ADVERTISEMENT

ഹൃദയാഘാതം വന്ന വീട്ടമ്മ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ കാത്തു കിടന്നതു 4 മണിക്കൂർ. ഒടുവിൽ ഡോക്ടർ എത്തിയെങ്കിലും അവർ മരണത്തിനു കീഴടങ്ങി. മൂന്നു മാസം മുൻപാണു സംഭവം. ശുചിമുറിയിൽ കുഴഞ്ഞുവീണ പല്ലന സ്വദേശിയായ നാൽപതുകാരിയെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണെത്തിച്ചത്. അവിടെ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അത്യാഹിത വിഭാഗത്തിൽ നാലു മണിക്കൂറോളം ഡോക്ടറെ കാത്തുകിടന്നു. ഒടുവിൽ ബന്ധുക്കൾ ബഹളം വച്ചതോടെ അത്യാഹിത വിഭാഗത്തിലെ ഹൃദ്രോഗികൾക്ക് അടിയന്തര ചികിത്സ നൽകുന്ന പുനരുജ്ജീവന മുറിയിലേക്ക് മാറ്റി. അവിടെ നിന്നു തീവ്ര പരിചരണ വിഭാഗത്തിലേക്കും.  ഒരു മണിക്കൂറിനു ശേഷം രോഗി മരിച്ചു. 

അത്യാഹിത വിഭാഗത്തിൽ പോലും ആവശ്യത്തിനു ഡോക്ടർമാരില്ലാത്തതാണു മെഡിക്കൽ കോളജ് ആശുപത്രിയുടെ ഏറ്റവും വലിയ ദുരവസ്ഥ. പിജി വിദ്യാർഥികളും ഹൗസ് സർജൻമാരും മാത്രമാണു പലപ്പോഴും അത്യാഹിത വിഭാഗത്തിൽ ഉണ്ടാവുക. വിവിധ ചികിത്സ വകുപ്പുകളിലും ഇതു തന്നെയാണ് അവസ്ഥ. നൂറ്റൻപതോളം രോഗികളുള്ള വാർഡുകളുടെ ചുമതല ഒരു ഡോക്ടർക്കായിരിക്കും. ഉച്ച കഴിഞ്ഞാൽ മിക്ക വകുപ്പുകളിലും പ്രധാന ഡോക്ടർമാർ ഉണ്ടാകില്ല. ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിയന്ത്രിക്കാനും ആരുമില്ല. ഇതു നിയന്ത്രിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നു എന്നതാണു വിചിത്രം.

സർക്കാരിൽ നിന്നു നോൺ പ്രാക്ടീസ് അലവൻസ് വാങ്ങുന്ന ഡോക്ടർമാരുൾപ്പെടെ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നതായാണു വിവരം.  നിരന്തരം പരാതി ഉയരുന്ന ഗൈനക്കോളജി വിഭാഗത്തിൽ മാത്രം 6 അസി. പ്രഫസർമാരുടെ ഒഴിവുണ്ട്. 1964 ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും നിയമനം. രോഗികളുടെ എണ്ണം വർധിച്ചെങ്കിലും ആനുപാതികമായി ജീവനക്കാരുടെ എണ്ണം വർധിച്ചിട്ടില്ല. എന്നാൽ മെഡിക്കൽ കൗൺസിൽ മാനദണ്ഡമനുസരിച്ചു വേണ്ട ഡോക്ടർമാർ ഇവിടെയുണ്ടെന്നും സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട ചില കേസുകൾ ഉള്ളതിനാൽ ചില വിഭാഗങ്ങളിൽ മാത്രം ഡോക്ടർമാർ കുറവുണ്ട് എന്നുമാണു മെഡിക്കൽ കോളജ് അധികൃതരുടെ മറുപടി. 

