ADVERTISEMENT

ആലപ്പുഴ ∙ ഇത്തവണത്തെ വള്ളംകളി മത്സരങ്ങളിൽ കേരള പൊലീസ് പങ്കെടുക്കേണ്ടെന്നു നിർദേശം. പൊലീസിലെ ആൾക്ഷാമം കാരണം സേനാംഗങ്ങളെ വള്ളംകളി മത്സരത്തിനു വിടാനാകില്ലെന്നു സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലറിൽ പറയുന്നു. മത്സരിച്ച എല്ലാ സീസണിലും കേരള പൊലീസ് ബോട്ട് ക്ലബ് മികച്ച പ്രകടനം നടത്തിയിരുന്നു. ജൂൺ മുതൽ ഡിസംബർ വരെയുള്ള 6 മാസത്തോളമാണു പൊലീസുകാർ വള്ളംകളി മത്സരങ്ങളിൽ പങ്കെടുക്കാനും പരിശീലനത്തിനുമായി സേനയിലെ ജോലിയിൽ നിന്നു മാറുന്നത്. തുഴച്ചിലുകാരും പരിശീലകരുമായി നൂറിലേറെ പൊലീസുകാരാണു കേരള പൊലീസ് പുരുഷ ടീമിന്റെ ഭാഗമായുണ്ടാവുക. ഇക്കാലയളവിലെ ക്രമസമാധാന പ്രശ്നങ്ങളും മറ്റും കൈകാര്യം ചെയ്യുമ്പോൾ ആൾബലത്തിലെ കുറവു സേനയുടെ പ്രവർത്തനത്തെ ബാധിക്കുന്നെന്നാണു വിശദീകരണം. എന്നാൽ പൊലീസ് ബോട്ട് ക്ലബ്ബിനെതിരെയുള്ള ആരോപണങ്ങൾ കൂടി കണക്കിലെടുത്താണു നിർദേശമെന്നാണു സൂചന.

കഴിഞ്ഞ സീസണുകളിൽ പൊലീസ് ബോട്ട് ക്ലബ്ബിനെതിരെ മറ്റു ക്ലബ്ബുകൾ പരാതി ഉന്നയിച്ചിരുന്നു. രാജ്യത്തെ മറ്റു സേനകളിൽ ജോലി ചെയ്യുന്ന കനോയിങ്, കയാക്കിങ് താരങ്ങളെ കേരള പൊലീസ് ടീമിനു തന്നെ നൽകണമെന്നു നിർദേശിക്കുന്നതു മറ്റു ക്ലബ്ബുകൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നെന്നതാണു പ്രധാന ആരോപണം. 2022ൽ മാന്നാർ മഹാത്മാ വള്ളംകളിയിൽ മറ്റൊരു വള്ളത്തിലെ തുഴക്കാരനെ പൊലീസ് ടീമംഗം തുഴ വച്ചു തള്ളുകയും തുടർന്നു വള്ളം മറിയുകയും ചെയ്തിരുന്നു. സംഭവം അന്നു വിവാദമായിരുന്നു. സർക്കാർ ശമ്പളം വാങ്ങുന്ന പൊലീസുകാർ സ്വകാര്യ വ്യക്തിയെ ക്യാപ്റ്റനാക്കി വള്ളംകളിയിൽ പങ്കെടുക്കുന്നതിനെതിരെയും വിമർശനമുണ്ടായിരുന്നു.

മൂന്നു സിബിഎൽ സീസണുകളിലും നാലു നെഹ്റു ട്രോഫി വള്ളംകളികളിലുമാണു കേരള പൊലീസ് ടീം പങ്കെടുത്തത്. ഇതിലെല്ലാം ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുകയും ചെയ്തു. 2019ൽ പ്രഥമ സിബിഎലിൽ രണ്ടാം സ്ഥാനവും 2022, 2023 സിബിഎലുകളിൽ മൂന്നാം സ്ഥാനവും നേടി. 2018, 2019 നെഹ്റു ട്രോഫികളിൽ രണ്ടാം സ്ഥാനവും 2022, 2023 നെഹ്റു ട്രോഫി കളിൽ മൂന്നാം സ്ഥാനവും നേടി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കായിരുന്നു ടീമിന്റെ ചുമതല. ടീം മത്സരിക്കുന്നില്ലെങ്കിലും പൊലീസ് ടീമിലെ പ്രധാന തുഴച്ചിലുകാർ മറ്റു ക്ലബ്ബുകൾക്കു വേണ്ടി തുഴഞ്ഞേക്കും.

വനിതാ ടീമുമില്ല
നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത രണ്ടു തവണയും തെക്കനോടി തറ വിഭാഗത്തിൽ വിജയിച്ച കേരള പൊലീസ് ബോട്ട് ക്ലബ് വനിതാ ടീം ഇത്തവണയും മത്സരിക്കില്ല. 2018ൽ പുരുഷ ടീം വള്ളംകളിയിൽ മത്സരിക്കാൻ തുടങ്ങിയതിനു പിന്നാലെ 2019ലാണു പൊലീസ് വനിതാ ടീമും എത്തിയത്. ആ വർഷം തന്നെ ജേതാക്കളായി. കോവിഡിനു ശേഷം 2022ൽ വള്ളംകളി പുനരാരംഭിച്ചപ്പോഴും അവർ ജേതാക്കളായി.  എന്നാൽ ടീമിലേക്കു വരാൻ ആർക്കും താൽപര്യമില്ലെന്നു ചൂണ്ടിക്കാട്ടി 2023 സീസണിൽ ടീം രൂപീകരിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com