കൊതുകു നശീകരണം പേരിനു മാത്രം; ഒരാഴ്ചയ്ക്കിടെ 4457 പേർക്കു പനി, 47 പേർക്ക് ഡെങ്കിപ്പനി, 21 പേർക്ക് എച്ച്1എൻ1
Mail This Article
ആലപ്പുഴ∙ ഇടവിട്ടു പെയ്യുന്ന മഴയിൽ ജില്ലയിൽ പകർച്ചപ്പനി പടരുമ്പോൾ കൊതുകിന്റെ ഉറവിട നശീകരണം പേരിനു മാത്രം. ഡെങ്കിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ മാത്രമാണ് നിലവിൽ കൊതുകിനെ തുരത്താനുള്ള മരുന്നു തളിക്കലും ഫോഗിങ്ങും നടക്കുന്നത്.ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് പ്രവർത്തിക്കുന്ന ചേർത്തല നഗരസഭയിൽ പോലും എല്ലാ വാർഡുകളിലും ഫോഗിങ് ആരംഭിച്ചിട്ടില്ല. ഒരാഴ്ചയ്ക്കിടെ 4457 പേരാണ് പനി ബാധിച്ചു വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 47 പേർക്ക് ഡെങ്കിപ്പനിയും 21 പേർക്ക് എച്ച്1 എൻ 1 പനിയും സ്ഥിരീകരിച്ചു. ജില്ലയിലെ വെക്ടർ കൺട്രോൾ യൂണിറ്റുകളുടെയും ബ്ലോക്ക് തലത്തിൽ സിഎച്ച്‌സികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് കൊതുകുനശീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. എന്നാൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ മാത്രമാണ് നിലവിൽ ഫോഗിങ് നടക്കുന്നത്. ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്തെ ഓടകളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ കൊതുകുകൾ പെരുകുന്നു. ഇത്തരം സ്ഥലങ്ങളിൽ കൊതുകിന്റെ ലാർവകളെ നശിപ്പിക്കുന്ന അബേറ്റ് എന്ന രാസവസ്തു ഇടുകയാണു ആരോഗ്യവകുപ്പ് ചെയ്യുന്നത്.
എന്നാൽ ഇടവിട്ടു മഴ പെയ്യുന്നതിനാൽ ഇതു ഫലപ്രദമാകുന്നില്ല.ഡെങ്കിപ്പനി സ്ഥിരീകരിച്ച ശേഷം മാത്രം ഫോഗിങ് നടത്തുന്നതിനു പകരം കൊതുകു വളരുന്ന സ്ഥലങ്ങളില്ലെല്ലാം മരുന്നു തളിക്കലും ഫോഗിങ്ങും നടത്തമെന്നാണു ജനങ്ങളുടെ ആവശ്യം.ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റുകളുടെ നേതൃത്വത്തിൽ കൊതുകു പെരുകുന്ന സ്ഥലങ്ങൾ കണ്ടെത്തി ഫോഗിങ് നടത്തുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങൾക്കു മുൻഗണന നൽകുന്നതിനാൽ മറ്റു സ്ഥലങ്ങളിൽ ഫോഗിങ് കൃത്യമായി നടത്താനാകുന്നില്ലെന്നു തദ്ദേശ സ്ഥാപനങ്ങൾ പറയുന്നു. ജനകീയ പങ്കാളിത്തത്തോടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുന്ന ‘ഈഡിസിന് ഇടമില്ല’ എന്ന ക്യാംപെയ്ൻ കഴിഞ്ഞ ദിവസം ജില്ലയിൽ തുടങ്ങിയിട്ടുണ്ട്.