തണ്ണീർമുക്കത്ത് ഫാമിൽ മൂന്നു പന്നികൾ കൂടി ചത്തു
Mail This Article
ആലപ്പുഴ∙ ആഫ്രിക്കൻ പന്നിപ്പനി സംശയിക്കുന്ന തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡിലെ ഫാമിൽ മൂന്നു പന്നികൾ കൂടി ചത്തു. ഫാമിലെ 12 പന്നികളിൽ മൂന്നെണ്ണം രോഗലക്ഷണങ്ങളോടെ നേരത്തെ ചത്തിരുന്നു. തിരുവല്ല മഞ്ഞാടിയിലെ ലാബിൽ നടത്തിയ പരിശോധനയിൽ പന്നിപ്പനിയെന്നു സൂചന ലഭിച്ചിട്ടുണ്ട്. ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിൽ നിന്നുള്ള പരിശോധനാഫലം വന്ന ശേഷമേ കള്ളിങ് (വളർത്തുമൃഗങ്ങളെ ശാസ്ത്രീയമായി കൊന്നൊടുക്കൽ) നടത്തൂ.
തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡിലാണു ജില്ലയിൽ ഇതിനു മുൻപ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇലക്ട്രിക് ഗൺ ഉപയോഗിച്ചു പന്നികളെ കൊന്ന ശേഷം കത്തിച്ചു പരിശോധിക്കുകയാണു ചെയ്യുക. ആഫ്രിക്കൻ പന്നിപ്പനി സംശയിക്കുന്ന ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിൽ വേറെ ഫാമുകളില്ലാത്തതിനാൽ കൂടുതലിടങ്ങളിൽ കള്ളിങ് നടത്തേണ്ടതില്ലെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ നിഗമനം. കൊന്നൊടുക്കേണ്ട പന്നികളുടെ എണ്ണം കുറവായതിനാൽ പ്രത്യേക ദ്രുതകർമസേന ഇല്ലാതെ തന്നെ കള്ളിങ് പൂർത്തിയാക്കാനായേക്കും.