ADVERTISEMENT

ആലപ്പുഴ ∙ മാന്നാറിലെ കല വധക്കേസിൽ പിടിയിലായ മൂന്നു പ്രതികളെയും മൂന്നു പൊലീസ് സ്റ്റേഷനുകളിലാക്കി. ഇവർ ഒന്നിച്ചു കഴിഞ്ഞാൽ അന്വേഷണത്തെ വഴി തെറ്റിക്കുന്ന പുതിയ ‘കഥകൾ’ ഉണ്ടാക്കാതിരിക്കാനാണു മുൻകരുതൽ. മാന്നാർ, ചെങ്ങന്നൂർ, മാവേലിക്കര സ്റ്റേഷനുകളിലായാണ് ഇവരെ പാർപ്പിച്ചിരിക്കുന്നതെ.

മാന്നാറിൽ കലയെ കൊന്നു കുഴിച്ചുമൂടിയെന്നു കരുതുന്ന വീടിനു ചുറ്റും തടിച്ചുകൂടിയ ജനം
മാന്നാറിൽ കലയെ കൊന്നു കുഴിച്ചുമൂടിയെന്നു കരുതുന്ന വീടിനു ചുറ്റും തടിച്ചുകൂടിയ ജനം

ഒന്നാം പ്രതിയായ ഭർത്താവ് അനിലിന്റെ സുഹൃത്തിനെ ഇടുക്കിയിൽനിന്നു കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്തു.  ഇയാൾക്കു സംഭവവുമായി ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഒരാഴ്ച മുൻപ് ഇടുക്കിയിൽ ജോലിക്കു പോയ മാന്നാർ‍ സ്വദേശിയെയാണു സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്തത്. ഇയാളെ വിട്ടയച്ചു.

 ആദ്യം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ മുതൽ പ്രതികൾ പല തെറ്റായ വിവരങ്ങളും നൽകി വഴിതെറ്റിക്കാൻ ശ്രമിച്ചതായി അന്വേഷണ സംഘത്തിലുള്ളവർ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, അന്വേഷണ സംഘം അവ ഓരോന്നും പരിശോധിച്ചു വസ്തുതകൾ കണ്ടെത്തി. കോടതി റിമാൻഡ് ചെയ്ത ശേഷം കസ്റ്റഡിയിൽ ലഭിച്ചപ്പോഴും ഇവർ തെറ്റായ വിവരങ്ങൾ നൽകുന്നുണ്ടെന്നാണു സംശയം. കൊലപാതകം  പുറത്തുവരുന്നതിനു മുൻപും ചിലർ നാട്ടിൽ കലയുടെ തിരോധാനവുമായി ബന്ധപ്പെട്ടു കള്ളങ്ങൾ പ്രചരിപ്പിച്ചിരുന്നു.  കല സുഹൃത്തിനൊപ്പം പാലക്കാട്ടേക്കു പോയെന്നതായിരുന്നു ഒന്ന്. എന്നാൽ, ഇതു സത്യമല്ലെന്നു പൊലീസ് കണ്ടെത്തി. അനിലിന്റെ വീട്ടിൽനിന്നു കല പോയതു കൊച്ചിയിലെ തുണിക്കടയിൽ ജോലിക്കായാണെന്നു പൊലീസ് മനസ്സിലാക്കി.

കല ബന്ധുക്കളെ ഫോണിൽ വിളിച്ചത് അവിടെനിന്നാകാമെന്നാണു പൊലീസിന്റെ നിഗമനം. പിന്നീടും കലയെ പലരും കണ്ടതായി പ്രചാരണമുണ്ടായി. ഇത്തരം കഥകൾ പ്രതികളുമായി ബന്ധമുള്ളവരാണു നാട്ടിൽ പറഞ്ഞിരുന്നതെന്നും പൊലീസ് കരുതുന്നു. ഒന്നാം പ്രതിയായ അനിലിനെ വേഗം നാട്ടിലെത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ   ശ്രമം. മൃതദേഹത്തിനായി മറ്റു സ്ഥലങ്ങളിൽ പരിശോധന ഉടനുണ്ടാകില്ലെന്നാണു സൂചന. അനിൽ നാട്ടിലെത്തിയാലുടൻ കസ്റ്റഡിയിലെടുക്കും. അതിലൂടെ കാര്യങ്ങൾക്കു കൂടുതൽ വ്യക്തത വരുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. പിടിയിലായ പ്രതികളെ കൂട്ടിയുള്ള തെളിവെടുപ്പു വൈകുന്നതും ഇതിനാലാണ്.

English Summary:

Alappuzha Mannar Kala Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com