കല വധം: ‘കൂടുതൽ പ്രതികളുണ്ട്’; സംശയം ഉന്നയിച്ച് സഹോദരൻ

Mail This Article
മാന്നാർ∙ കലയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്നു സംശയിക്കുന്നതായും കേസിൽ നിന്ന് ഒഴിവാക്കിയ സുരേഷ് കുമാറിനെയും സന്തോഷിനെയും പ്രതി ചേർക്കണമെന്നും കലയുടെ സഹോദരൻ അനിൽ കുമാർ. കലയും ഭർത്താവ് അനിലും ആദ്യം വാടകയ്ക്കു താമസിച്ച വീട്ടിലെ സെപ്റ്റിക് ടാങ്കും തുറന്നു പരിശോധിക്കണം. സുരേഷ് കുമാറിനെയും സന്തോഷിനെയും ഒഴിവാക്കിയതെന്തിനെന്നു പൊലീസ് വ്യക്തമാക്കിയിട്ടില്ല. കൊലപാതകത്തിൽ ഇവർക്കും അനിലിന്റെ വീട്ടുകാർക്കും പങ്കുള്ളതായി സംശയമുണ്ട്.
‘‘കല മറ്റൊരാൾക്കൊപ്പം പാലക്കാട്ടേക്കു പോയെന്ന് അനിലും വീട്ടുകാരും ഞങ്ങളെ വിശ്വസിപ്പിച്ചു. അനിൽ പണം നൽകിയും മറ്റും ഞങ്ങളെ സഹായിച്ചതു സംശയം തോന്നാതിരിക്കാനാണ്. ഞങ്ങളുടെ അമ്മ മരിച്ചപ്പോൾ കർമങ്ങൾക്കും മറ്റും പണം ചെലവിട്ടത് അനിലാണ്. അച്ഛൻ മരിക്കുമ്പോൾ കലയില്ല. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ തീർച്ചയായും വന്നേനെ.’’ അനിൽകുമാർ പറഞ്ഞു.

കലയും അനിലും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയപ്പോൾ തന്റെ അച്ഛൻ നൽകിയ പണം കൊണ്ടു വാങ്ങിയ 12 പവൻ സ്വർണം വിറ്റാണ് അനിൽ അംഗോളയിൽ ജോലിക്കു പോയതെന്നും കലയുടെ സഹോദരൻ പറയുന്നു. പിന്നീട് അതിലും കൂടുതൽ സ്വർണം അനിൽ കലയ്ക്കു വാങ്ങിക്കൊടുത്തു. അനിൽ വിദേശത്തു പോയ ശേഷമാണു കലയിൽ അനിലിന്റെ വീട്ടുകാർ സ്വഭാവദൂഷ്യം ആരോപിച്ചതും കലയെ കാണാതായതും. അനിൽ നാട്ടിലെത്തുമ്പോൾ പൊലീസ് സത്യം പുറത്തു കൊണ്ടുവരുമെന്നാണ് പ്രതീ ക്ഷയെന്ന് അനിൽ കുമാർ പറഞ്ഞു.
അന്വേഷണ സംഘാംഗങ്ങൾക്ക് സ്ഥലംമാറ്റം
ആലപ്പുഴ ∙ ചെന്നിത്തല ഇരമത്തൂർ സ്വദേശിനി കലയുടെ കൊലപാതകക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഡിവൈഎസ്പിക്കും സിഐക്കും സ്ഥലംമാറ്റം. അന്വേഷണ സംഘത്തലവനായ ചെങ്ങന്നൂർ ഡിവൈഎസ്പി: കെ.എൻ.രാജേഷിനെ അമ്പലപ്പുഴയിലേക്കു മാറ്റി. പകരം എം.കെ.ബിനുകുമാർ ചുമതലയേൽക്കും. മാന്നാർ സിഐ: ബി.രാജേന്ദ്രൻ പിള്ളയ്ക്കു കൊച്ചി ഹാർബർ സ്റ്റേഷനിലേക്കാണു മാറ്റം. പകരം എ.അനീഷ് ചുമതലയേൽക്കും.
കൊലക്കേസ് ആദ്യം അന്വേഷിച്ച അമ്പലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം 3 പ്രതികളെ പിടികൂടിയതിനു പിന്നാലെയാണു ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മാന്നാർ സിഐയെയും ഉൾപ്പെടുത്തി പുതിയ അന്വേഷണ സംഘം രൂപീകരിച്ചത്. രാജേന്ദ്രൻ പിള്ളയാണു കഴിഞ്ഞ ദിവസം കോടതിയിൽ പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ ദിവസം സംഘത്തിൽ 21 പേരെ ഉൾപ്പെടുത്തി വിപുലീകരിച്ചിരുന്നു. ഇതിൽ ആദ്യം അന്വേഷിച്ച അമ്പലപ്പുഴ പൊലീസിലെയും ക്രൈം ബ്രാഞ്ചിലെയും ഉദ്യോഗസ്ഥരുണ്ട്.