിരുന്ന വോട്ടു വിഹിതം കഴിഞ്ഞ വർഷം 17.22% ആയി– 12.91% വർധന. എന്നാൽ ഇത്തവണ അത്തരമൊരു സാഹചര്യമില്ലാതിരുന്നിട്ടും ശോഭ സുരേന്ദ്രൻ മൂന്നു ലക്ഷത്തിനടുത്ത് വോട്ടു നേടി. 2 നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫിനെ പിന്തളളി രണ്ടാമതുമെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം ചിട്ടയായി നടത്തിയ പ്രവർത്തനങ്ങൾക്കൊപ്പം ശോഭ സുരേന്ദ്രന്റെ വരവും തീരദേശം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും സാഹചര്യം കൂടുതൽ അനുകൂലമാക്കി. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ടും ’19 ൽ ആറ്റിങ്ങലിലും സമാനമായ പ്രകടനം നടത്തി മുന്നണികളെ ഞെട്ടിച്ചിട്ടുണ്ട് ശോഭ. 2009 ൽ ബിജെപി 68,804 വോട്ട് നേടിയ പാലക്കാട് മണ്ഡലത്തിൽ 2014ൽ ശോഭ നേടിയത് 1,57,553 വോട്ട്. 

2014 ലെ തിരഞ്ഞെടുപ്പിൽ ബിജെപി 90,528 വോട്ട് മാത്രം നേടിയ ആറ്റിങ്ങലിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശോഭ നേടിയത് 2,48,081 വോട്ട്. ആലപ്പുഴയിലെ വോട്ട് വിഹിതം പത്തു വർഷത്തിനിടെ 28.3% ആയി ഉയർന്നത് എൻഡിഎ നേതൃത്വം പ്രതീക്ഷയോടെയാണു കാണുന്നത്.  എൽഡിഎഫിനും യുഡിഎഫിനും സ്ഥിരമായി വോട്ടു ചെയ്തിരുന്നവരാണ് ഇത്തവണ തനിക്കു വോട്ടു ചെയ്തതെന്നു ശോഭ പറയുന്നു. പ്രചാരണം കൂടുതൽ കേന്ദ്രീകരിച്ചതു ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, അമ്പലപ്പുഴ മേഖലകളിലാണ്. അതു വോട്ടിലും  പ്രതിഫലിച്ചു. ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവർത്തനം തുടരുമെന്നും ശോഭ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി എടുത്ത പുന്നപ്രയിലെ വാടകവീട് തൽക്കാലം ഒഴിയേണ്ടെന്നാണ് തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com