പരിശോധനയെല്ലാം ‘നടന്ന’തു തന്നെ
∙ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗിക്ക് അടിയന്തരമായി ഒരു സ്കാനിങ് വേണമെങ്കിൽ അങ്ങോട്ടുമിങ്ങോട്ടുമായി അര കിലോമീറ്റർ നടക്കണം. തള്ളാൻ കൂടെ ആളുണ്ടെങ്കിൽ വീൽചെയറിലോ സ്ട്രെച്ചറിലോ പോകാം.  ഹൃദയ പരിശോധനയായ എക്കോകാർഡിയോഗ്രഫി  സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലാണ്. ഹൃദ്രോഗ വിഭാഗം പ്രധാന ബ്ലോക്കിലും. ആംബുലൻസ് ഇല്ലെങ്കിൽ പ്രധാന  ബ്ലോക്കിൽ നിന്ന് സൂപ്പർ സ്പെഷ്യൽറ്റിയിലേക്കു രോഗികളെ എത്തിക്കുന്നതു ബുദ്ധിമുട്ടാണ്. ഹൃദ്രോഗ വിഭാഗത്തിൽ നിന്നു സ്കാനിങ് സെന്ററിലേക്ക് 300 മീറ്ററോളം ദൂരമാണ്. തിരിച്ചുള്ള നടപ്പുകൂടിയാകുമ്പോൾ അര കിലോമീറ്ററിലും കൂടുതലാകും.

ജനറൽ വാർഡിൽ നിന്നു മരുന്നു വാങ്ങാനായി ഫാർമസിയിൽ പോകാൻ അര കിലോമീറ്റർ നടക്കണം. മിക്ക മരുന്നുകളും ആശുപത്രി ഫാർമസിയിൽ ഇല്ലാത്തതിനാൽ പുറത്തുള്ള സ്വകാര്യ ഫാർമസിയിലേക്ക് എത്തണമെങ്കിൽ ഇതിന്റെ ഇരട്ടിയോളം നടക്കണം.  ഇത്രയൊക്കെ ദൂരം നടന്നു ചെന്നാൽ പരിശോധനകൾ കൃത്യമായി ചെയ്യാൻ കഴിയുമെന്നും ഉറപ്പില്ല. ദിവസേന ആയിരക്കണക്കിനു രോഗികളെത്തുന്ന മെഡിക്കൽ കോളജ് ആശുപത്രിക്ക് ഒരു എംആർഐ സ്കാനിങ് മെഷീൻ മാത്രമാണുള്ളത്. സ്കാനിങ് ബുക്ക് ചെയ്യുന്നവർക്ക് ആഴ്ചകൾക്കു ശേഷമാണു സമയം അനുവദിക്കുന്നത്. ഗുരുതര രോഗികൾ പോലും ദീർഘനാൾ കാത്തിരിക്കേണ്ടി വരുന്നു. സിടി സ്കാനിങ് മെഷീനും ഒരെണ്ണം മാത്രമായതിനാൽ അവിടെയും ഇതു തന്നെയാണു സ്ഥിതി. 

ആലപ്പുഴ മെഡിക്കൽ കോളജ് വളപ്പിൽ പിജി ഹോസ്റ്റലിലേക്കുള്ള വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം. ചിത്രങ്ങൾ : നിഖിൽരാജ് / മനോരമ
ആലപ്പുഴ മെഡിക്കൽ കോളജ് വളപ്പിൽ പിജി ഹോസ്റ്റലിലേക്കുള്ള വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം. ചിത്രങ്ങൾ : നിഖിൽരാജ് / മനോരമ

