ADVERTISEMENT

കൊല്ലം/ആലപ്പുഴ ∙ പ്രത്യേകിച്ചൊരു തൊഴിലോ മറ്റു മാർഗമോ ഇല്ലാത്തവർ പെട്ടെന്നു വലിയ സമ്പന്നരായി തീരുന്ന പ്രവണത പാർട്ടിയിൽ കണ്ടു വരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.പുതുതായി പാർട്ടിയിൽ എത്തുന്നവരുടെ സമ്പത്ത് ഏതാനും വർഷം കൊണ്ടു വൻതോതിൽ വർധിക്കുന്നു. അത്തരക്കാരെ കണ്ടെത്തി കർശനമായി നടപടിയെടുക്കണം. സഹകരണ സ്ഥാപനങ്ങളിൽ ചിലർ തുടർച്ചയായി ഭാരവാഹികളാകുന്നതും ഇത്തരം ദോഷമുണ്ടാക്കുന്നു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്കു വേണ്ടി കരുനാഗപ്പള്ളിയിൽ ചേർന്ന മേഖലാ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ഗോവിന്ദൻ. തെറ്റുതിരുത്തൽ രേഖ എല്ലാ തലത്തിലും നടപ്പാക്കാൻ കഴിഞ്ഞില്ല.

മെറിറ്റ് മറികടന്നുള്ള സ്ഥാനക്കയറ്റം പാർട്ടിയിൽ തുടരുന്നു. സംസ്ഥാന സർക്കാരിന്റെ മുൻഗണന ഏതു വിഭാഗങ്ങൾക്കായിരിക്കണമെന്നു പാർട്ടി സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിക്കും. ഇരുപതോളം വരുന്ന ജനവിഭാഗങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യം കിട്ടാതെ പോയി. ക്ഷേമപെൻഷൻ മുടങ്ങിയതും പാനൂരിലെ ബോംബ് സ്ഫോടനവും തിരിച്ചടിയായി. ഇടത് അനുകൂല എസ്എൻഡിപി ശാഖകൾ പിരിച്ചുവിട്ട് അവിടെ സംഘപരിവാറുകാരെ കൊണ്ടുവരുന്നു. നവോത്ഥാനത്തിനു നേതൃത്വം നൽകിയ എസ്എൻഡിപി യോഗത്തെ സംഘപരിവാറിന്റെ കയ്യിലാക്കാൻ അനുവദിക്കരുത്.  പാർട്ടി പ്രവർത്തകർ ക്ഷേത്ര സമിതികളിലും മറ്റും സജീവമായി ഈ നീക്കം തടയണം. ജനങ്ങളെ മനസ്സിലാക്കുന്നതിൽ പാർട്ടി നേതാക്കൾക്കും ഘടകങ്ങൾക്കും വലിയ പിഴവു പറ്റിയെന്നും ഗോവിന്ദൻ പറഞ്ഞു.

എസ്എഫ്ഐയും അതൃപ്തി സൃഷ്ടിക്കുന്നു: യച്ചൂരി, ഗോവിന്ദൻ 
എസ്എഫ്ഐക്കെതിരായ ആരോപണങ്ങളും വാർത്തകളും തിരഞ്ഞെടുപ്പിൽ ദോഷമുണ്ടാക്കിയെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞു.പൂക്കോട് കോളജിൽ സിദ്ധാർഥന്റെ മരണം ജനങ്ങൾക്കിടയിൽ വലിയ അസംതൃപ്തി സൃഷ്ടിച്ചതായി യച്ചൂരി പറഞ്ഞു.   എസ്എഫ്ഐയിലെ തെറ്റായ പ്രവണതകൾ പാർട്ടിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അടിച്ചാൽ തിരിച്ചടിക്കാനുള്ള സംഘടനയല്ല എസ്എഫ്ഐ എന്നു മനസ്സിലാക്കണം.എസ്എഫ്ഐയുടെ സംസ്ഥാന സമ്മേളനത്തോടെ ആ പ്രശ്നങ്ങൾ പരിഹരിക്കും.

എല്ലാ കണക്കും തെറ്റി; പാർട്ടിക്കേറ്റ‌ത് വലിയ തിരിച്ചടി: എം.വി.ഗോവിന്ദൻ
ആലപ്പുഴ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിലുണ്ടായ തോൽവി സിപിഎമ്മിനു വലിയ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഏതു സാഹചര്യത്തിലും ജയിക്കുമെന്നു കരുതിയ മാവേലിക്കരയിലും എല്ലാ കണക്കുകൂട്ടലും തെറ്റി. പ്രവർത്തകർക്കു ജനങ്ങളുമായി ബന്ധമില്ലെന്നും ഈ തിരഞ്ഞെടുപ്പോടെ വ്യക്തമായെന്നും  4 ജില്ലകൾക്കായുള്ള മേഖലാ റിപ്പോർട്ടിങ്ങിൽ ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ താഴെത്തട്ടിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചു പാർ‍ട്ടി വിലയിരുത്തൽ നടത്തിയിരുന്നു. ജയിക്കുമെന്നായിരുന്നു കിട്ടിയ കണക്കെല്ലാം. അതു തെറ്റി. പ്രവർത്തകർക്കു ജനങ്ങളുമായി ബന്ധമില്ലെന്നാണ് അതിനർഥം. 10 വീടിന് ഒരംഗമെന്ന നിലയിൽ ചുമതലപ്പെടുത്തിയുള്ള പ്രവർത്തനം ഫലപ്രദമായി നടന്നില്ല.

കായംകുളം, ഹരിപ്പാട്: പരിശോധിക്കണം
കായംകുളം, ഹരിപ്പാട് നിയമസഭാ മണ്ഡലങ്ങളിൽ സിപിഎം മൂന്നാം സ്ഥാനത്തായതു വലിയ തിരിച്ചടിയാണ്. ഇതു വളരെ ഗൗരവത്തോടെ പരിശോധിക്കണം. അമ്പലപ്പുഴയിലും കരുനാഗപ്പള്ളിയിലും കഷ്ടിച്ചാണു രണ്ടാം സ്ഥാനത്തെത്തിയത്. ഇവിടെ ബിജെപിയുമായി ചെറിയ വോട്ട് വ്യത്യാസമേയുള്ളൂ എന്നതും ഗൗരവമുള്ള കാര്യമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സംസ്ഥാന, ജില്ല, ഏരിയ കമ്മിറ്റി അംഗങ്ങൾക്കും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർക്കുമുള്ള റിപ്പോർട്ടിങ്ങാണു കരുനാഗപ്പള്ളിയിൽ നടന്നത്.കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് അധ്യക്ഷത വഹിച്ചു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയാണു റിപ്പോർട്ടിങ് നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com