അരൂർ–തുറവൂർ ഭാഗത്തെ റോഡ് നവീകരണം: ഗതാഗത നിയന്ത്രണം 2 ദിവസം കൂടി നീട്ടി

Mail This Article
തുറവൂർ ∙ ദേശീയ പാതയിൽ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ–തുറവൂർ പ്രദേശത്ത് ഗതാഗത നിയന്ത്രണം 2 ദിവസം കൂടി തുടരും. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സ്ഥലം സന്ദർശിച്ചു നൽകിയ നിർദേശ പ്രകാരം കൂടുതൽ പണികൾ പൂർത്തിയാക്കാനാണു നിയന്ത്രണം നീട്ടുന്നതെന്നു കലക്ടർ അറിയിച്ചു. കൊച്ചിയിൽനിന്ന് ആലപ്പുഴ ഭാത്തേക്കുള്ള വാഹനങ്ങൾ കടത്തിവിടുന്ന കിഴക്കു ഭാഗത്തുള്ള താൽക്കാലിക റോഡിലെ കുഴികൾ പൂർണമായും അടച്ചു.
അരൂർ മുതൽ തുറവൂർ വരെ 2 കിലോമീറ്റർ റോഡിലെ കുഴികൾക്ക് മുകളിൽ പ്രത്യേക അനുപാതത്തിലുള്ള കോൺക്രീറ്റ് മിശ്രിതം(ഡ്രൈ ലീൻ കോൺക്രീറ്റ്) ഉപയോഗിച്ച് റോഡ് നിർമാണം പൂർത്തിയാക്കി. ബാക്കിയുള്ള ഭാഗങ്ങളിൽ കുഴികളടച്ചു. കോൺക്രീറ്റിങ്ങും ഇന്റർലോക് ടൈൽ പാകുന്ന ജോലിയും നടത്തി. ആലപ്പുഴയിൽ നിന്നു കൊച്ചിയിലേക്കുള്ള വാഹനങ്ങൾ പോകുന്ന പടിഞ്ഞാറുള്ള റോഡിന്റെ പുനരുദ്ധാരണം എന്നു തുടങ്ങണമെന്നത് സംബന്ധിച്ച് കലക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമെടുക്കും.
സർവീസ് റോഡിനൊപ്പം നടപ്പാതയും കാനയും നിർമിക്കും
അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളിലും സർവീസ് റോഡിന്റെ പണി പൂർത്തിയാക്കിയ ശേഷം സർവീസ് റോഡിനോട് ചേർന്നു നടപ്പാതയും വെള്ളക്കെട്ട് ഒഴിവാക്കാൻ കാനയും നിർമിക്കും. നിലവിൽ കിഴക്കും പടിഞ്ഞാറുമുള്ള റോഡിലൂടെ ഒറ്റവരിയായി മാത്രമായിരിക്കും വാഹനങ്ങൾ കടത്തിവിടുക. വാഹനങ്ങളെ മറികടക്കാതിരിക്കാൻ ബോർഡുകൾ സ്ഥാപിക്കും. 30 കിലോമീറ്റർ വേഗമാണ് അനുവദിച്ചിരിക്കുന്നത്.