ADVERTISEMENT

ആലപ്പുഴ∙ ജില്ലയിൽ പക്ഷിപ്പനി തുടർച്ചയായി സ്ഥിരീകരിക്കുന്നതിനെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച വിദഗ്ധ സംഘം പഠനറിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് നാളെ നിയമസഭയിൽ വയ്ക്കുമെന്നും അതിനു ശേഷം വാർത്താസമ്മേളനം നടത്തുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. റിപ്പോർട്ട് ചർച്ച ചെയ്യാൻ മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ചേരും. റിപ്പോർട്ടിന്റെ പകർപ്പ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനും നൽകി. ജില്ലയിലാകെ പക്ഷിപ്പനി വ്യാപിച്ചിട്ടുണ്ടെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ വലിയ തോതിൽ കള്ളിങ് വേണ്ടി വരുമെന്നു കണക്കുകൂട്ടി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മുന്നൊരുക്കം നടത്തിയിരുന്നു. വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാകും തുടർനടപടികൾ തീരുമാനിക്കുക.

കുട്ടനാടിനു പുറമേ ചേർത്തലയിലും പക്ഷിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണു പക്ഷിപ്പനി പടരുന്നതിനെക്കുറിച്ചു പഠിക്കാൻ 18 അംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചത്. ഇവർ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങൾ സന്ദർശിച്ച് കള്ളിങ് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ വിലയിരുത്തിയിരുന്നു. രോഗബാധയുള്ള പക്ഷികളിൽ നിന്നു വളർത്തുമൃഗങ്ങൾ വഴി രോഗം മനുഷ്യരിലേക്കു പടരാനുള്ള സാധ്യതയും പഠനവിഷയമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പക്ഷിപ്പനി പ്രഭവ കേന്ദ്രങ്ങളിലെ വളർത്തുമൃഗങ്ങളുടെ സാംപിൾ പരിശോധനയും നടത്തി. ജില്ലയിൽ ഏപ്രിലിനു ശേഷം 29 സ്ഥലങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. അതിൽ ഏഴും ചേന്നംപള്ളിപ്പുറം പഞ്ചായത്തിലാണ്.

കള്ളിങ് പൂർത്തിയായി
അവസാനമായി പക്ഷിപ്പനി സ്ഥിരീകരിച്ച ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ 12–ാം വാർഡിലും ഇതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വയലാർ പഞ്ചായത്തിലെ അഞ്ചാം വാർഡിലും കള്ളിങ് (വളർത്തുപക്ഷികളെ ശാസ്ത്രീയമായി കൊന്നൊടുക്കൽ) പൂർത്തിയായി. രണ്ടു പഞ്ചായത്തുകളിലായി ഏകദേശം 1400 വളർത്തുപക്ഷികളെയാണു കൊന്നു മറവു ചെയ്തത്. ഇവയിൽ കൂടുതലും കോഴികളാണ്. ജൂൺ 27നു ശേഖരിച്ച സാംപിളിലാണു ചേന്നംപള്ളിപ്പുറത്തു പക്ഷിപ്പനി സ്ഥിരീകരിച്ചത്. 27നു ശേഷം ജില്ലയിൽ എവിടെയും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com