ADVERTISEMENT

ചെങ്ങന്നൂർ ∙ ശാസ്താംപുറം മാർക്കറ്റ് നവീകരിച്ചു നിർമിക്കുന്നതിന്റെ ഭാഗമായി മതിൽ പൊളിച്ചു നീക്കുന്നതിലുള്ള തർക്കം മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ പരിഹരിച്ചു. നഗരസഭ മാർക്കറ്റ് നവീകരണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് അനുവദിച്ച 5 കോടി രൂപ ചെലവഴിച്ചു തീരദേശ വികസന കോർപറേഷന്റെ മേൽനോട്ടത്തിൽ 1910 ചതുരശ്ര മീറ്ററിൽ ഇരുനില മാർക്കറ്റ് കെട്ടിടം നിർമിക്കുകയാണ്.ഇതിനു മുന്നോടിയായി നഗരസഭ നിർമിച്ച പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന നടപടികൾ ആരംഭിച്ചിരുന്നു.

യാർഡിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയെങ്കിലും വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കെട്ടിടങ്ങളുടെ പിന്നിലെ ഭിത്തി പൊളിച്ചു നീക്കാൻ ആരംഭിച്ചതോടെയാണ് സമീപവാസികൾ പ്രതിഷേധവുമായി എത്തിയത്. മാർക്കറ്റ് യാർഡിൽ നിന്നും പതിനഞ്ച് അടിയിലേറെ ഉയരത്തിലാണ് 16 വീടുകളും ഇവർക്കുള്ള വഴിയും സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ പിൻഭിത്തി പൊളിച്ചു നീക്കുന്നതോടെ ഇതിനു പിന്നിലുള്ള കൽക്കെട്ടിന് ബലക്ഷയം സംഭവിക്കുകയും മണ്ണിടിച്ചിൽ ഉണ്ടായി വഴിയും വീടുകളും തകരുകയും ചെയ്യും എന്നതാണ് പ്രതിഷേധത്തിനു കാരണം. എതിർപ്പിനെ തുടർന്ന് ഒരു മാസം മുൻപ് കരാറുകാരൻ ജോലികൾ നിർത്തി വച്ചിരുന്നു.

ഇന്നലെ രാവിലെ സ്ഥലത്തെത്തിയ മന്ത്രി സജി ചെറിയാൻ ജനപ്രതിനിധികൾ, പ്രദേശവാസികൾ, ഉദ്യോഗസ്ഥർ , കരാറുകാർ എന്നിവരുമായി ചർച്ച നടത്തി. സമീപവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന പ്രവൃത്തികൾ നിർത്തി വയ്ക്കാനും കെട്ടിടത്തിന്റെ പിൻഭിത്തി നിലനിർത്താനും മന്ത്രി നിർദേശിച്ചതോടെയാണ് പ്രശ്നത്തിനു പരിഹാരമായത്. നഗരസഭാധ്യക്ഷ ശോഭ വർഗീസ്, കൗൺസിലർമാരായ അശോക് പടിപ്പുരയ്ക്കൽ, പി.ഡി. മോഹനൻ, തീരദേശ വികസന കോർപറേഷൻ അസിസ്റ്റന്റ് എൻജിനീയർ മേഘനാദ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com