വഴിയിൽ മൂക്ക്  പൊത്തണം: വിശ്രമകേന്ദ്രത്തിൽ കണ്ണും 
∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ മാലിന്യസംസ്കരണത്തിന് കൃത്യമായ സംവിധാനമൊക്കെയുണ്ട്, പക്ഷേ കൃത്യമായി നടക്കുന്നില്ലെന്നു മാത്രം. കോളജിൽ നിന്നു പിജി ഹോസ്റ്റലിലേക്കുള്ള വഴിയരികിൽ മാലിന്യം കൂടിക്കിടക്കുന്നു. ഇതിനടുത്തായി പ്രവർത്തനം നിലച്ച ഖരമാലിന്യ സംസ്കരണ പ്ലാന്റ്. ആശുപത്രിയിൽ നിന്നുള്ള മലിനജലം ഇപ്പോഴും മെഡിക്കൽ കോളജ്  വളപ്പിലൂടെ പുറത്തേക്ക് ഒഴുകുന്ന  കാപ്പിത്തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. എന്നാൽ ജൈവമാലിന്യങ്ങൾ കിൽ എന്ന ഏജൻസിക്കു കൈമാറുകയും ഭക്ഷ്യമാലിന്യങ്ങൾ ബയോഗ്യാസ് പ്ലാന്റിൽ സംസ്കരിക്കുകയും ചെയ്യുന്നുവെന്നാണു അധികൃതരുടെ മറുപടി.

പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനും കരാർ നൽകിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.  രോഗികളുടെ കൂട്ടിരിപ്പുകാർക്കായി സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിനു സമീപം സ്ഥാപിച്ച വിശ്രമകേന്ദ്രത്തിന്റെ ഒന്നാം നില പൂട്ടിക്കിടക്കുകയാണ്. താഴത്തെ നിലയിൽ ആരൊക്കെയാണ് വിശ്രമിക്കുന്നതെന്ന് ആർക്കുമറിയില്ല. സുരക്ഷാ ജീവനക്കാർ ഇല്ലാത്ത ഇവിടെ രാത്രി സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണെന്നു പരാതിയുണ്ട്. സുരക്ഷാ ജീവനക്കാരനെ നിയമിച്ചാലും കൂട്ടിരിപ്പുകാർ തറയിൽ വിശ്രമിക്കേണ്ടി വരും. കട്ടിലോ കസേരകളോ ഇവിടെയില്ല. 

ആർക്കും കയറാം ആരും ചോദിക്കില്ല 
∙ മെഡിക്കൽ കോളജിലെ ദുരവസ്ഥയറിയാൻ മനോരമ വാർത്താ സംഘം മെഡിക്കൽ കോളജിലെ പ്രധാന ബ്ലോക്കിലും  സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലും പല തവണ കയറിയിറങ്ങി. ചിത്രങ്ങൾ പകർത്തി. ഒരിടത്തും സുരക്ഷാ ജീവനക്കാരുടെ ചോദ്യമുണ്ടായില്ല. പലയിടത്തും സുരക്ഷാ ജീവനക്കാർ പോലുമില്ല. 40 സെക്യൂരിറ്റി പോയിന്റുകളാണ് മെഡിക്കൽ കോളജ് ആശുപത്രിയിലിലുള്ളത്. 3 ഷിഷ്റ്റുകളിലായി ജോലി ചെയ്യാൻ 120 പേരെങ്കിലും വേണ്ടിടത്ത് ആകെയുള്ളത് 50 പേർ മാത്രം.  നേരത്തെ 12 പൊലീസുകാർ ഉണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റിൽ ഇപ്പോഴുള്ളത് 3 ഷിഫ്റ്റുകളിലായി 3 പേർ മാത്രം. ആശുപത്രിയിൽ ക്രമസമാധാന പ്രശ്നമുണ്ടായാൽ പരിഹരിക്കാൻ പൊലീസിനു കഴിയില്ലെന്നു ചുരുക്കം.  മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധപ്പെട്ടു ജനത്തിനു മാത്രമല്ല ഡോക്ടർമാർക്കും ജീവനക്കാർക്കുമെല്ലാം ഒട്ടേറെ സ്വപ്നങ്ങളുണ്ട്.  അതേക്കുറിച്ചു നാളെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com