ADVERTISEMENT

ആലപ്പുഴ ∙ ജില്ലയിൽ കഴിഞ്ഞ 5 ദിവസത്തിനിടെ 37 പേർക്കു ഡെങ്കിപ്പനിയും 19 പേർക്ക് എച്ച്1എൻ1ഉം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 14 പേർക്കു ഡെങ്കിപ്പനിയും 8 പേർക്കു പന്നിപ്പനിയും സ്ഥിരീകരിച്ചു. ഇന്നലെ 12 പേർ ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടുകയും ചെയ്തു. വയറിളക്ക രോഗങ്ങളും കൂടിയിട്ടുണ്ട്. എൻഎച്ച്എം ജീവനക്കാരുടെ നിസ്സഹകരണ സമരത്തെത്തുടർന്ന് ഏതാനും ദിവസങ്ങളായി ആരോഗ്യ വകുപ്പ് പനിക്കണക്കുകൾ പുറത്തുവിട്ടിരുന്നില്ല. ഇന്നലെ കണക്കുകൾ പുറത്തുവിട്ടപ്പോഴാണു രൂക്ഷമായ സ്ഥിതി പുറത്തുവന്നത്.

വെസ്റ്റ് നൈൽ: രോഗിയുടെ ആരോഗ്യസ്ഥിതി തൃപ്തികരം
വെസ്റ്റ് നൈൽ സ്ഥിരീകരിച്ച തൃക്കുന്നപ്പുഴ പല്ലന സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇയാൾ ഒരാഴ്ചയായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്നു പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ദേശാടനപ്പക്ഷികളിൽ നിന്നു ക്യൂലക്സ് കൊതുക് വഴിയാണു മനുഷ്യരിലേക്കു രോഗം പകരുന്നത്. പക്ഷികളുടെ രക്തത്തിൽ വൈറസ് 10- 20 ദിവസം വരെ ജീവിക്കും.

തീയതി, റിപ്പോർട്ട് ചെയ്ത  ഡെങ്കിപ്പനി, എച്ച്1എൻ1
02 ജൂലൈ–   2,  2
03 ജൂലൈ–   3,  0
04 ജൂലൈ–  14,  0
05 ജൂലൈ–  4,   9
06 ജൂലൈ–  14,  8

ഈഡിസിന് ഇടമില്ല; ക്യാംപെയ്ൻ തുടങ്ങി
ഡെങ്കിപ്പനി പ്രതിരോധം ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിന് ‘ഈഡിസിന് ഇടമില്ല’ എന്ന ജില്ലാതല ക്യാംപെയ്നിനു ജില്ലയിൽ തുടക്കമായി. ക്യാംപെയ്നിന്റെ പോസ്റ്റർ കലക്ടർ അലക്സ് വർഗീസ് പ്രകാശനം ചെയ്തു. ഇന്നലെ മുതൽ 9 വരെ വാർഡ് തലത്തിൽ പൊതുജനപങ്കാളിത്തത്തോടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തും. ഇന്നു കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വീടുകളിൽ ഊർജിത ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തും. വിട്ടുപോയ ഇടങ്ങളിൽ നാളെയും 9നും ഉറവിട നശീകരണ പ്രവർത്തനങ്ങൾ തുടരും. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശി സി.പണിക്കർ, ആർദ്രം നോഡൽ ഓഫിസർ ഡോ. ടി.ബിനോയ്, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ ജി.രജനി, ഡപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ ഡോ. ചിത്ര എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com