ADVERTISEMENT

ആലപ്പുഴ∙ പക്ഷിപ്പനി സ്ഥിരീകരിക്കാൻ സംസ്ഥാനത്തു ലാബ് ഇല്ലാത്തതിനാൽ ശാസ്ത്രീയമായ കൊന്നൊടുക്കൽ (കള്ളിങ്) നീണ്ടുപോകുന്നതു രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഇതേപ്പറ്റി പഠിച്ച വിദഗ്ധസംഘം. കേന്ദ്ര അനുമതിയുള്ള ബയോസേഫ്റ്റി ലെവൽ– 3 ലാബ് സംസ്ഥാനത്തു മൃഗസംരക്ഷണ വകുപ്പിനു കീഴിൽ സ്ഥാപിക്കുകയാണ് പോംവഴിയെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗലക്ഷണങ്ങളോടെ പക്ഷികൾ ചത്തു തുടങ്ങിയാൽ സാംപിൾ ശേഖരിച്ച് ആദ്യം തിരുവല്ല മഞ്ഞാടിയിലെ ലാബിലേക്കാണു അയയ്ക്കുന്നത്. ഇവിടെ ഫലം പോസിറ്റീവ് ആണെങ്കിൽ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് അയയ്ക്കും. രോഗബാധ സ്ഥിരീകരിക്കുക ഇവിടെയാണ്. അതിനു ശേഷമേ കള്ളിങ് പ്രഖ്യാപിക്കൂ. ഈ നടപടികൾക്ക് ഒരാഴ്ചയിലേറെ സമയം എടുക്കും. അപ്പോഴേക്കും രോഗം വ്യാപിച്ചിട്ടുണ്ടാകും. കർഷകർ രോഗം മറച്ചുവയ്ക്കുന്നതും വൈറസ് വ്യാപനത്തിനു കാരണമാണ്. ചേർത്തല മേഖലയിൽ ഒരു ഫാമിലെ മുഴുവൻ വളർത്തുപക്ഷികളും ചത്തിട്ടും മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചില്ല.

രോഗം ബാധിച്ച പക്ഷികളുടെ വിൽപന വഴിയും ഇവയെ മറ്റു സ്ഥലങ്ങളിലേക്കു മാറ്റിയതു വഴിയും വൈറസ് പടർന്നിരിക്കാം.ചത്ത പക്ഷികളുടെ അവശിഷ്ടങ്ങളും തീറ്റയും കാഷ്ഠവുമെല്ലാം ശാസ്ത്രീയമായി സംസ്കരിക്കാഞ്ഞതും രോഗവ്യാപനത്തിന് ഇടയാക്കി. അങ്ങനെയാകാം കാക്ക ഉൾപ്പെടെ പക്ഷികളിലേക്കും രോഗം പടർന്നത്. ചേർത്തലയിലെ ഇറച്ചിക്കോഴി ഫാമുകളിൽ രോഗവ്യാപനത്തിനു ബ്രോയ്‌ലർ ഇന്റഗ്രേഷൻ ഫാമുകളും കാരണമായി. അസുഖം ഉണ്ടായ വിവരം മൃഗാശുപത്രികളിൽ അറിയിക്കാൻ വൈകിയതിനാൽ നിയന്ത്രണ നടപടികളും വൈകി.ഇവിടത്തെ സൂപ്പർവൈസർമാരാണു പക്ഷികൾക്കു വാക്സിനേഷനും മരുന്നും നൽകിയിരുന്നത്. ഇവരുടെ വസ്ത്രത്തിലൂടെയും വാഹനത്തിലൂടെയുമാകാം മറ്റു ഫാമുകളിൽ വൈറസ് എത്തിയത്. പക്ഷിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനും 2021ൽ രൂപം നൽകിയ ദേശീയ കർമപദ്ധതി കർശനമായി പാലിക്കണമെന്നു സമിതി നിർദേശിച്ചു.

ഹാച്ചറികളും സുരക്ഷിതമല്ല
ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി, നിരണം താറാവു വളർത്തൽ കേന്ദ്രം, കോട്ടയം മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രം എന്നിവിടങ്ങളിലാണു രോഗബാധയുണ്ടായത്.ഇതിൽ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയും നിരണം താറാവു വളർത്തൽ കേന്ദ്രവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശങ്ങളിലായത് രോഗവ്യാപന സാധ്യത കൂട്ടി. ചെങ്ങന്നൂർ ഹാച്ചറിയിൽ പ്രാവിനും രോഗബാധ കണ്ടെത്തി.വെള്ളത്തിലൂടെയോ രോഗബാധയുള്ള സ്വതന്ത്രമായി പറക്കുന്ന പക്ഷികൾ വഴിയോ ആകാം ഹാച്ചറിയിൽ പക്ഷിപ്പനി വ്യാപിച്ചത്. നിരണത്തു ഹാച്ചറിക്കു സമീപത്തെ തോട്ടിൽ നിന്നുൾപ്പെടെ വെള്ളം ശേഖരിക്കാറുണ്ട്. ഈ വെള്ളത്തിലൂടെ രോഗം വ്യാപിച്ചെന്നാണു കണ്ടെത്തൽ.

മറ്റു നിർദേശങ്ങൾ
∙ കോഴി, താറാവ്എന്നിവയുടെ സ്വകാര്യ ഫാമുകൾ ഗവ. മൃഗാശുപത്രികളിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണം. തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസും നിർബന്ധമാക്കണം.
∙ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന മുട്ടകളിലും പക്ഷിക്കുഞ്ഞുങ്ങളിലും പക്ഷിപ്പനി വൈറസ് ഉണ്ടോയെന്നു പരിശോധന വേണം
∙ ദേശാടന പക്ഷികളുടെയും മറ്റും സഞ്ചാരപഥം നിരീക്ഷിക്കുകയും സാംപിളുകൾ ശേഖരിച്ചു പരിശോധിക്കുകയും വേണം.
∙തദ്ദേശഭരണം, മൃഗസംരക്ഷണം, ആരോഗ്യം, റവന്യു, ആഭ്യന്തരം, വനം വന്യജീവി വകുപ്പുകളെ ഏകോപിപ്പിച്ച് ഏകാരോഗ്യ സമിതികൾ പഞ്ചായത്ത്തലത്തിൽ രൂപീകരിക്കണം.
∙ കോഴി മാലിന്യം ഭക്ഷണമായി നൽകുന്നതിനാൽ പന്നി ഫാമുകളിൽ കർശന നിരീക്ഷണവും പരിശോധനയും ..
∙ എല്ലാ ജില്ലകളിൽ നിന്നും 3 മാസത്തിലൊരിക്കൽ സാംപിൾ ശേഖരിച്ചു പരിശോധന നടത്തണം.
∙ ചെക്ക് പോസ്റ്റുകളിൽ ശക്തമായ നിരീക്ഷണവും ജൈവസുരക്ഷ പരിശോധനയും വേണം.
∙ കോഴിക്കർഷകരിലും ദ്രുതകർമസേന അംഗങ്ങളിലും ആരോഗ്യ പരിശോധന ഉറപ്പാക്കണം
∙ ബ്രോയ്‌ലർ ഇന്റഗ്രേഷൻ ഫാം നടത്തിപ്പിന് മൃഗാശുപത്രികളിൽ റജിസ്ട്രേഷൻ ഉൾപ്പെടെ മാർഗനിർദേശങ്ങൾ തയാറാക്കണം. 
∙ ഓരോ 4 മാസം കൂടുമ്പോഴും കോഴി വളർത്തൽ കേന്ദ്രങ്ങളിൽ നിർബന്ധിത ബയോ സുരക്ഷാ ഓഡിറ്റിങ് വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com