ചെളിക്കുളമായി മുതവഴി മായിക്കര റോഡ്; ഇരുചക്ര വാഹനങ്ങൾക്ക് അപകടം പതിവ്

Mail This Article
പാണ്ടനാട് ∙ മുതവഴി–വെളിയത്തുപടി– മായിക്കര റോഡിൽ യാത്ര അപകടകരം. തകർന്നു കിടക്കുന്ന റോഡ് മഴക്കാലമായതോടെ ചെളിക്കുണ്ടായി. ഇതോടെ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപെടുന്നതു പതിവായിരിക്കുന്നു. 5, 6 വാർഡുകളിലായി കടന്നു പോകുന്ന റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് മൂലം നടന്നു പോകാൻ പോലും ബുദ്ധിമുട്ടാണ്.സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനു യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്. സൈക്കിളിലും നടന്നും പോകുന്ന വിദ്യാർഥികൾ ചെളിയിൽ തെന്നി വീഴുന്നതും നിത്യസംഭവമാണ്.
കിളിയന്ത്ര ഭാഗത്തുനിന്നു പാണ്ടനാട്– പരുമല–ചെങ്ങന്നൂർ റോഡിലെത്താനും പിണ്ണാക്കേരി –മുണ്ടൻകാവ് ഭാഗത്തേക്ക് എത്താനും എളുപ്പവഴി ആയതിനാൽ റോഡിനെ ആശ്രയിക്കുന്നവർ ഏറെയാണ്. ടാറിട്ട റോഡിന്റെ പല ഭാഗങ്ങളിലും ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മായിക്കര ഭാഗത്ത് വൻ വെള്ളക്കെട്ടായതിനാൽ ഇതുവഴി കടന്നു പോകാൻ യാത്രക്കാർ ഏറെ പ്രയാസപ്പെടുന്നു. റോഡ് അടിയന്തരമായി നന്നാക്കണമെന്ന ആവശ്യം ശക്തമായിട്ടും അധികൃതർക്ക് അനക്കമില്ലെന്നാണു നാട്ടുകാരുടെ പരാതി.