ADVERTISEMENT

എടത്വ ∙ വെള്ളപ്പൊക്കത്തെ തുടർന്ന് ഇടത്തോടുകളും കൈവഴികളും പോളയുടെ പിടിയിലമർന്നു. വെള്ളം പൊങ്ങിയതോടെ പാടശേഖരങ്ങളിൽ കിടന്ന പോളയും തോട്ടിലേക്ക് ഒഴുകിയെത്തുകയായിരുന്നു. പല തോടുകളും ആളിറങ്ങിയാൽ താഴാത്ത അത്രയും പോള തിങ്ങിനിറഞ്ഞു കിടക്കുകയാണ്.പോള മൂടിയതോടെ ഇടത്തോടുകളിലെ ഗതാഗതം പൂർണമായും നിലച്ചു. ഉൾനാടൻ മത്സ്യബന്ധനവും ഏതാണ്ടു നിലച്ച മട്ടാണ്. എടത്വ പഞ്ചായത്ത് പച്ച പാണംതോട്, ഒറ്റാറയ്ക്കൽ തോട്, പാണ്ടങ്കരി 34ൽ തോട്, തലവടി പാരേത്തോട്, പുതുക്കരി മാമ്പുഴക്കരി തോട്, കളങ്ങര വെട്ടുതോട് എന്നിവയിലെല്ലാം പോള തിങ്ങിനിറഞ്ഞു കിടക്കുകയാണ്. തൊഴിലുറപ്പു പദ്ധതിയിൽ പോള വാരൽ പാടില്ല എന്നു പറഞ്ഞു നീക്കം ചെയ്യാറില്ല. 

എന്നാൽ തൊഴിലുറപ്പു തൊഴിലാളികൾ റോഡിന്റെ ഇരുവശവും പുല്ലും, വള്ളിപ്പടർപ്പുകളും, കുറ്റിച്ചെടികളും ചെത്തിയെടുത്തു തോട്ടിലേക്ക് ഇടുന്നതും പതിവാണ്.ദിവസം ചെല്ലുന്തോറും റോഡിന്റെ വീതി കുറഞ്ഞുവരികയും, തോട്ടിലേക്ക് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയുമാണ്. പോള കിടന്നു നീരൊഴുക്കു നിലച്ചു വെള്ളം മലിനമായതോടെ ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കാനും സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്. 

പല തോടുകളും പാടശേഖരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. കൃഷി ആരംഭിച്ചതോടെ പല ആവശ്യങ്ങൾക്കും തോടിനെ ആശ്രയിക്കണം.എന്നാൽ പോള മൂടിയതോടെ ഇതിനും സാധിക്കുന്നില്ലെന്നാണു കർഷകർ പറയുന്നത്.സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വല്ലപ്പോഴും പോള നീക്കം ചെയ്യുന്നതു മാത്രമാണ് ഏക ആശ്വാസം. തലവടി പഞ്ചായത്തിലെ പ്രധാന നദിയായ പമ്പ നദിയിൽ ഹൈസ്കൂൾ, കളത്തിൽപടി, തോട്ടയ്ക്കാട്ട് പടി എന്നിവിടങ്ങളിൽ വർഷങ്ങളായി പോള കിടന്ന് എക്കൽ അടിഞ്ഞ് നദി പകുതി ഭാഗം കര ആയിരിക്കുകയാണ്.ഇതു നീക്കം ചെയ്യണമെന്നു നാട്ടുകാരും സന്നദ്ധ സംഘടനകളും നിരന്തരം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com