ഈ പൊട്ടലിന് അവസാനമില്ലേ? ജപ്പാൻ ശുദ്ധജല വിതരണ പൈപ്പ് വീണ്ടും പൊട്ടി

Mail This Article
പൂച്ചാക്കൽ ∙ അരൂക്കുറ്റി – ചേർത്തല റോഡിൽ ജപ്പാൻശുദ്ധജല വിതരണ പൈപ്പ് വീണ്ടും പൊട്ടി. ഇന്നലെ രാവിലെ പള്ളിപ്പുറം വടക്കുംകരയിലാണു പൈപ്പ് പൊട്ടിയത്. ഇവിടെ ഒരു മാസം മുൻപ് പൈപ്പ് പൊട്ടിയത് പരിഹരിച്ചിടത്താണു വീണ്ടും പൊട്ടിയത്. പൊട്ടിയൊഴുകുന്ന ജലം സമീപത്തെ തോട്ടിലേക്കു വിടുകയാണ്. അറ്റകുറ്റപ്പണി ഇന്നുമുതൽ തുടങ്ങും. ഇതിനാൽ ചേർത്തല നഗരസഭ, പള്ളിപ്പുറം, തണ്ണീർമുക്കം, മുഹമ്മ, കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രദേശങ്ങളിൽ 11വരെ ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ പൊട്ടിയ പാണാവള്ളി ആലുങ്കൽ ബസാറിലെ പൈപ്പിന്റെ അറ്റകുറ്റപ്പണിയും ഇന്നു തുടങ്ങും. വെള്ളിയാഴ്ച ഇവിടെ പണിതുടങ്ങുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും നടന്നില്ല. അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തോട് അനുബന്ധിച്ചുള്ള സർവീസ് റോഡ് ടാർ ചെയ്യുന്നതിനാൽ അരൂക്കുറ്റി – ചേർത്തല റോഡിലൂടെയാണു വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത്.
പൈപ്പ് പൊട്ടിയ റോഡ് ഭാഗം പകുതിയോളം തടസ്സപ്പെടുത്തി വേണം അറ്റകുറ്റപ്പണികൾ നടത്താൻ എന്നതിനാലാണു ചെയ്യാതിരുന്നത്. ജല അതോറിറ്റി – പൊതുമരാമത്ത് – പൊലീസ് വകുപ്പുകൾ തമ്മിൽ ഏകോപനം ഇല്ലാത്തതാണ് അറ്റകുറ്റപ്പണി തുടങ്ങാതിരുന്നതെന്നും ആരോപണമുണ്ട്. വ്യാഴാഴ്ച മുതൽ പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം മുടങ്ങിയിരിക്കുകയാണ്. പാണാവള്ളിയിൽ ഇന്നു പണി തുടങ്ങുമെന്നും 9 വരെ ജലവിതരണം തടസ്സപ്പെടുമെന്നുമാണ് അധികൃതർ ഒടുവിൽ അറിയിയിച്ചിരിക്കുന്നത്. നിലവിൽ അരൂക്കുറ്റി – ചേർത്തല റോഡിൽ രണ്ടിടത്താണു പൈപ്പ് പൊട്ടിയിരിക്കുന്നത്. റോഡിലൂടെ വാഹനങ്ങൾ അധികമായി കടന്നുപോകുന്ന സമയത്താണ് പണികൾ നടക്കുക. പൈപ്പ് പൊട്ടലിനെ തുടർന്നു ചേർത്തല താലൂക്കിൽ പകുതിയോളം സ്ഥലത്ത് ശുദ്ധജല വിതരണം മുടങ്ങിയിരിക്കുകയാണ്.