കായംകുളം താലൂക്കാശുപത്രി ഒപി ടോക്കൺ കൗണ്ടറിൽ താളപ്പിഴ; രോഗികൾ വലഞ്ഞു

Mail This Article
കായംകുളം ∙ താലൂക്കാശുപത്രിയിലെ ഒപി ടോക്കൺ കൗണ്ടറിലെ താളപ്പിഴ രോഗികളെ വലച്ചു. ഒപി വിഭാഗത്തിൽ രോഗികൾ തിങ്ങിനിറഞ്ഞിട്ടും ടിക്കറ്റ് കൗണ്ടറിൽ നിന്നും യഥാസമയം രോഗികൾക്ക് ടോക്കൺ കൊടുക്കാതിരുന്നതിനാൽ പല രോഗികൾക്കും ചികിത്സ ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വന്നു. പനിയും മറ്റ് പകർച്ചവ്യാധികളുമായി എത്തിയ പല രോഗികൾക്കും മണിക്കൂറുകളോളം കാത്തു നിന്നിട്ടും ടോക്കൺ ലഭിക്കാതിരുന്നതിനാൽ ഡോക്ടറെ കാണാൻ സാധിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.
ഇന്നലെ രാവിലെ പതിനൊന്നിന് ഒ പി ടിക്കറ്റ് കൊടുക്കുന്ന കംപ്യൂട്ടർ മെഷീൻ ഓഫ് ചെയ്ത് കൗണ്ടർ അടച്ചതായും ആക്ഷേപം ഉണ്ട്. നേത്രരോഗ വിഭാഗത്തിലേക്ക് രോഗികളെ തൽക്കാലം അയയ്ക്കരുതെന്നു മാത്രമാണ് നിർദേശമുണ്ടായിരുന്നത്. എന്നാൽ, മറ്റ് ഒപി വിഭാഗങ്ങളിലേക്കുള്ള ടോക്കൺ വിതരണം ഇതിന്റെ മറവിൽ നിർത്തിവച്ചതിനാലാണ് രോഗികൾക്ക് ചികിത്സ ലഭിക്കാതെ പോയത്. ഈ സമയം പല ഒപി കൗണ്ടറുകളും രോഗികൾ ഇല്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു.