ADVERTISEMENT

ആലപ്പുഴ∙ അരൂർ–തുറവൂർ റൂട്ടിൽ ഉയരപ്പാത രൂപം കൊള്ളുമ്പോൾ താഴെ യാത്രക്കാരുടെ ക്ഷമ അളക്കുന്ന ദുരിതപ്പാത! കുഴികളും വെള്ളക്കെട്ടും ചെളിയും പിന്നെ, കുടുങ്ങിക്കിട‌ക്കുന്ന വാഹനങ്ങളും...ദേശീയപാത 66 നവീകരണ ഭാഗമായി 12.75 കിലോമീറ്റർ നീളത്തിലാണ് അരൂർ– തുറവൂർ ഭാഗത്തു രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതകളിലൊന്നിന്റെ നിർമാണം നടക്കുന്നത്. എന്നാൽ ഇതേ നീളത്തിൽ ‘ചെളിപ്പാത’യാണു താഴെ കാത്തുകിടക്കുന്നത്.

സാധാരണ ജനങ്ങളും ജനപ്രതിനിധികളും ദേശീയപാത അതോറിറ്റിയും കലക്ടറും കോടതിയും വരെ ഇടപെട്ടിട്ടും ദുരിതയാത്രയിൽ നിന്നു മോചനമില്ല. കൊച്ചി വരെ എത്തണമെങ്കിൽ വാഹനത്തിന്റെ ക്ലച്ച് ചവിട്ടിച്ചവിട്ടി കാൽ വേദനിക്കും. ഉയരപ്പാത നിർമാണം പൂർത്തിയാകാൻ രണ്ടു വർഷമെങ്കിലുമെടുക്കും. അതുവരെ ഇതു സഹിക്കാനാകില്ലെന്നു ജനം വ്യക്തമാക്കിക്കഴിഞ്ഞു. പ്രതിഷേധ സമരങ്ങളുമായി തദ്ദേശ സ്ഥാപന പ്രതിനിധികൾ ഉൾപ്പെടെ രംഗത്തിറങ്ങിയിട്ടുണ്ട്.

1668.5 കോടി രൂപയ്ക്കാണ് ഉയരപ്പാത നിർമാണക്കരാർ നൽകിയത്. നിർമാണകാലയളവിൽ ജനങ്ങൾക്കു താൽക്കാലിക പാതയുൾപ്പെടെ സൗകര്യം ഒരുക്കുന്നതിന്റെ ചെലവും കൂടി ചേർത്താണു കരാർ നൽകുന്നത്. പക്ഷേ താൽക്കാലിക പാതകൾ ഒരുക്കുന്നതിൽ വീഴ്ച പറ്റിയെന്ന ആരോപണമാണ് ഉയരുന്നത്. താൽക്കാലിക പാത നിർമാണത്തിലും പാതയിൽ വെളിച്ചവും മറ്റും ഒരുക്കുന്നതിലും ഉൾപ്പെടെ ലാഭം കണ്ടെത്താനാണു കരാർ കമ്പനി നോക്കുന്നതെന്നു ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ തന്നെ ആരോപിക്കുന്നു.

റോഡിനു വീതി കുറഞ്ഞു
ബസ് സ്റ്റോപ്പിൽ ബസ് നിർത്തിയാലോ ഒരു വാഹനം ‘യു ടേൺ’ എടുത്താലോ പാതയിൽ ഗതാഗതക്കുരുക്കാകും. നാലുവരിപ്പാതയിൽ ഉയരപ്പാത നിർമാണം തുടങ്ങിയതോടെ വീതി കുറഞ്ഞതാണു കാരണം. പഴയ റോഡിന്റെ പകുതി ഭാഗം ബാരിക്കേഡ് ഉപയോഗിച്ച് അടച്ചാണ് ഉയരപ്പാത നിർമാണം.റോഡിന്റെ വീതി കുറഞ്ഞു ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ പാതയുടെ ഇരുവശത്തും രണ്ടു മീറ്ററോളം വീതിയിൽ മെറ്റിലിട്ടു സഞ്ചാരയോഗ്യമാക്കിയെങ്കിലും മഴയിൽ ചെളിക്കുഴിയായി മാറി.

കാറുകളും ഇരുചക്രവാഹനങ്ങളും കുഴിയിൽ ചാടി അപകടമുണ്ടാകുന്നു. പാതയുടെ കിഴക്കു ഭാഗത്തെ കുഴികൾ അടച്ചെങ്കിലും ഒരു വാഹനത്തിനു കടന്നു പോകാവുന്ന വീതിയിലാണു കോൺക്രീറ്റ് ചെയ്തത്. ഇതുകാരണം ഒരു ബസ് നിർത്തിയിട്ടാൽ പിന്നാലെയെത്തുന്ന വാഹനങ്ങളെല്ലാം നിർത്തിയിടേണ്ട സ്ഥിതിയാണ്.

കാൽനടയാത്ര ദുഷ്കരം
തുറവൂർ–അരൂർ 12.75 കിലോമീറ്ററിൽ ഏകദേശം 3 കിലോമീറ്റർ ഭാഗത്തു മാത്രമാണു കാൽനടയാത്ര സാധ്യം. ബാക്കി ഭാഗത്തു റോഡിന്റെ ഇടതുവശത്തു വെള്ളക്കെട്ടും ചെളിയുമാണ്. തെന്നിവീണുള്ള അപകടങ്ങൾക്കു പുറമേയാണു മലിന ജലത്തിലൂടെ എലിപ്പനി ഉൾപ്പെടെ രോഗങ്ങൾ പടരുന്നതും.

അരൂർ കടക്കണമെങ്കിൽ
രാവിലെയും വൈകിട്ടും തിരക്കേറിയ സമയത്ത് അരൂർ പാലം മുതൽ അരൂക്കുറ്റി റോഡിലേക്കു തിരിയുന്ന ജംക്‌ഷൻ വരെ ഒരു കിലോമീറ്റർ കടന്നുകിട്ടാൻ ഒരു മണിക്കൂർ എടുക്കും. കാരണം ഇവിടെ പാതയുടെ വീതി തീരെ കുറവാണ്. ജംക്‌ഷനുകളിൽ നിന്നു തിരിയുന്ന വാഹനങ്ങളും കടകൾക്കു സമീപത്തെ പാർക്കിങ്ങും കൂടിയാകുമ്പോൾ കുരുക്ക് രൂക്ഷമാകും.താൽക്കാലികപാത സഞ്ചാരയോഗ്യമാക്കിയാലും അരൂരെ ഗതാഗതക്കുരുക്ക് തുടരുമെന്ന് ഓട്ടോഡ്രൈവർ സുനിൽകുമാർ പറഞ്ഞു.

ബസുകൾ ആളെ കയറ്റാൻ നിർത്തുമ്പോഴും അരൂക്കുറ്റി റോഡിൽ നിന്നുള്ള വാഹനങ്ങൾ ദേശീയപാതയിലേക്കു പ്രവേശിക്കുമ്പോഴും ഗതാഗതം കുരുങ്ങും. അരൂർ ജംക്‌ഷനു സമീപം റോഡിന്റെ വീതികൂട്ടാതെ ഇതിനു പരിഹാരമാകില്ലെന്നും സുനിൽകുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com