മാന്നാർ കൊലപാതകം: അനിലിനായി പൊലീസിന്റെ ബ്ലൂ കോർണർ തിരച്ചിൽ നോട്ടിസ്

Mail This Article
മാന്നാർ ∙ ഇരമത്തൂർ സ്വദേശിനി കല കൊല്ലപ്പെട്ടെന്ന കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് അനിലിനായി പൊലീസ് ബ്ലൂ കോർണർ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഇസ്രയേലിലുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടിയുടെ ആദ്യ ഘട്ടമാണിത്. കോടതി റിമാൻഡ് ചെയ്ത ശേഷം കസ്റ്റഡിയിൽ ലഭിച്ച 3 പ്രതികൾ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്നാണു വിവരം. നാളെ ഇവരുടെ കസ്റ്റഡി കാലാവധി തീരും. കൂടുതൽ ചോദ്യം ചെയ്യാനായി ഇവരെ വീണ്ടും കസ്റ്റഡിയിൽ കിട്ടാൻ നാളെ പൊലീസ് കോടതിയിൽ അപേക്ഷ നൽകുമെന്നാണ് വിവരം.
അനിലുമായി ബന്ധമുള്ള, സംസ്ഥാനത്തിനു പുറത്തുള്ളവരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തിനായി സംസ്ഥാനത്തിനു പുറത്തേക്കു പോകാനും പൊലീസ് ആലോചിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള പ്രതികൾ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുന്നതായി പൊലീസിന് സംശയമുണ്ട്. പ്രതികൾ ഒന്നിച്ചായാൽ പുതിയ കഥകൾ മെനയുമെന്ന സംശയത്തിൽ ഇവരെ മൂന്നു പൊലീസ് സ്റ്റേഷനുകളിലാക്കിയിരിക്കുകയാണ്.