75 കിലോഗ്രാം പഴകിയ മീൻ പിടികൂടി

Mail This Article
ആലപ്പുഴ ∙ നഗരത്തിൽ വഴിച്ചേരി മാർക്കറ്റിലെ മീൻവിൽപന തട്ടുകളിൽ നിന്നു 75 കിലോഗ്രാം പഴകിയ മീൻ പിടികൂടി. ഭക്ഷ്യസുരക്ഷ വകുപ്പ്, പൊലീസ്, ഫിഷറീസ്, നഗരസഭ ആരോഗ്യ വിഭാഗം എന്നിവർ ചേർന്ന് ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണു കേര ഇനത്തിൽപെട്ട പഴകിയ മീൻ പിടിച്ചെടുത്തത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച മീൻ കൊച്ചിയിലെ മൊത്തവിൽപന കേന്ദ്രത്തിൽനിന്നാണു വാങ്ങിയതെന്നു മീൻ കച്ചവടക്കാർ ഉദ്യോഗസ്ഥരോടു പറഞ്ഞു. മീൻ ഉണക്കി വിൽക്കാനായി തട്ടിൽ സൂക്ഷിച്ചതാണെന്നും പഴകിയ മീൻ വിൽക്കാനുദ്ദേശിച്ചിട്ടില്ലെന്നുമാണു മീൻ കച്ചവടക്കാരുടെ വാദം. എന്നാൽ ഹോട്ടലുകൾ ഉൾപ്പെടെയുള്ളവയ്ക്കു വിലക്കുറച്ചു വിൽക്കാനായാണു മീൻ എത്തിച്ചതെന്നു ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പിടിച്ചെടുത്ത മീൻ നഗരസഭ ആരോഗ്യവിഭാഗത്തിനു കൈമാറി. തുടർന്ന് ആരോഗ്യ വിഭാഗം മീൻ ബ്ലീച്ചിങ് പൗഡറിട്ടു കുഴിച്ചുമൂടി. പഴകിയ മീൻ കണ്ടെത്തിയ സാഹചര്യത്തിൽ ആലപ്പുഴ നഗരത്തിലെ വിവിധ സ്ഥാപനങ്ങൾ, പുന്നപ്ര കളിത്തട്ട്, അമ്പലപ്പുഴ, കാക്കാഴം എന്നിവിടങ്ങളിൽ പരിശോധന നടത്തി. അടുത്ത ദിവസങ്ങളിലും തുടർ പരിശോധനകൾ നടത്തുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പ് ആലപ്പുഴ സർക്കിൾ ഭക്ഷ്യ സുരക്ഷ ഓഫിസർ രാഹുൽ രാജ്, അമ്പലപ്പുഴ സർക്കിൾ ഭക്ഷ്യ സുരക്ഷ ഓഫിസർ മീര ദേവി, ഫിഷറീസ് ഇൻസ്പെക്ടർ എം.ദീപു, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ എഎസ്ഐ ജയചന്ദ്ര മേനോൻ, സിപിഒമാരായ അനുരാഗ്, തൻസീം, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ ബിജുരാജ്, ശിവൻകുട്ടി, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഐ.കുമാർ, സാലിൻ ഉമ്മൻ, ബി.റിനോഷ് എന്നിവർ ചേർന്നാണു മീൻ പിടിച്ചെടുത്തത്.

ഇതുവരെ 160 കിലോഗ്രാം മീൻ
ഇന്നലെ പിടികൂടിയതും ചേർത്തു ട്രോളിങ് നിരോധന കാലയളവിൽ മാത്രം ജില്ലയിൽ നിന്ന് 160 കിലോഗ്രാം പഴകിയ മീനാണു ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്. ട്രോളിങ് നിരോധനം തുടങ്ങിയതോടെ ഓപ്പറേഷൻ മത്സ്യ എന്ന പേരിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നുണ്ട്. 65 സ്ഥാപനങ്ങൾ പരിശോധിച്ചപ്പോൾ 5 സ്ഥാപനങ്ങളിൽ പോരായ്മകൾ കണ്ടെത്തി പിഴ അടയ്ക്കാൻ നോട്ടിസ് നൽകി. മൊബൈൽ പരിശോധനാ ലാബ് ഉൾപ്പെടെ ഉപയോഗിച്ചാണു പരിശോധന നടത്തുന്നത്.
പരിശോധന തടയുന്നെന്ന് പരാതി
പഴകിയ മീൻ വിൽക്കുന്നുണ്ടോയെന്നു പരിശോധിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ തടയുന്നതായി പരാതി. കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തിൽ കളരിക്കലിലെ സ്ഥാപനത്തിൽ മീൻ സാംപിൾ ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥരെ സ്ഥാപന നടത്തിപ്പുകാർ തടഞ്ഞു. പിന്നീടു പൊലീസ് സഹായത്തോടെയാണു സാംപിൾ ശേഖരിച്ചത്. രണ്ടു മണിക്കൂറോളം ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നാണു പരാതി. ഇത്തരത്തിൽ മീൻകടകളിലും മീൻതട്ടുകളിലും സാംപിൾ ശേഖരിക്കുന്നതു സംഘടിതമായി തടയുന്നതായി ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അതിനാൽ ഇന്നലെ നടത്തിയ പരിശോധനയിൽ പൊലീസിനെയും കൂടി ഉൾപ്പെടുത്തുകയായിരുന്നു.