ADVERTISEMENT

ആലപ്പുഴ∙ പക്ഷിപ്പനി ഏതാണ്ടു സ്ഥിരീകരിച്ചതിനാൽ ചേർത്തല താലൂക്കിലും ജൈവസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നു മന്ത്രി ജെ.ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർദേശം. ചേർത്തല നഗരസഭ, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രദേശങ്ങളിലാണ് രോഗബാധ ഏതാണ്ട് ഉറപ്പിച്ചത്. ഭോപാലിലെ ലാബിൽ നിന്നുള്ള ഫലം കിട്ടിയാലേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ. മുഹമ്മ പഞ്ചായത്തിൽ പക്ഷിപ്പനി കണ്ടെത്തിയിരുന്നു. ഈ പ്രദേശങ്ങളുടെയെല്ലാം 10 കിലോമീറ്റർ ചുറ്റളവിലുള്ള പഞ്ചായത്തുകളിൽ പക്ഷികളെ വളർത്തുന്നവർ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണു നിർദേശം.  

മുഹമ്മയിൽ ചത്തുവീണ കാക്കകളുടെ സാംപിൾ പരിശോധനാ ഫലം ഭോപാലിലെ ലാബിൽ നിന്ന് ഇന്നു കിട്ടിയേക്കും. സംസ്ഥാനത്താകെ 15 പക്ഷിപ്പനി പ്രഭവ കേന്ദ്രങ്ങളുള്ളതിൽ 10 എണ്ണവും ആലപ്പുഴയിലാണ്. കുട്ടനാട്ടിൽ മാത്രം 900 ചതുരശ്ര കിലോ.മീറ്റർ. ചുറ്റളവിൽ പക്ഷിപ്പനി വ്യാപിച്ചു. അവലോകന യോഗത്തിൽ മന്ത്രി പി.പ്രസാദ്, മൃഗ സംരക്ഷണ ഡയറക്ടർ എ.കൗശികൻ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ജോയി ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.

നിരോധനം ഇവിടങ്ങളിൽ
കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല നഗരസഭ, കുമരകം, അയ്മനം, ആർപ്പൂക്കര, മണ്ണഞ്ചേരി, വെച്ചൂർ, മാരാരിക്കുളം വടക്ക്, ആലപ്പുഴ നഗരസഭയിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയിൽ, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാർഡുകൾ, പട്ടണക്കാട്, വയലാർ, ചേന്നംപള്ളിപ്പുറം, വൈക്കം നഗരസഭ, ടിവി പുരം, തലയാഴം, കടക്കരപ്പള്ളി എന്നിവയാണു ജാഗ്രതാ മേഖലയിൽ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങൾ.

73601 പക്ഷികളെ കൊന്നു
ജില്ലയിൽ ഇതുവരെ 73601 വളർത്തുപക്ഷികളെ കൊന്നു മറവു ചെയ്തു. അതിൽ 60,127 താറാവുകളാണ്. കോഴി– 1227, കാട‌–952, ടർക്കി–8. കൂടാതെ അലങ്കാരപക്ഷികൾ ഉൾപ്പെടെ 203 വളർത്തുപക്ഷികളെയും കൊന്നു മറവു ചെയ്തു.

സുരക്ഷാ നടപടികൾ
1. ഫാമിലും പരിസരത്തും പുറത്തു നിന്ന് ആരെയും പ്രവേശിപ്പിക്കരുത്. അനിവാര്യ സാഹചര്യത്തിൽ അണുനശീകരണം നടത്തി മാത്രം അകത്തേക്കും പുറത്തേക്കും പോകാം.
2. പുറത്തുനിന്നുള്ള മറ്റു പക്ഷി മൃഗാദികളെ ഫാം പരിസരത്തു കടത്തരുത്. 
3. ഫാമിൽ ജോലി ചെയ്യുന്നവർ കൈയുറ, മുഖാവരണം, ഗംബൂട്ട്/ഷൂ കവർ തുടങ്ങിയവ ധരിക്കണം. ഫാം നടത്തുന്നവർ മറ്റു ഫാമുകളോ സങ്കേതങ്ങളോ സന്ദർശിക്കരുത്. 
4. ഫാമിലുള്ള പക്ഷികളുടെ കൃത്യമായ രേഖകൾ സൂക്ഷിക്കണം. അസ്വാഭാവികമായി ചാകുന്നതു ശ്രദ്ധയിൽപെട്ടാൽ ഉടൻ അടുത്തുള്ള മൃഗാശുപത്രിയിൽ അറിയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com