ADVERTISEMENT

മാവേലിക്കര ∙ കോട്ടത്തോട് മാലിന്യ മുക്തമാക്കി കയ്യേറ്റം ഒഴിപ്പിക്കുമെന്ന പ്രഖ്യാപനം പ്രഹസനമായി, കയ്യേറ്റം തടസ്സമില്ലാതെ തുടരുമ്പോൾ നടപടി സ്വീകരിക്കാൻ നഗരസഭ അധികൃതർ മടിക്കുന്നു. നഗരത്തിലൂടെ ഒഴുകുന്ന ‘മാലിന്യത്തോടായ’ കോട്ടത്തോട് മാലിന്യമുക്തമാക്കി കയ്യേറ്റം പൂർണമായി ഒഴിവാക്കുമെന്നു 2 വർഷം മുൻപു പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജനപ്രതിനിധികൾ, നഗരസഭ, റവന്യു, പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകൾ ചേർന്നു വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. കയ്യേറ്റം നടത്തിയ ചിലർക്കു നോട്ടിസ് നൽകിയെങ്കിലും തുടർനടപടി പ്രഹസനമായി. ജനപ്രതിനിധികളിൽ ചിലർ കയ്യേറ്റക്കാരെ പിന്തുണയ്ക്കുന്നതിനാൽ നഗരസഭ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നതിൽ പിന്നാക്കം പോയെന്നാണ് ആക്ഷേപം. കയ്യേറ്റം ഒഴിപ്പിക്കൽ നടപടി നിലച്ചതിനു പിന്നാലെ വിവിധ സ്ഥലങ്ങളിൽ കയ്യേറ്റം വർധിച്ചു.

കോട്ടത്തോടിനു മുകളിൽ കോൺക്രീറ്റ് ചെയ്തിട്ട സ്ലാബ് ഉൾപ്പെടെ കയ്യേറി ചില സ്വകാര്യ വ്യക്തികൾ ഉപയോഗിക്കുന്നതിനു പിന്നാലെ ഈ ഭാഗത്തു സ്ഥിരം മേൽക്കൂര സ്ഥാപിക്കുന്നതിനു നിർമാണം ആരംഭിച്ചിട്ടും നഗരസഭ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു. തഴക്കരയിൽ അനുമതി പോലും വാങ്ങാതെ നിർമിച്ച കാർ പോർച്ച് തകർന്നു വീണു 2 തൊഴിലാളികൾ മരിച്ച സംഭവം ഉണ്ടായിട്ടും നഗരത്തിലെ അനധികൃത കയ്യേറ്റം, നിർമാണം എന്നിവയ്ക്കെതിരെ നടപടി വൈകുകയാണ്.കഴിഞ്ഞ വർഷം നഗരസഭയുടെ രാത്രികാല സ്ക്വാഡ് പട്രോളിങ് നടത്തി മാലിന്യം വലിച്ചെറിയാൻ എത്തിയവരെ കുടുക്കി പിഴ ഈടാക്കിയിരുന്നു. കോട്ടത്തോട്ടിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനും നടപടിയില്ല. ഫലത്തിൽ പല വ്യാപാരസ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കോട്ടത്തോട്ടിൽ ഒഴുക്കുന്ന അവസ്ഥയാണ്. ശുചിമുറിയുടെ കുഴലുകൾ പോലും തോട്ടിലേക്കു വച്ചിരിക്കുന്നതു കണ്ടെത്തിയെങ്കിലും നടപടി എടുത്തിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com