ADVERTISEMENT

ആലപ്പുഴ∙ പക്ഷിപ്പനിയെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിച്ചേക്കും. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണു 18 അംഗ വിദഗ്ധ സമിതിയോടു നിർദേശിച്ചിരുന്നത്. തുടർച്ചയായി പക്ഷിപ്പനി സ്ഥിരീകരിക്കാനുണ്ടായ സാഹചര്യവും പുതിയ വൈറസ് വകഭേദവും ഉൾപ്പെടെയുള്ള വിശദമായ റിപ്പോർട്ടാകും സമർപ്പിക്കുക. ഇതിന്റെ പകർപ്പ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനും നൽകും. തുടർന്നാകും പക്ഷിപ്പനി തടയാൻ ദീർഘകാലയളവിലേക്കു നടപ്പാക്കേണ്ട പദ്ധതികൾ രൂപപ്പെടുത്തുക.

കള്ളിങ് ആരംഭിച്ചു
അവസാനമായി പക്ഷിപ്പനി സ്ഥിരീകരിച്ച ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ 12–ാം വാർഡിലും ഇതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വയലാർ പഞ്ചായത്തിലെ അഞ്ചാം വാർഡിലും കള്ളിങ് (വളർത്തുപക്ഷികളെ ശാസ്ത്രീയമായി കൊന്നൊടുക്കൽ) ആരംഭിച്ചു. ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ 1300 വളർത്തുപക്ഷികളെയും വയലാർ പഞ്ചായത്തിലെ 5–ാം വാർഡിലെ 100 വളർത്തുപക്ഷികളെയുമാണു കൊന്നൊടുക്കുന്നത്. ഇവയിൽ കൂടുതലും കോഴികളാണ്. ജൂൺ 27നു ശേഖരിച്ച സാംപിളിലാണു ചേന്നംപള്ളിപ്പുറത്തു പക്ഷിപ്പനി സ്ഥിരീകരിച്ചത്. 27നു ശേഷം ജില്ലയിൽ എവിടെയും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല. ഇതു രോഗവ്യാപനം കുറയുന്നതിന്റെ ലക്ഷണമാണെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ.

കാക്കയിലും പ്രാവിലുമടക്കം പക്ഷിപ്പനി സ്ഥിരീകരിച്ചു: മന്ത്രി
തിരുവനന്തപുരം∙ താറാവുകളിലും കോഴികളിലും ബാധിച്ച പക്ഷിപ്പനി മറ്റു പക്ഷികളിലേക്കു പടരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നു മന്ത്രി ജെ.ചിഞ്ചുറാണിക്കു വേണ്ടി മന്ത്രി പി.പ്രസാദ് നിയമസഭയിൽ അറിയിച്ചു. കാടക്കോഴി, കാക്ക, കൊക്ക്, പ്രാവ് എന്നീ പക്ഷികളിലാണു സ്ഥിരീകരിച്ചത്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണു സാധാരണ കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാറുള്ളത്. ഇത്തവണ ഏപ്രിലിൽ വന്നു. രോഗം ബാധിക്കാത്ത പക്ഷികളെ കൊല്ലുന്ന നടപടി ഒഴിവാക്കിക്കൂടേയെന്നു കെ.ബാബു എംഎൽഎ മന്ത്രിയോടു ചോദിച്ചു.

മറ്റു ചില എംഎൽഎമാരും ഇതേ ആവശ്യമുന്നയിച്ചു. എന്നാൽ, മനുഷ്യരിലേക്കു രോഗം പകരാനിടയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണു രോഗബാധയുള്ള പ്രദേശത്തെ പക്ഷികളെയെല്ലാം കൊല്ലുന്നതെന്നു മന്ത്രി പറഞ്ഞു. കർഷകരുടെ നഷ്ടപരിഹാരം 50 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവുമാണു നൽകുന്നത്. കോഴിക്കുഞ്ഞിനു കേന്ദ്രം 20 രൂപ വില നിശ്ചയിച്ച് 10 രൂപയാണു വിഹിതമായി നൽകുന്നത്. എന്നാൽ, കേരളം 100 രൂപ വില നിശ്ചയിച്ച് 90 രൂപ സംസ്ഥാന വിഹിതമായി നൽകുന്ന രീതിയാണു സ്വീകരിക്കുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com