ഫാ. തമ്പി കല്ലുപുരയ്ക്കലിന് നാടിന്റെ അന്ത്യാഞ്ജലി; അന്തരിച്ചതു മത്സ്യത്തൊഴിലാളികളുടെ കണ്ണീരൊപ്പിയ വൈദികൻ

Mail This Article
ആലപ്പുഴ ∙ ട്രോളിങ് നിരോധനത്തിനും മണ്ണെണ്ണ സബ്സിഡിക്കും വേണ്ടി നിരാഹാര സമരവും പൊലീസ് സ്റ്റേഷൻ മാർച്ചും ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തി കടലോര മത്സ്യത്തൊഴിലാളികളുടെ കണ്ണീരൊപ്പിയ വൈദികനാണ് ഇന്നലെ അന്തരിച്ച ഫാ. തമ്പി കല്ലുപുരയ്ക്കൽ. ഒറ്റമശ്ശേരി പള്ളി വികാരിയായിരിക്കെ1984 മുതൽ മത്സ്യമേഖലയിലെ സമരമുഖങ്ങളിൽ അദ്ദേഹം സജീവമായിരുന്നു.
കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവായിരുന്ന ഫാ.തമ്പി മത്സ്യബന്ധന യാനങ്ങളിലെ ഔട്ട് ബോർഡ് എൻജിനുകളിൽ ഉപയോഗിക്കുന്ന മണ്ണെണ്ണയ്ക്ക് സബ്സിഡി വേണമെന്ന മുദ്രാവാക്യം ഉയർത്തി ആദ്യമായി സമരമുഖം തുറന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ സന്ദർശിച്ച് ഈ വിഷയം ആദ്യമായി ഉന്നയിക്കുകയും ചെയ്തു. തുടർന്ന് മത്സ്യ സമ്പത്തിന്റെ സംരക്ഷണത്തിനായി ജൂൺ, ജൂലൈ ,ആഗസ്റ്റ് മാസങ്ങളിൽ 90 ദിവസം ട്രോളിങ്' നിരോധനം ആവശ്യപ്പെട്ട് ചേർത്തല താലൂക്ക് ഓഫിസിനു മുന്നിൽ 12 ദിവസം ഫാ. തമ്പി നിരാഹാരം അനുഷ്ഠിച്ചു.
അർത്തുങ്കൽ കടലിൽ നങ്കൂരമിട്ട ബോട്ടുകളെ മത്സ്യ തൊഴിലാളികൾ കത്തിച്ചതുമായി ബന്ധപ്പെട്ട സംഘർഷങ്ങളെ തുടർന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ അർത്തുങ്കൽ പോസ്റ്റ് ഓഫിസ് ഉപരോധിച്ചപ്പോൾ ലാത്തിചാർജിൽ കലാശിച്ചു. അന്ന് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ തീരദേശ മാർച്ച് ഒറ്റമശേരിയിൽ നിന്നു നയിച്ചത് ഫാ .തമ്പി കല്ലുപുരയ്ക്കൽ ആയിരുന്നു.
തീരദേശവുമായി ബന്ധമില്ലാത്ത തകഴി കുന്നുമ്മ പള്ളിയിൽ വികാരിയായ അദ്ദേഹം അവിടെ കർഷകരെയും സംഘടിപ്പിച്ചു. ചേർത്തലയിൽ വിശ്രമ ജീവിതം നയിച്ച ഫാ. തമ്പി ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് അന്തരിച്ചത്. നിര്യാണത്തിൽ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.