പച്ച ചെക്കിടിക്കാട് ലൂർദ് മാതാ സ്കൂളിന് മുൻപിൽ അപകട ഭീഷണി; നടപടി എടുക്കാതെ അധികൃതർ

Mail This Article
എടത്വ ∙ സ്കൂൾ അധികൃതരും, രക്ഷിതാക്കളും നിരന്തര പരാതി നൽകിയിട്ടും പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിന് മുൻപിലും, ജംക്‌ഷനിലും സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാനോ, ഹോം ഗാർഡിന്റെ സേവനം ലഭ്യമാക്കാനോ അധികൃതർ തയാറാകുന്നില്ലെന്നു പരാതി. നൂറുകണക്കിനു കുട്ടികൾ പഠിക്കുന്ന ഇവിടെ രാവിലെയും വൈകിട്ടും വാഹനങ്ങളുടെ അമിതവേഗം കാരണം അപകടം പതിവാകുന്നതായി പരാതിയുണ്ട്. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയോട് ചേർന്നാണ് സ്കൂൾ പ്രവർത്തിക്കുന്നത്. എൽ.പി സ്കൂൾ മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് മുൻപിലെ റോഡിൽ സീബ്ര ലൈൻ പോലും വരച്ചിട്ടില്ല. എസി റോഡ് നവീകരണത്തോടെ അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിലെ തിരക്ക് ക്രമാതീതമായി വർധിച്ചിരുന്നു.
ഇതോടെ വിദ്യാർഥികൾക്ക് റോഡിന് കുറുകെ കടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. സുരക്ഷ മുന്നറിയിപ്പ് ബോർഡിന്റെ അഭാവം മൂലം ദൂരെ നിന്നെത്തുന്ന വാഹനങ്ങൾക്കു വേഗം നിയന്ത്രിക്കാൻ കഴിയാതെ അപകടത്തിൽ പെടുന്നതും പതിവ് കാഴ്ചയാണ്.മുൻകാലങ്ങളിൽ സ്കൂൾ സമയത്ത് ഹോം ഗാർഡിനെ നിയമിച്ചിരുന്നു. ഏതാനും വർഷത്തിലേറെയായി ഹോം ഗാർഡിന്റെ സേവനവും ലഭ്യമല്ല. സ്കൂൾ അധികൃതർ പരാതി പറയുമ്പോൾ എടത്വ പൊലീസ് സ്കൂൾ സമയത്ത് എത്തുമെങ്കിലും ഏതാനും ദിവസങ്ങൾ മാത്രമാണു സുരക്ഷാ ക്രമീകരണങ്ങൾ നടത്താറുള്ളത്. പിന്നെ പഴയതു പോലെയാകും അടിയന്തരമായി സ്കൂളിനു മുൻപിൽ അപകട മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കണമെന്നും സ്കൂൾ സമയത്തു ഹോം ഗാർഡിന്റെ സേവനം ലഭ്യമാക്കണമെന്നും സ്കൂൾ അധികൃതരും പിടിഎയും ആവശ്യപ്പെട്ടു.