തിരുവൻവണ്ടൂരുകാരുടെ കാത്തിരിപ്പ് അവസാനിക്കുന്നു; തെക്കുംമുറി പാലം കര തൊടാനൊരുങ്ങുന്നു

Mail This Article
ചെങ്ങന്നൂർ ∙ മൂന്നു കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ വരട്ടാറിനു കുറുകെയുള്ള തെക്കുംമുറി പാലം കര തൊടാനൊരുങ്ങുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു തിരുവൻവണ്ടൂരുകാർ. എന്നാൽ സമീപനപാതയുടെ നിർമാണം മുടങ്ങിയതോടെ ആശങ്കയിലായി ഇവർ. മണ്ണ് കിട്ടാത്തതാണു കാരണമെന്ന് ഉദ്യോഗസ്ഥർ പറയുമ്പോഴും പുതുക്കിയ അടങ്കൽ തുകയ്ക്ക് അംഗീകാരം ലഭിക്കാൻ വൈകുന്നതാണു കാരണമെന്ന് അറിയുന്നു. 2021 ഡിസംബർ 13നാണ് പഴയ പാലം പൊളിച്ചത്. അതോടെ നന്നാടും തിരുവൻവണ്ടൂരും തമ്മിലുള്ള സഞ്ചാരപാത മുറിഞ്ഞു. വരട്ടാറ്റിൽ വെള്ളം ഉയരുമ്പോൾ താൽക്കാലിക പാലത്തിലൂടെ ഭയന്നു യാത്ര ചെയ്യുകയാണു നാട്ടുകാർ.
5.7 കോടി രൂപ ചെലവിൽ പുതിയ പാലത്തിന്റെ നിർമാണം ഈ മഴക്കാലത്തിനു മുൻപെങ്കിലും പൂർത്തിയായേക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ കോൺക്രീറ്റിങ് കഴിഞ്ഞെങ്കിലും സമീപനപാതയുടെ നിർമാണം പൂർത്തിയാകാത്തതിനാൽ പാലം കരതൊട്ടിട്ടില്ല. ഒരു വശത്തു സമീപനപാതയ്ക്കായി മണ്ണിട്ടു. മറുവശത്ത് ആഴ്ചകളായി പാത നിർമാണം മുടങ്ങിക്കിടക്കുന്നു. നിലവിൽ കൈവരിയുടെ നിർമാണം നടത്തുകയാണ് ജോലിക്കാർ. അതേസമയം സമീപനപാതയുടെ നിർമാണത്തിനു മണ്ണു കിട്ടാനുള്ള ബുദ്ധിമുട്ടു മൂലമാണു നിർമാണം വൈകുന്നതെന്നു റീബിൽഡ് കേരള ഉദ്യോഗസ്ഥർ പറഞ്ഞു. തടസ്സങ്ങൾ നീങ്ങിയാൽ ഒരു മാസത്തിനകം പാലം തുറന്നു കൊടുക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും ഇവർ പറഞ്ഞു.
തെക്കുംമുറി എട്ടിൽ ഒന്ന്
വരട്ടാറ്റിൽ നീരൊഴുക്കിനു തടസ്സമായിരുന്നു പാലങ്ങൾക്കും ചപ്പാത്തുകൾക്കും പകരം നിർമിക്കുന്ന എട്ടു പാലങ്ങളിൽ ഒന്നാണു തെക്കുംമുറി പാലം. പുതുക്കുളങ്ങര, ആനയാർ, തൃക്കയിൽ പാലങ്ങളുടെ നിർമാണം പൂർത്തിയായി തുറന്നു കൊടുത്തിരുന്നു. വഞ്ഞിപ്പോട്ടിൽ കടവ് പാലത്തിനു ടെൻഡർ നടപടികൾ നടക്കുന്നു. വഞ്ചിമൂട്ടിൽ കടവ്, മാമ്പറ്റക്കടവ്, പ്രയാറ്റുകടവ് പാലങ്ങളും നിർമിക്കാനുണ്ട്.