നെഹ്റു ട്രോഫി വള്ളംകളി: ടിക്കറ്റ് വിൽപന 10ന് തുടങ്ങിയേക്കും; ഭാഗ്യചിഹ്ന പ്രകാശനം കുഞ്ചാക്കോ ബോബൻ നിർവഹിക്കും

Mail This Article
ആലപ്പുഴ∙ എഴുപതാമതു നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന്റെ ടിക്കറ്റ് വിൽപന ഈമാസം 10ന് തുടങ്ങിയേക്കും. ഏകദേശം 20,000 ടിക്കറ്റുകളാണു വിൽക്കാൻ പദ്ധതിയിടുന്നത്. ടിക്കറ്റുകൾ പ്രിന്റ് ചെയ്ത് എത്തിയെങ്കിലും അവയിൽ ഹോളോഗ്രാം പതിപ്പിക്കൽ പൂർത്തിയാകാത്തതിനാലാണു വിൽപന വൈകുന്നത്. ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സർക്കാർ സ്ഥാപനങ്ങളിലൂടെ ടിക്കറ്റ് വിൽക്കാൻ സർക്കാർ ഉത്തരവായിട്ടുണ്ട്. ഓഗസ്റ്റ് 10നു പുന്നമടയിലാണു വള്ളംകളി. സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ വഴി ഓൺലൈനായും ടിക്കറ്റ് വിൽക്കും. 15 ന് ഓൺലൈൻ ടിക്കറ്റ് വിൽപന തുടങ്ങിയേക്കും. സർക്കാർ സ്ഥാപനങ്ങൾക്കു പുറമേ ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിലും കൗണ്ടർ സ്ഥാപിച്ചു ടിക്കറ്റ് വിൽക്കും. ഈ വർഷം വൈറ്റില ഹബ്ബിലും ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കാനുള്ള സാധ്യത പരിഗണിക്കുന്നുണ്ട്.
പന്തൽ കാൽനാട്ടു കർമം നാളെ
നെഹ്‌റു ട്രോഫി വള്ളംകളിക്കു മുന്നോടിയായുള്ള പന്തലിന്റെ കാൽനാട്ടുകർമം ആലപ്പുഴ പുന്നമട ഫിനിഷിങ് പോയിന്റിൽ കലക്ടർ അലക്സ് വർഗീസ് നാളെ 10ന് നിർവഹിക്കുമെന്ന് എൻടിബിആർ ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ എം.സി.സജീവ്കുമാർ അറിയിച്ചു.
ടിക്കറ്റുകളും നിരക്കും
ടൂറിസ്റ്റ് ഗോൾഡ് നെഹ്‌റു പവിലിയൻ- 3000 രൂപ, ടൂറിസ്റ്റ് സിൽവർ നെഹ്‌റു പവിലിയൻ- 2500, റോസ് കോർണർ- 1500, വിക്ടറി ലെയിൻ വുഡൻ ഗാലറി- 500, ഓൾ വ്യൂ വുഡൻ ഗാലറി- 300, ലേക്ക് വ്യൂ ഗോൾഡ് വുഡൻ ഗാലറി- 200, ലോൺ- 100 എന്നിങ്ങനെയാണു മറ്റു ടിക്കറ്റുകളുടെ നിരക്ക്.
ഭാഗ്യചിഹ്ന പ്രകാശനം കുഞ്ചാക്കോ ബോബൻ നിർവഹിക്കും
നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന്റെ ഭാഗ്യചിഹ്ന പ്രകാശനം 9ന് രാവിലെ 10.15ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടൻ കുഞ്ചാക്കോ ബോബൻ നിർവഹിക്കും. തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യചിഹ്നം കുഞ്ചാക്കോ ബോബൻ കലക്ടർക്കു കൈമാറും.