ADVERTISEMENT

ആലപ്പുഴ∙ ഇരമത്തൂർ സ്വദേശി കല കൊല്ലപ്പെട്ടതാണെന്നു 15 വർഷം മുൻപേ പലർക്കും അറിയാമായിരുന്നെന്നു വീണ്ടും വീണ്ടും വെളിപ്പെടുത്തലുകൾ. പക്ഷേ, നാട്ടിലെ സംസാരമൊന്നും ഇത്രകാലവും പൊലീസിന്റെ ചെവിയിലെത്താത്ത ‘രഹസ്യ’മായിരുന്നു. ഇപ്പോൾ ഒരു ഊമക്കത്തു കിട്ടിയപ്പോഴാണു പൊലീസ് അറിഞ്ഞത്. അന്വേഷണം തുടങ്ങിയത് അമ്പലപ്പുഴ പൊലീസും.നേരത്തെ അറിവുണ്ടായിരുന്ന പലരും ഭയം കാരണമാണ് ഇതുവരെ വെളിപ്പെടുത്താഞ്ഞതെന്നാണു പൊലീസ് പറയുന്നത്.

നാട്ടിൽ ഇത്രയേറെ പ്രചരിച്ച വിവരങ്ങൾ 15 വർഷത്തിനിടെ ഒരിക്കൽ പോലും പൊലീസിന്റെ ശ്രദ്ധയിലെത്തിയില്ല എന്നതു വിചിത്രമാണ്. സംഭവം നേരിട്ടറിഞ്ഞ ചിലരിൽ നിന്നു രഹസ്യം ചോർന്നെന്നും പ്രദേശത്തു പലരും അറിഞ്ഞെന്നുമുള്ള സംസാരം നാട്ടിലുണ്ട്. എന്നിട്ടും പൊലീസിന് ഒരു സൂചനയും ലഭിച്ചില്ലെങ്കിൽ അതു വലിയ വീഴ്ചയാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കു സംഭവത്തെപ്പറ്റി അറിയാമെന്നാണു പൊലീസ് കരുതുന്നത്. ഇവരിൽ ചിലരോടു പൊലീസ് സംസാരിച്ചിരുന്നു.

കണ്ടവരേറെ
15 വർഷം മുൻപു രാത്രിയിൽ കലയുടെ മൃതദേഹവുമായി പ്രതികളെ കാറിൽ കണ്ടെന്നു കഴിഞ്ഞ ദിവസം ഇരമത്തൂർ സ്വദേശി സോമൻ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം നേരത്തെ പൊലീസിനോടും പറഞ്ഞെന്നാണു സോമൻ അറിയിച്ചത്. അതു പൊലീസും ശരിവയ്ക്കുന്നു. സുരേഷ് കുമാർ എന്നയാൾ മൃതദേഹം മറവു ചെയ്യാൻ സഹായം ചോദിച്ചെന്നായിരുന്നു സോമന്റെ തുറന്നുപറച്ചിൽ. കുട്ടംപേരൂർ മുട്ടേൽ പാലത്തിനു സമീപം കലയുടെ മൃതദേഹം കുഴിച്ചിട്ടെന്നു സുരേഷ് കുമാർ തന്നോടു പറഞ്ഞതായി എസ്എൻഡിപി യോഗം മുൻ ഭാരവാഹി വി.മുരളീധരൻ പൊലീസിനോടു പറഞ്ഞിരുന്നു.

ആ വഴിക്കുള്ള അന്വേഷണം പൊലീസ് നടത്തിയതായി സൂചനയില്ല. മൃതദേഹം കാറിൽ കണ്ടെന്നും മറവു ചെയ്യാൻ അനിൽ സഹായം തേടിയെന്നും പൊലീസിനെ അറിയിച്ച സുരേഷ് കുമാറാണ് ഇപ്പോൾ കേസിലെ പരാതിക്കാരൻ.  കലയുടെ ബന്ധു എന്നാണു പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) പറയുന്നത്. എന്നാൽ, സുരേഷ് അനിലിന്റെ ബന്ധുവാണെന്നാണു നാട്ടുകാർ പറയുന്നത്.പൊലീസ് പിടികൂടിയ ശേഷം വിട്ടയച്ച മറ്റൊരാളിനും സംഭവം അറിയാമായിരുന്നെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇരുവരെയും പ്രതികളാക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യം നാട്ടുകാർ ഉന്നയിക്കുന്നു. എന്നാൽ, കേസിൽ സാക്ഷികളെ വേണ്ടിവരും എന്നതിനാലാണ് ഇവരെ ഒഴിവാക്കിയത് എന്നാണ് അറിയുന്നത്. അതേസമയം, ഇവർ പൊലീസിനു നൽകിയ മൊഴി രേഖപ്പെടുത്തിയിട്ടുള്ളതിനാൽ മാറ്റിപ്പറയാൻ പ്രയാസമാകുമെന്നാണു പൊലീസിന്റെ വിശ്വാസം.

പ്രതികളുടെ കസ്റ്റഡി 3 ദിവസത്തേക്കു നീട്ടി
മാന്നാർ ∙ 15 വർഷം മുൻപു കാണാതായ മാന്നാർ ഇരമത്തൂർ സ്വദേശിനി കല കൊല്ലപ്പെട്ടെന്ന കേസിൽ പിടിയിലായ 3 പ്രതികളുടെയും കസ്റ്റഡി 3 ദിവസത്തേക്കു നീട്ടി. 6 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനാൽ പൊലീസ് കൂടുതൽ സമയം ചോദിച്ചപ്പോഴാണു മാവേലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ജെഫിൻ രാജ് 11 വരെ സമയം അനുവദിച്ചത്.2 മുതൽ 4 വരെ പ്രതികളായ ജിനു, സോമരാജൻ, പ്രമോദ് എന്നിവരെ ഇന്നലെ വൈകിട്ടു മാവേലിക്കര കോടതിയിൽ എത്തിച്ചിരുന്നു. ചെങ്ങന്നൂർ മജിസ്ട്രേട്ട് അവധിയായതിനാലാണു മാവേലിക്കര കോടതിയിൽ ഹാജരാക്കിയത്.പ്രതികൾ 6 ദിവസം കസ്റ്റഡിയിലുണ്ടായിട്ടും തെളിവു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രതികളെ വെവ്വേറെ പൊലീസ് സ്റ്റേഷനുകളിൽ ചോദ്യം ചെയ്യാനാണു പൊലീസ് നീക്കം. ഇവരെ മാന്നാർ, മാവേലിക്കര, ചെങ്ങന്നൂർ സ്റ്റേഷനുകളിലായി മാറ്റി. പ്രതികൾ ചോദ്യം ചെയ്യലിനോടു സഹരിക്കുന്നില്ലെന്നും പൊലീസ് സൂചിപ്പിച്ചു. തെറ്റായ വിവരങ്ങൾ നൽകുന്നെന്ന സംശയവുമുണ്ട്. പ്രതികളെ കൂട്ടിയുള്ള തെളിവെടുപ്പ് ഇതുവരെ നടന്നിട്ടില്ല.

ഒന്നാം പ്രതിക്കായി റെഡ് കോർണർ നോട്ടിസ്
ഒന്നാം പ്രതിയും കലയുടെ ഭർത്താവുമായ അനിലിനെ ഇസ്രയേലിൽ നിന്നു നാട്ടിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായി റെഡ് കോർണർ തിരച്ചിൽ നോട്ടിസായി. ആദ്യം ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നടപടികൾ വേഗം പൂർത്തിയാക്കി അനിലിനെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com