ADVERTISEMENT

ആലപ്പുഴ ∙ ജില്ലയിലൂടെ കടന്നുപോകുന്ന തീരദേശ റെയിൽപാതയിൽ ഇരട്ടിപ്പിക്കൽ എന്നു പൂർത്തിയാകും എന്ന ചോദ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പലപ്പുഴ മുതൽ എറണാകുളം വരെയുള്ള തീരദേശപാത ഇരട്ടിപ്പിക്കൽ പൂർത്തിയായി കൂടുതൽ ട്രെയിനുകൾ ഓടുന്നതു വരെ ജില്ലയിലെ ട്രെയിൻയാത്ര ദുരിതം തന്നെയാകുമെന്നാണു യാത്രികരുടെ പരാതി. ദുരിതം കുറയ്ക്കാൻ സഹായിക്കുന്ന വിധം കോച്ചുകൾ കൂട്ടണമെന്നു പലതവണ റെയിൽവേക്ക് അപേക്ഷ നൽകിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല. എംപിമാരും റെയിൽവേ മന്ത്രാലയവും പാത ഇരട്ടിപ്പിക്കലും കൂടുതൽ ട്രെയിനുകൾ ഓടിക്കുന്നതും ഗൗരവകരമായി ചർച്ച ചെയ്യണമെന്നു യാത്രികർ ആവശ്യപ്പെടുന്നു.

റെയിൽവേയെ സംബന്ധിച്ച പ്രധാന ആവശ്യങ്ങൾ:
∙ അമ്പലപ്പുഴ മുതൽ എറണാകുളം വരെയുള്ള തീരദേശപാത ഇരട്ടിപ്പിക്കൽ വേഗത്തിൽ പൂർത്തിയാക്കുക. നിലവിൽ കുമ്പളം– തുറവൂർ ഭാഗത്തു സ്ഥലമേറ്റെടുക്കുന്നുണ്ടെങ്കിലും തുറവൂർ– അമ്പലപ്പുഴ ഭാഗത്ത് ഇരട്ടിപ്പിക്കൽ ഇഴയുകയാണ്.
∙ ആലപ്പുഴ– ധൻബാദ് എക്സ്പ്രസിൽ (13352) മാരാരിക്കുളം എത്തുമ്പോൾ തന്നെ വലിയ തിരക്കാണ്. ട്രെയിനിൽ രണ്ടു ജനറൽ കോച്ചുകളും 5 സ്ലീപ്പർ കോച്ചുകളും 11 എസി കോച്ചുകളുമാണുള്ളത്. കോവിഡിനു മുൻപു 5 അൺറിസർവ്ഡ് കോച്ചുകളും 4 ഡീ റിസർവ്ഡ് കോച്ചുകളും ഉണ്ടായിരുന്നു. പാലക്കാട് വരെ ഒരു ഡീ റിസർവ്ഡ് കോച്ച് അനുവദിച്ചു തിരക്ക് കുറയ്ക്കണമെന്നാണു സ്ഥിര യാത്രികരുടെ ആവശ്യം.
‌∙ വൈകിട്ട് 4ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന എറണാകുളം– ആലപ്പുഴ (06015) എക്സ്പ്രസ് സ്പെഷലിലെത്തുന്ന യാത്രികർ തുടർയാത്രയ്ക്ക് ആലപ്പുഴ– കൊല്ലം മെമുവിൽ കയറേണ്ട സ്ഥിതിയാണ്. ട്രെയിൻ വൈകിയാൽ മെമു കിട്ടില്ല. ഇതിനു പരിഹാരമായി എറണാകുളം– കൊല്ലം റൂട്ടിൽ ഒറ്റ ട്രെയിൻ അനുവദിക്കണം.
∙ ആലപ്പുഴയിൽ നിന്നു വൈകിട്ട് 6.20നു പുറപ്പെടുന്ന ആലപ്പുഴ– എറണാകുളം എക്സ്പ്രസ് സ്പെഷൽ (06452) എറണാകുളം, തൃശൂർ, ഗുരുവായൂർ വരെ നീട്ടുക.
∙ എറണാകുളത്തു നിന്നു രാവിലെ 10നു പുറപ്പെട്ടിരുന്ന എറണാകുളം– കായംകുളം ഫാസ്റ്റ് പാസഞ്ചർ കോവിഡ് കാലത്തു നിലച്ചതു പുനഃസ്ഥാപിക്കുക.
∙ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ച് ആയി ഉയർത്തുക.
∙ ജനശതാബ്ദി എക്സ്പ്രസുകളിൽ കൗണ്ടർ ടിക്കറ്റുകൾ അനുവദിക്കുക.
∙ സ്ലീപ്പർ ടിക്കറ്റിന്റെ യാത്രാപരിധി 150 കിലോമീറ്ററിൽ നിന്ന് 250 കിലോമീറ്ററായി ഉയർത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com