പക്ഷിപ്പനി: 2 വാർഡുകളിൽ ഇന്ന് കള്ളിങ്
Mail This Article
ആലപ്പുഴ∙ കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ 12–ാം വാർഡിലും ഇതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വയലാർ പഞ്ചായത്തിലെ അഞ്ചാം വാർഡിലും ഇന്നു കള്ളിങ് (വളർത്തുപക്ഷികളെ ശാസ്ത്രീയമായി കൂട്ടത്തോടെ കൊന്നൊടുക്കൽ) നടക്കും. ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ 1300 വളർത്തുപക്ഷികളെയും വയലാർ പഞ്ചായത്തിലെ 5–ാം വാർഡിലെ 100 വളർത്തുപക്ഷികളെയുമാണ് കൊന്നൊടുക്കുന്നത്.
അതേ സമയം ജില്ലയിൽ പക്ഷിപ്പനി വ്യാപനം കുറയുന്നതായാണു മൃഗസംരക്ഷണവകുപ്പിന്റെ വിലയിരുത്തൽ. ചേന്നംപള്ളിപ്പുറത്തു നിന്ന് 27ന് ശേഖരിച്ച സാംപിളിലാണു രോഗം സ്ഥിരീകരിച്ചത്. ഇതിനു ശേഷം കഴിഞ്ഞ 7 ദിവസമായി ജില്ലയിൽ എവിടെയും പക്ഷികൾ കൂട്ടത്തോടെ ചാകുന്ന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിലേക്ക് ഇതുവരെ അയച്ച മുഴുവൻ സാംപിളുകളുടെയും പരിശോധനാഫലം ലഭിച്ചതായും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.