ADVERTISEMENT

‌ആലപ്പുഴ∙ സിനിമയിലെ പല രംഗങ്ങളും മികച്ചതാക്കിയത് തന്നിലെ ആലപ്പുഴക്കാരനെന്ന് സിനിമാതാരം കുഞ്ചാക്കോ ബോബൻ. 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്റെ മുത്തച്ഛൻ കുട്ടനാട്ടുകാരനാണ്. സിബി മലയിൽ സംവിധാനം ചെയ്ത ‘ജലോത്സവം’ ചിത്രീകരിക്കുമ്പോഴാണ് ആദ്യമായി ചുണ്ടൻ വള്ളത്തിൽ കയറുന്നത്. വള്ളത്തിന്റെ അമരത്തു നിന്ന് അണിയം വരെ മരപ്പടിയിലൂടെ ഓടുന്ന രംഗമുണ്ടായിരുന്നു.

nehru-trophy-boat-race-2024

ആലപ്പുഴക്കാരൻ എന്ന ആവേശത്തിൽ വള്ളത്തിലൂടെ ഓടി. ഈ രംഗം ഭംഗിയായി ചിത്രീകരിക്കുകയും ചെയ്തു. ആ ആവേശത്തിന്റെ അപകടം പിന്നീടാണ് മനസ്സിലായത്. ‘പുള്ളിപ്പുലിയും ആട്ടിൻകുട്ടികളു‌ം’ അടക്കം പിന്നീടും ഒട്ടേറെ സിനിമകളിൽ കുട്ടനാടൻ പശ്ചാത്തലത്തിൽ പല രംഗങ്ങളിലും അഭിനയിച്ചു. കുട്ടനാട്ടുകാരന്റെ രക്തം ഉള്ളിലുള്ളതു കൊണ്ടാകണം ഈ രംഗങ്ങൾ മികച്ചതാക്കാനായത്. കേരളത്തിന് ലോകത്തിനു മുന്നിൽ അഭിമാനപൂർവം പ്രദർശിപ്പിക്കാവുന്ന ഉത്സവമാണ് നെഹ്‌റു ട്രോഫി വള്ളംകളിയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേർന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. എഡിഎം വിനോദ് രാജ് അധ്യക്ഷത വഹിച്ചു. 

മത്സര വിജയി ആദ്യമായി വനിത
കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. പത്തനംതിട്ട റാന്നി സ്വദേശി കെ.വി ബിജിമോളാണ് ലോഗോ തയാറാക്കിയത്. ഗ്രാഫിക് ഡിസൈനറാണ് ബിജിമോൾ. ആദ്യമായാണ് ഒരു വനിത വിജയിയായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച 212 എൻട്രികളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മാവേലിക്കര രാജാരവിവർമ കോളജ് ഓഫ് ഫൈൻ ആർട്‌സ് അധ്യാപകരായ വി.ജെ റോബർട്ട്, വി.ഡി. ബിനോയ്, ആർട്ടിസ്റ്റ് വിമൽ റോയ് എന്നിവർ അടങ്ങുന്ന പാനലാണ് ഭാഗ്യ ചിഹ്നം തിരഞ്ഞെടുത്തത്.

1) കെ.വി ബിജിമോൾ. 2)ഈ വർഷത്തെ നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നം.
1) കെ.വി ബിജിമോൾ. 2)ഈ വർഷത്തെ നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നം.

എൻടിബിആർ സൊസൈറ്റി സെക്രട്ടറിയായ സബ് കലക്ടർ സമീർ കിഷൻ, നഗരസഭ സ്ഥിര സമിതി അധ്യക്ഷൻ നസീർ പുന്നയ്ക്കൽ, കൗൺസിലർ സിമി ഷാഫി ഖാൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.എസ്. സുമേഷ്, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ എം.സി സജീവ് കുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ സൗമ്യ ചന്ദ്രൻ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ എ.കബീർ, കെ.നാസർ, എബി തോമസ്, റോയ് പാലത്ര, രമേശൻ ചെമ്മാപറമ്പിൽ, പ്രസ് ക്ലബ് പ്രസിഡന്റ് എസ്.സജിത്ത്, എസ്.എ.അബ്ദുൽ സലാം ലബ്ബ, ഹരികുമാർ വാലേത്ത് എന്നിവർ പ്രസംഗിച്ചു.

വള്ളങ്ങളുടെ റജിസ്ട്രേഷൻ ഇന്ന് തുടങ്ങും
ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കാനുള്ള വള്ളങ്ങളുടെ റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 20 വരെ നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റി സെക്രട്ടറി കൂടിയായ സബ് കലക്ടറുടെ കാര്യാലയത്തിൽ വച്ചാണു വള്ളങ്ങളുടെ റജിസ്ട്രേഷൻ നടക്കുക. തുടർന്നു ക്യാപ്റ്റൻസ് ക്ലിനിക് 26നു രാവിലെ 9നു വൈഎംസിഎ ഹാളിൽ കലക്ടർ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 10നാണു നെഹ്റു ട്രോഫി വള്ളംകളി.ഈ വർഷം വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന ക്ലബ്ബുകൾക്കുള്ള ബോണസ്, വള്ളം ഉടമകൾക്കുള്ള മെയ്ന്റനൻസ് ഗ്രാന്റ് എന്നിവ 10% വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും 10% വീതം വർധിപ്പിച്ചിരുന്നു.


ടിക്കറ്റ് വിൽപന തുടങ്ങുന്നു

വള്ളംകളിയുടെ ടിക്കറ്റ് വിൽപന നാളെ ആരംഭിച്ചേക്കും. പ്രിന്റ് ചെയ്ത ടിക്കറ്റുകളിൽ ഹോളോഗ്രാം പതിപ്പിക്കൽ പുരോഗമിക്കുകയാണ്. ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള 10 ജില്ലകളിലെ സർക്കാർ സ്ഥാപനങ്ങളിലൂടെയാണു ടിക്കറ്റ് വിൽക്കുക. കെഎസ്ആർടിസി ബജറ്റ് ടൂറിസം ട്രിപ്പുകളും ക്രമീകരിക്കുന്നുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയിലൂടെ ഓൺലൈൻ ടിക്കറ്റ് വിൽപന അടുത്തയാഴ്ച തുടങ്ങും.

English Summary:

Neelaponman: The Lucky Charm of the 70th Nehru Trophy Boat Race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com